രചന : നിസാർ റഹിം ✍
മതിലിനു മുകളിൽ ആരവം കേട്ടു!
വെടിയൊച്ച ശബ്ദം മുറ്റത്തും കേട്ടു!
സൈക്കിൾമണിയൊച്ച മുഴങ്ങുംപിറകേ
ചിറകു വച്ചൊരു പത്രമാണ്.
ചുറ്റുമതിലിൻ മേലേക്കൂടെ
പറന്നെത്തിയ പത്രമാണ്.
മതിലിനു മുകളിൽ ആരവം കേട്ടു
വെടിയൊച്ച ശബ്ദം മുറ്റത്തും കേട്ടു.
മഞ്ഞുകണങ്ങൾ പൊഴിഞ്ഞു വീണു
പക്ഷിക്കൂട്ടങ്ങൾ ഓടിയൊളിച്ചു.
വീട്ടിൽ കയറാൻ ഊഴവും കാത്ത്
മുറ്റത്തെ മഞ്ഞിൽ ആലസ്യം പൂണ്ടു.
അനുവാദമായി അകത്തുകടന്നു
ഓടിക്കയറി പൂമുഖത്തെത്തി.
അവിടന്നുപാഞ്ഞു അടുക്കളപൂകി
തിരിച്ചു വന്നു പ്രയാണമായി.
ഇടയ്ക്കൊരുവട്ടം മുകളിലും കയറി
കയ്യൊപ്പ് ചാർത്തി തിരിച്ചിറങ്ങി.
പാവം പൂണ്ടൊരു നിർദോഷിയാണ്
സത്യവും ധർമ്മവും നീതിയുമുണ്ടതിൽ.
കശ്മലന്മാരതിൽ വിഷം മെനഞ്ഞു
ആശാന്തിനിറയ്ക്കും നാട്ടിനെയാകെ
നഞ്ചുകലക്കും നാശത്തിലാഴ്ത്തും
വിജയങ്ങളൊക്കെ ദൂരെ ദൂരെ.
നെഞ്ചുകലങ്ങിയ മുത്തച്ഛന്മാരവർ
ഊന്നുവടിയിൽ ബലംപിടിച്ചു.
ഹൃദയം നുറുങ്ങിയ മുത്തശ്ശിമാരവർ
ദൈവചിന്തയിൽ ആശ്വാസം തേടി.
നശിക്കാനായിട്ട് ശട്ടംകെട്ടിയോരിവർ!
ആത്മഗതം കൂടി നെടുവീർപ്പിട്ടു.
മരുമോളെഓടിക്കാൻ സൂത്രംമെനഞ്ഞു
അമ്മായിയെചാടിക്കാൻ കൗശലംതേടി.
പാവംമകനവർ വട്ടത്തിൽക്കറങ്ങി
അച്ഛനിടപെട്ടു പുലിവാലിലായി.
നെഞ്ചുപിടയും വാർത്തകളറിഞ്ഞു
നെഞ്ചുപിടഞ്ഞോരും കൂട്ടത്തിലുണ്ട്.
പൈങ്കിളി ശിങ്കിളി കഥകളറിഞ്ഞു
മനം നൊന്തോരും കൂട്ടിനായുണ്ട്.
പറക്കുംതളികപോൽ വന്നെത്തും
പത്രത്തെ, പിറ്റന്നതിനെ കണ്ടില്ല.
നാട്ടിലൊരിടം കത്തിപ്പോയെന്നു
നാട്ടിലെങ്ങും വാർത്ത പരന്നു.
കൂടെയെത്തി ബന്തെന്നവർത്ത
നാട്ടിലിന്നൊന്നും ചലിക്കില്ലാന്ന്.
കെട്ടവരൊക്കെ വാർത്ത പരത്തി
കയ്യുംകെട്ടിയിരുപ്പായി നാട്ടാർ.
പാവം മനുഷ്യന്റെ ചെയ്തികൾ കണ്ട്
പക്ഷിക്കൂട്ടങ്ങൾ ഊറിചിരിച്ചു.
പഠിപ്പും വിവരോം ഉള്ളവരോയിവർ
അടക്കം പറഞ്ഞവർ കിന്നാരമോദി.
പറന്നകന്ന പക്ഷിക്കൂട്ടങ്ങൾ
അന്നംതേടിയലഞ്ഞു തിരിഞ്ഞു.
വയറു നിറച്ചു മനം നിറച്ചു
കൂട്ടം പിരിഞ്ഞവർ തിരിച്ചു പറന്നു.
മാനവരോ? നാടറിയാത്ത നാട്ടുകാരായി
നാടിന്റെ സ്പന്ദനം അറിയാതെ പോയി.
കുഴിച്ച കുഴിയിൽ സ്വയംകുടുങ്ങി
കാണാകയത്തിൽ സ്വയമൊടുങ്ങി.
കിഴക്കൊരു സൂര്യൻ വീണ്ടുമുദിച്ചു
പുതിയൊരു പുലരി പൊട്ടിവിടർന്നു.
എവിടെത്തെരയാം വിജയത്തിൻമന്ത്രം?
പറവതൻചെയ്തികൾ നോക്കിപഠിക്കാം!
മതിലിനു മുകളിൽ ആരവം കേട്ടു
വെടിയൊച്ച ശബ്ദം മുറ്റത്തും കേട്ടു.