പാടവരമ്പിലൂടെ നടക്കുകയായിരുന്നു അനന്തൻ…കൂട്ടുകാരനായ രാജീവിന്റെ വീട് പാടത്തിനക്കരെയാണ്…
. സൗദി അറേബ്യ യിൽ ആയിരുന്നു കഴിഞ്ഞ അഞ്ചു വർഷങ്ങളായി
ഇപ്പോൾ നാട്ടിലെത്തിയിട്ട് രണ്ടു ദിവസങ്ങൾ ആയിട്ടേയുള്ളു…
വന്ന ഉടനെ ഗംഗയെയാണ് അന്വേഷിച്ചത്….. അമ്മ നേരത്തെ പറഞ്ഞിരുന്നു .. അവർ അവിടെ നിന്നും പോയെന്ന് .. കുടുംബ വീട്ടിലായിരുന്നു ഗംഗയൊക്കെ താമസിച്ചിരുന്നത്…അവിടെ ഒടുവിൽ കുടുംബാംഗങ്ങൾ തമ്മിൽ സ്വത്തു തർക്കമായി ഒടുവിൽ ഭാഗം വയ്പ്പ് നടന്നപ്പോൾ തങ്ങളുടെ വിഹിതം വിറ്റിട്ടു അവർ ഏറെ വിഷമത്തോടെ അവിടെ നിന്നും പോയി.. എവിടെ ആണ് അവർ പോയതെന്ന് അയൽക്കാരോട് പോലും പറഞ്ഞില്ല….
ഗംഗയോടൊപ്പം പാടവരമ്പിലൂടെ സ്കൂളിലേക്ക് പോകുന്നതൊക്കെ പെട്ടെന്ന് ഓർമ്മ വന്നു….. പിന്നിൽ കുപ്പിവളകളുടെ കിലുക്കം… അവൻ തിരിഞ്ഞു നോക്കി… ആരുമുണ്ടായിരുന്നില്ല… ഇടയ്ക്കിടയ്ക്ക് ഇങ്ങനെ തോന്നാറുണ്ട് അനന്തന്… ഗംഗയെ ഓർക്കുമ്പോഴൊക്കെ….
..
എന്തു രസമായിരുന്നു തങ്ങളുടെ കുട്ടിക്കാലമെന്നു അനന്തൻ ഒരു നെടുവീർപ്പോടെ ഓർത്തു… താനും ഗംഗയും പിന്നെ അയൽവക്കത്തൊക്കെയുള്ള ഒരുപാട് കൂട്ടുകാരും ഉണ്ടാകും… അവധി ദിവസങ്ങളിലൊക്കെ വിവിധ തരം കളികളിൽ ഏർപ്പെടും..ചിലരുടെ ഒക്കെ വീട്ടിൽ ആടുകളും പശുക്കളും ഒക്കെ ഉണ്ടാകും അവയെയും കൊണ്ട് രാവിലെ ഇറങ്ങും.. അവയെ മേയാൻ വിട്ടിട്ട് , വലിയ പാട ശേഖരത്തോട് ചേർന്നു ചെറിയ ഒരു തോടുണ്ട്..അവിടെ നിന്നും ചെറിയ മീനുകളെ തോർത്ത്‌ ഉപയോഗിച്ച് പിടിച്ചു ചെറിയ കുപ്പികളിലാക്കും…
കൊയ്ത്തുകാലം കഴിഞ്ഞിട്ടുണ്ടെങ്കിൽ നെൽവയലൊക്കെ ഉണങ്ങി വരണ്ടു കിടപ്പുണ്ടാകും.. ആൺകുട്ടികൾ അവിടെ ക്രിക്കറ്റ് കളിക്കാനിറങ്ങും.. അതും നോക്കി പെൺകുട്ടികൾ എല്ലാം ഒരു ഓരത്തിരുപ്പുണ്ടാകും..
ചില ദിവസങ്ങളിൽ പട്ടം പറത്തൽ ആയിരിക്കും.. അവിടെ ഒരു ഉയർന്ന സ്ഥലത്ത് പോയിട്ടാകും പട്ടം പറത്തുക…..
