വീണിടുന്നോരിലക്കാമ്പിനേക്കാൾ
ശക്തമാണീ തളിരിടും നാമ്പിൻ മൃദുലത
മായുന്ന സന്ധ്യാസമസ്യയേക്കാളേറെ
ദീപ്തമാണീ പ്രഭാതത്തിൻ മനോജ്ഞത!
ചൊല്ലുന്ന വാക്കിലും ഹൃദ്യമാണെറെയീ
നവ്യപ്രതീക്ഷകൾക്കേകുന്ന ഭാവുകം
പ്രത്യാശകൾ വിട്ടു പോകാതനശ്വരം
പ്രാപ്തമാകട്ടെ മനോന്മയ സൗഭഗം!
ഇന്നലെയും നാളെയും ഓർത്തു നാമിന്നു
പ്രത്യക്ഷമാം സ്നേഹസ്വത്വം പുലർത്തുക!
ഈ പുലരി നമ്മളൊന്നായ് വാഴ്ത്തുന്ന
ജീവിത ദൗത്യമായ് സന്തുഷ്ടമാക്കുക!
ഇന്നുമെന്നും ഒന്ന് നാമെന്നിരിക്കിലും
ആശംസ ചൊല്ലുന്നതെന്നും പ്രിയകരം!
സംവത്സരം പുത്തനെങ്കിലും സൗഹൃദം
സംവത്സരാതീത സൗഭാഗ്യമോർക്കുക!