രചന : രാജീവ് അമേയാത്മ✍
അവൾ അടുത്തു വന്നപ്പോൾ
അയാൾ വിജൃംഭിതനായി
മാടപ്രാവിൻ്റെ മെയ്യനക്കം
മാൻപേടയുടെ ഇമയനക്കം
മാദകമൊട്ടുകളിൽ പ്രകൃതിയുടെ ലയനം
ഇര ഇണയായ് മാറുന്നതിൻ്റെ
വ്യതിയാനം അയാളുടെ നാഭിയിൽ മഴയായ് പെയ്തു
അയാൾ നനഞ്ഞു
അയാളുടെ നിർദ്ദേശത്തിൽ
അവൾ മിഴിവാർന്നു
ആദ്യ ലൊക്കേഷനിലെ
ആദ്യ രാത്രി
പ്രതിരോധത്തിൻ്റെ മണിക്കൂറുകൾ
ഒടുവിൽ തളർന്നവശയായപ്പോൾ
നിർദ്ദേശകൻ
നീചകഥാപാത്രമായി
പാലിൽ കലർത്തിയ മയക്കുമരുന്നിൻ്റെ ലഹരിയിൽ
അവൾ ഒരാട്ടിൻ കുട്ടിയായി
ചുംബിച്ചപ്പോൾ കണ്ണുനീരിൻ്റെ ഉപ്പുരസം
അയാൾ സേവിച്ച മദ്യത്തിൻ്റെ ചവർപ്പുമായ് കലർന്നു
അവളുടെ കണ്ണുനീരിലുറഞ്ഞ നിസ്സഹായത
നുണഞ്ഞു നുണഞ്ഞ്
അവളിലേക്കു പ്രവേശിച്ച അയാളുടെ
അധമ ഹൃദയത്തിൽ
അനവധി ചെന്നായ്ക്കൾ മുരണ്ടു
അവളുടെ മുറിവാഴങ്ങളിലൂടെ അയാളുടെ രേതസ്സ്
അവളുടെ രക്തവുമായ് കലർന്നു
സ്വത്വം കവർന്നെടുക്കപ്പെട്ട് അവൾ ഒരഭിനേത്രിയായ് മാറി
നിർദ്ദേശകനെയും
സമൂഹത്തെയും ഭയന്ന്
അവൾ വെള്ളിത്തിരയിൽ കഥാപാത്രങ്ങളായ് ജീവിച്ചു
പുതിയ മുഖത്തെ തേടിയുള്ള യാത്രയിൽ
നിർദ്ദേശകൻ അവളെയും മറന്നു
വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷയായ അവൾ
തെരുവിൽ പ്രത്യക്ഷപ്പെട്ട്
ജനത്തോട് ആക്രോശിച്ചു
“സ്ത്രീ ഒരു ഭോഗവസ്തു മാത്രമാണോ ?”
✍️