അങ്ങനെ കേളികളാടി നടന്ന ആ കാലത്തിലെപ്പോഴോ അനന്തനു ഗംഗയോട് ഒരു കൗതുകം തോന്നി… വിടർന്ന മിഴികളും ചുരുണ്ടു നീണ്ട തലമുടിയും കുസൃതികളും കുറുമ്പുമൊക്കെയായി ഗംഗ അനന്തന്റെ മനസ്സിൽ നിറഞ്ഞു നിന്നു…
ആദ്യമൊക്കെ ഒരു കൗതുകമായിരുന്നെങ്കിലും പത്താം ക്ലാസ്സ്‌ ഒക്കെ ആയപ്പോഴേക്കും അത് പ്രണയമായി….
പക്ഷെ ഒരിക്കൽ പ്പോലും ഗംഗയോട് അത് തുറന്നുപറയാൻ അവനു കഴിഞ്ഞില്ല..
സ്കൂൾ തലം കഴിഞ്ഞു കോളേജിൽ എത്തിയപ്പോൾ ഒരു നാൾ രണ്ടും കൽപ്പിച്ചു അനന്തൻ ഗംഗയോട് തന്റെ ഇഷ്ടം അറിയിച്ചു… അവൾക്കു എതിർപ്പ് ഒന്നുമുണ്ടായില്ല… പക്ഷെ ഇതറിയുമ്പോൾ വീട്ടുകാരുടെ പ്രതികരണം എന്തായിരിക്കുമെന്ന് അവൾക്കു നല്ല നിശ്ചയം ഉണ്ടായിരുന്നു…
ഒരിക്കലും അനന്തന്റെ വീട്ടുകാർ ഇത് അംഗീകരിക്കില്ല.. സമ്പത്തിന്റെയും തറവാട്ടു മഹിമയുടെയും കാര്യത്തിൽ അനന്തന്റെ വീട്ടുകാർ ഏറെ മുന്നിലായിരുന്നു…
അനന്തനു ഒരു കുലുക്കവുമുണ്ടായിരുന്നില്ല…പഠിത്തമൊക്കെ കഴിഞ്ഞു ഒരു ജോലി നേടിയിട്ടു ഗംഗയുടെ വീട്ടിൽ പ്പോയി അവളെ പെണ്ണ് ചോദിക്കണം…..
അങ്ങനെ പഠിപ്പ് കഴിഞ്ഞപ്പോൾ അനന്തൻ ജോലിക്കായി വിദേശത്തേക്ക് പോയി… ഗംഗയെ പിരിയാൻ ഒരുപാട് വിഷമം ഉണ്ടായിരുന്നു.. എന്നാലും തങ്ങളുടെ നല്ലതിന് വേണ്ടിയാണല്ലോ എന്നോർത്തു എല്ലാം സഹിച്ചു…
മൊബൈൽ ഫോണില്ലാത്ത കാലമായിരുന്നു
അന്നൊക്കെ അവളുടെ കത്തുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു… രണ്ടു വർഷം കഴിഞ്ഞപ്പോൾ രണ്ടു മാസത്തെ അവധിക്കു താൻ നാട്ടിൽ വന്നു.. അപ്പോൾ ഗംഗ അവളുടെ അച്ഛന്റെ നാട്ടിലായിരുന്നു…… കൊല്ലത്തു നിന്നും തൃശൂർ വരെ പോയി അവളെ കാണാൻ.. അന്നൊരുപാട് സങ്കടത്തോടെയാണ് പിരിഞ്ഞത്…
താൻ തിരിച്ചു സൗദിയിൽ വന്നിട്ട് രണ്ടു മാസം വരെ ഗംഗയുമായി കോൺടാക്ട് ഉണ്ടായിരുന്നു… പിന്നീട് അവളുടെ കത്തുകൾ വരാതെയായി… എന്തുകൊണ്ടാണെന്നു അവനു തീരെ മനസ്സിലായില്ല…. അമ്മയോട് ചോദിക്കാനും മടി.. കൂട്ടുകാരോടൊക്കെ ചോദിച്ചപ്പോൾ അവർക്കു ഒന്നുമറിയില്ല എന്നായിരുന്നു പറഞ്ഞിരുന്നത്.. ആ സമയത്താണ് അമ്മ പറഞ്ഞത് അവർ വീട് മാറിപ്പോയെന്ന്…..
