രചന : പുഷ്പ ബേബി തോമസ്✍
എൻ്റെ സമ്പാദ്യം
എങ്ങനെയാണ് കണക്കാക്കുക ???
വീടിനുള്ളിൽ നടന്നു തീരാത്ത
ദൂരം അളന്നോ ???
വീടിനപ്പുറം
നിശ്ചിത ഇടങ്ങളിലേയ്ക്ക് മാത്രം
നടന്ന ദൂരങ്ങൾ അളന്നോ ???
വിണ്ടുകീറിയ ഉപ്പൂറ്റിയും
ചെളി പുരണ്ട വിരലുകളും
പറയുന്നുണ്ടോ ???
പങ്കിട്ടു നൽകിയ നാഴികകൾക്ക്
എനിക്ക് മിച്ചമില്ലാത്ത നാഴികകൾക്ക്
ഉറങ്ങാനാവാത്ത രാവുകൾക്ക്
ഉത്തരം ഉണ്ടാവുമോ ???
കഴുകി തീർക്കാനാവാത്ത
എച്ചിൽ പാത്രങ്ങൾക്ക്
അവസാനിക്കാത്ത ,
കണക്കില്ലാത്ത
വീട്ടുപണികൾക്ക്
പറയാനാവുമോ ???
നെഞ്ചിൽ ഒതുക്കിയ
വിങ്ങലുകൾക്ക്
അടക്കപ്പെട്ട സ്വപ്നങ്ങൾക്ക്
അറിയാനാവുമോ ???
സുവർണ്ണ ലിപികളാൽ
“കടമ ” യെന്ന് ആലേഖനം ചെയ്തതിനാൽ
സമ്പാദ്യം
വലിയൊരു വട്ടപ്പൂജ്യം
🥀🥀🥀🥀🥀🥀