കണ്ണടയ്ക്കുമ്പോഴൊക്കെ അവളുടെ മുഖം തെളിഞ്ഞു വന്നു… അവൾ നേരത്തെ അയച്ചിരുന്ന കത്തുകളൊക്കെ ഇടയ്ക്ക് എടുത്തു വായിക്കും.. ജോലി സ്ഥലത്തെ പ്രവർത്തികളൊക്കെ യാന്ത്രികമായിരുന്നു.. അങ്ങനെ മൂന്നുവർഷത്തോളം എങ്ങനെ ഒക്കെയോ പിടിച്ചു നിന്നു… ഒടുവിൽ ഗൾഫ് ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി…
പഴയ കാര്യങ്ങളൊക്കെ ആലോചിച്ചു രാജീവിന്റെ വീട്ടിലെത്തിയതറിഞ്ഞില്ല..
വിളിച്ചറിയിച്ചത് കൊണ്ട് രാജീവ്‌ മുൻവശത്തു തന്നെ ഉണ്ടായിരുന്നു..ഏറെ നാളിനു ശേഷം ആണ് കൂട്ടുകാർ തമ്മിൽ കാണുന്നത്… അവൻ ഓടിവന്നു അനന്തനെ കെട്ടിപ്പിടിച്ചു…
അവന്റെ അമ്മയും പെങ്ങളുമൊക്കെ അവിടെ ഉണ്ടായിരുന്നു.. അവരൊക്കെ സ്നേഹത്തോടെ അവനെ സ്വീകരിച്ചു…
ചായകുടിയൊക്കെ കഴിഞ്ഞു… അനന്തനും രാജീവും പുറത്തേക്കു പോവാൻ തയ്യാറായി ഇറങ്ങി… വിളിച്ചപ്പോൾ രാജീവിനോട് പറഞ്ഞിരുന്നു… ഗംഗയെ അന്വേഷിച്ചു പോകണമെന്ന്…
കാറിന്റെ സമീപം എത്തിയപ്പോൾ രാജീവ്‌ ഡ്രൈവിംഗ് സീറ്റിലേക്കു കയറി… പിന്നീട് അവർ സംസാരിച്ചതൊക്കെ ഗംഗയെ കുറിച്ചാണ്..
“അവൾക്കു ഇവിടം വിട്ടു പോകാൻ ഒരുപാട് വിഷമം ഉണ്ടായിരുന്നു…അവരുടെ വീട്ടിൽ എന്തൊക്കെയോ
വലിയ പ്രശ്നങ്ങൾ നടന്നു… അവസാനം എന്നെ കണ്ടപ്പോൾ നിന്നെക്കുറിച്ചു ചോദിച്ചിരുന്നു.”
രാജീവ്‌ വിഷമത്തോടെ പറഞ്ഞു
“ഡാ നമ്മുടെ ശ്രീകുമാർ ഇപ്പോൾ എവിടെയാ… അവന്റെ പഴയ നമ്പർ മാറിയെന്നു തോന്നുന്നു.. ഞാൻ നാട്ടിൽ വന്നിട്ടു വിളിച്ചിട്ടും കിട്ടിയില്ല …”
” ഒരു വിവരവും ഇല്ലടാ.. അവൻ ടൗണിൽ എവിടെയോ ആണെന്നറിയാം.. നമുക്ക് അവന്റെ നമ്പർ തപ്പിയെടുക്കാം… ” രാജീവ്‌ പറഞ്ഞു…
ശ്രീകുമാർ ഗംഗയുടെ ഒരു അകന്ന ബന്ധുവാണ്.. അനന്തനും ശ്രീകുമാറും രാജീവും ഒന്നിച്ചായിരുന കോളേജിൽ… തന്റെയും ഗംഗയുടെയും അടുപ്പം അവനറിയില്ല.. അവനോട് ചോദിച്ചാൽ അറിയാൻ കഴിഞ്ഞേക്കും ഗംഗ എവിടെയാണെന്ന്…
“ഞാൻ വിഷ്ണുവിനോട് ചോദിക്കാം നമ്പർ അവന്റെ കയ്യിൽ ഉണ്ടാവും…”
രാജീവ്‌ പറഞ്ഞു… അവൻ ഉടനെ തന്റെ അവന്റെ കൂട്ടുകാരനായ വിഷ്ണുവിനെ വിളിച്ചു.. വിഷ്ണു നമ്പർ മാത്രമല്ല.. ശ്രീകുമാറിന്റെ താമസസ്ഥലവും പറഞ്ഞു കൊടുത്തു… ശ്രീകുമാർ നാട്ടിൽ നിന്നും പോയിട്ട് കുറെയേറെ വർഷങ്ങളായി.. ഇപ്പോൾ ടൗണിൽ പൊലീസ് ഓഫീസർ ആണ് ശ്രീകുമാർ…
കാറിലിരുന്നു തന്നെ അനന്തൻ ശ്രീകുമാറിനെ വിളിച്ചു.. തങ്ങൾ അങ്ങോട്ട് വരികയാണെന്ന് പറഞ്ഞു.. അവനും സന്തോഷം ആയി…
” ഞാൻ ഡ്യൂട്ടി യിൽ ആണ്…വീട്ടിലേക്കു പൊക്കോ.. ഞാൻ വീട്ടിൽ വിളിച്ചു പറയാം.. ഉച്ചക്ക് ഞാൻ എത്തും ” ശ്രീകുമാർ പറഞ്ഞു
അവിടെ നിന്നും ഒരു മണിക്കൂർ യാത്ര… ശ്രീകുമാറിന്റെ വീട്ടിലേക്ക് അവർ എത്തി… റോഡ് സൈഡിൽ തന്നെ ആയിരുന്നു അവരുടെ വീട്… പുറത്തു ആരുമുണ്ടായിരുന്നില്ല… മുൻവാതിൽ അടഞ്ഞു കിടന്നു…
അവർ ഡോർബെല്ലടിച്ചു….. വാതിൽ തുറന്നത് ശ്രീയുടെ അമ്മ ആയിരുന്നു..
അവർ പുഞ്ചിരിച്ചു.. ” വരൂ.. ശ്രീ വിളിച്ചിട്ടുണ്ടായിരുന്നു”
അവർ അകത്തേക്ക് കയറി…. നല്ല ഭംഗിയുള്ള വീട് ആയിരുന്നു അത്…..
” മക്കളിരിക്ക് അവൻ ഉടനെ വരും.. ഞാൻ ചായ എടുക്കാം ” അവർ അകത്തേക്ക് പോയി…
സ്വീകരണ മുറിയൊക്കെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു..
പെട്ടെന്നാണ് ഹാളിൽ ഭിത്തിയിൽ ഉണ്ടായിരുന്ന വലിയ ഒരു ഫോട്ടോയിലേക്ക് അനന്തന്റെ മിഴികൾ പതിഞ്ഞത്… ശ്രീകുമാറിന്റെ വിവാഹ ഫോട്ടോ ആയിരുന്നു..
അവൻ രാജീവിനെ നോക്കി.. അവനും സ്തബ്ദനായി നിൽക്കുകയായിരുന്നു.. ആ ഫോട്ടോയിൽ ശ്രീകുമാറിന്റെ ഒപ്പമുണ്ടായിരുന്നത് ഗംഗയായിരുന്നു…
അപ്പോഴേക്കും ശ്രീയുടെ അമ്മ ചായ കൊണ്ടുവന്നു… അനന്തന്റെ മനസ്സ് തളർന്നു പോയിരുന്നു…അവൻ ഒന്നും മിണ്ടാനാകാതെ തരിച്ചിരുന്നു
“നാട്ടീന്നു പോന്നതിൽ പിന്നെ ആരുടേയും ഒരു വിവരവും ഇല്ലായിരുന്നു.. ഇങ്ങു വന്നതിനു ശേഷം ആണ് അവനു പൊലീസിൽ ജോലി കിട്ടിയത്.. പിന്നെ കല്യാണവും പെട്ടെന്നായിരുന്നു..”
ശ്രീയുടെ അമ്മ തുടർന്നു…. നിങ്ങൾക്കറിയില്ലേ ഗംഗയെ…. അവളുടെ വീട്ടിൽ വലിയ പ്രശ്നങ്ങൾ ആയിരുന്നു.. അവർ അവിടെ നിന്നു പോയതിൽ പിന്നെ വലിയ ബുദ്ധിമുട്ടായിരുന്നു…
അവിടുത്തെ വീതം വിറ്റ പണം കൊണ്ടു ഒരു ഹോട്ടൽ തുടങ്ങി അത് നഷ്ടത്തിലായി.. കുറേ കടങ്ങളുമൊക്കെയായി.. ഒരു വീട് പോലും സ്വന്തമായിട്ട് ഇല്ലാതെ വാടക വീട്ടിലായിരുന്നു.. ഒടുവിൽ പിടിച്ചു നിൽക്കാനാവാതെ ഒരു രാത്രിയിൽ ഈ പാവപ്പെട്ട കൊച്ചിനും വിഷം കൊടുത്തു അവരും കഴിച്ചു… അവർ പോയി.. ഇവൾ മാത്രം രക്ഷപെട്ടു..
പിന്നെ ആരോരും ഇവളെ ഏറ്റെടുക്കാനില്ലാതെയായി.. അങ്ങനെ ആണ് ശ്രീ ഇവളെ വിവാഹം കഴിച്ചത്”. … അവർ പറഞ്ഞു നിർത്തി…
” ഞാൻ വിളിക്കാം… മോളെ…. ഗംഗേ… മോളെ “
“എന്തോ “.. അകത്തു നിന്നും ഗംഗയുടെ ശബ്ദം അവർ കേട്ടു…
അവൾ ഹാളിലേക്ക് വന്നു…. കയ്യിൽ ഒരു കുഞ്ഞുമുണ്ട്… അനന്തൻ അവളെ മുഖം ഉയർത്തി നോക്കി.. പഴയതിനേക്കാളും സുന്ദരി ആയിട്ടുണ്ട്…
ഗംഗ ഞെട്ടിപ്പോയി…. പ്രതീക്ഷിക്കാതെ അനന്തനെ അവിടെ കണ്ടപ്പോൾ…
“മോളെ.. നിനക്കറിയില്ലേ ഇവരെ…”
അവൾ അറിയാമെന്ന മട്ടിൽ തലയാട്ടി…
ഗംഗ അനന്തനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു… കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… അവൻ അവളുടെ മുഖത്തേക്ക് നോക്കി വിഷാദത്തോടെ പുഞ്ചിരിച്ചു…
അവൻ കുഞ്ഞിനെ നോക്കി… അവളുടെ അതെ മുഖഛായ…
അവൻ മെല്ലെ എഴുന്നേറ്റു… അവളുടെ അടുത്തേക്ക് ചെന്നു… കുഞ്ഞിന് നേരെ കൈനീട്ടി… കുഞ്ഞ് അവന്റെ കയ്യിലേക്ക് ചെന്നു… അവൻ സ്നേഹത്തോടെ കുഞ്ഞിനെ ഉമ്മ വെച്ചു…
“എന്താ മോന്റെ പേര് ” അനന്തൻ ഗംഗയോട് ചോദിച്ചു
“കണ്ണൻ “…. ശ്രീയുടെ അമ്മ പറഞ്ഞു..
അനന്തൻ അവിശ്വസനീയതയോടെ ഗംഗയെ നോക്കി…
പണ്ട് ഒരുമിച്ചു കണ്ട സ്വപ്നങ്ങളിൽ ഒന്നായിരുന്നു അത്.. തങ്ങൾക്കുണ്ടാകുന്ന ആൺ കുട്ടിക്ക് കണ്ണനെന്നു പേരിടണമെന്ന്….
അവൾ മുഖം കുനിച്ചു നിൽക്കുകയായിരുന്നു….
പരസ്പരം ഒന്നും പറയാനാകാതെ അവർ നഷ്ടബോധം പേറി നിന്നു…
കുഞ്ഞ് കരഞ്ഞപ്പോൾ അവൾ കുഞ്ഞിനെ വാങ്ങി അകത്തേക്ക് പോയി
അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ശ്രീ എത്തി..
ഒരുപാട് വിശേഷങ്ങൾ പങ്കുവെച്ചു അവർ… പഴയ ഒരുപാട് ഓർമ്മകൾ അയവിറക്കി..
കുറേ സമയം അവിടെയിരുന്നിട്ട് അവർ പോകാനിറങ്ങി…
കാറിലേക്ക് കയറും മുൻപ് അവന്റെ കണ്ണുകൾ ചുറ്റും പരതി.. അവനു അറിയാമായിരുന്നു എവിടെയെങ്കിലും രണ്ടു കണ്ണുകൾ തന്നെ നോക്കി നിൽപ്പുണ്ടാവുമെന്ന്…
അവന്റെ ഊഹം ശരി ആയിരുന്നു.. മുകൾ നിലയിലെ ജനാലയ്ക്കൽ ഗംഗ ഉണ്ടായിരുന്നു… അവളുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു… കണ്ണീർ കാഴ്ചയെ മറച്ചപ്പോൾ അവൾ അവിടെ നിന്നും പിൻ വാങ്ങി…
ഓർമ്മയിലെ കുപ്പിവളകളുടെ കിലുക്കവും ഒരുമിച്ചു കണ്ട കിനാവുകളുടെ മധുരവും മനസ്സിൽ നിറച്ചു അനന്തൻ അവിടെ നിന്നും യാത്രയായി…….

By ivayana