രചന : തോമസ് കാവാലം✍
മാന്നാർ മത്തായിയെ കുറിച്ച് ഓർത്ത് ഒത്തിരി ചിരിച്ചിട്ടുള്ള വരാകും നിങ്ങൾ. പക്ഷേ മൂന്നാർ മമ്മിയെ കുറിച്ച് കേട്ടിട്ടുണ്ടാകാൻ വഴിയില്ല. കാരണം അവർ കുറെ അധികം കാലം ബോംബെയിൽ ആയിരുന്നു. ശരിക്കും അവരെ ബോംബെ അമ്മായി എന്നാണ് വിളിക്കേണ്ടത്. എന്നാൽ അവർ ഇപ്പോൾ താമസിക്കുന്നത് മൂന്നാറിൽ ആയതുകൊണ്ട് അവിടെയുള്ളവരെല്ലാം മൂന്നാർ മമ്മി എന്നാണ് വിളിക്കുന്നത്.
ഇപ്പം മമ്മിക്ക് തൊണ്ണൊറു വയസ്സ് പ്രായമുണ്ട്. ഇത് മമ്മിയുടെ കണക്കനുസരിച്ചാണ്. ജനന സർട്ടിഫിക്കറ്റ് ചോദിക്കരുത്. കാരണം മമ്മിയുടെ ജനമൊനൊന്നും ഒരു ഓഫീസിലും രജിസ്റ്റർ ചെയ്തിട്ടില്ല. മാത്രമല്ല സ്കൂളിൽ പോയിട്ടുമില്ല. പള്ളിയിൽ മാമ്മോദിസ മുക്കിയ ഒരു കണക്കാണ് ആകെയുള്ളത്.എങ്കിലും മമ്മിയെ കണ്ടാൽ ഒരു അറുപതു വയസ്സ്…. അതിൽ കൂടുതൽ പറയില്ല. വെളുത്തു തുടുതുടുത്ത മുഖം. കണ്ടാൽ ഉമ്മ വെയ്ക്കാൻ തോന്നും. ഐശ്വര്യ റായി തൊണ്ണൂറാം വയസ്സിൽ ഇത്ര സുന്ദരിയായിരിക്കുമോ എന്ന് സംശയമാണ്. എന്താ ആ മുഖത്തെ ഒരു ഐശ്വര്യം! എന്താ കാരണമെന്നല്ലേ? ഞാൻ അതിലേക്കാണ് വരുന്നത്.
മമ്മിക്ക് നല്ല ലോക വിവരമുണ്ട്. അനുഭവജ്ഞാനം. അതാണല്ലോ എല്ലാ ജ്ഞാനത്തേക്കാളും വലുത്. ഒരു ദിവസം മമ്മിയുടെ കൊച്ചുമോൾ മമ്മിയോടു ചോദിച്ചു:
“മമ്മിയുടെ നീണ്ട മുടിയുടെ രഹസ്യം എന്താണ്”?
“ മോളേ,എന്റെ മനസ്സിന്റെ വലിപ്പമാ എന്റെ മുടിയ്ക്ക്!”
മമ്മി,മമ്മിയുടെ മുടിയെക്കുറിച്ച് വാചാലയാകാത്ത ദിവസങ്ങളില്ല. പണ്ട് ഗർഭകാലത്തും പ്രസവശേഷവും ചെയ്ത ‘രക്ഷ’ യുടെ ഫലമാണെന്നാണ് മമ്മി പറയുന്നത്.
മമ്മി തുടർന്നു :
“മോളേ,അന്നൊരു വയറ്റാട്ടി ഉണ്ടായിരുന്നു. ഓ എന്താ അവളുടെ പേര്? മറന്നുപോയല്ലോ…..ങ. ങ. ങ..കുട്യേടത്തി….അവളൊരു കണിയാത്തിയായിരുന്നു.അവൾ എത്രയാ പ്രസവം എടുത്തത്? പതിമൂന്ന്. അതിലൊന്നേ പോയുള്ളു. അവളുടെ കൈപ്പുണ്യം ഒന്ന് വേറെയാ!”
മമ്മി മൂന്നാറിൽ ഒരു വലിയ വീട്ടിലാണ് താമസിച്ചിരുന്നത്. മക്കൾ പന്ത്രണ്ടു പേരും അവിടെ അടുത്തുതന്നെ ചുറ്റുവട്ടത്ത് വീടുവച്ച് താമസിച്ചിരുന്നു.പതിനൊന്നു പേരും ആൺമക്കളായിരുന്നു. അവസാനത്തേതു മാത്രം പെണ്ണ്. അവളെ കെട്ടിച്ചയച്ചത് അധികം ദൂരെയൊന്നുമല്ല. കാഞ്ഞിരപ്പള്ളിയിൽ. പക്ഷേ അവളും മക്കളും എപ്പോഴും ഇവിടെത്തന്നെയാണ്.
അവരും അവരുടെ മക്കളും കൊച്ചുമക്കളും എല്ലാം കൂടി അൻപത്തിനാലു പേരുണ്ടായിരുന്നു. മക്കളും മക്കളുടെ മക്കളും മരുമക്കളും കൊച്ചുമക്കളും. രാവും പകലും അവരിൽ ഭൂരിഭാഗവും മമ്മിയുടെ കൂടെ വീട്ടിൽ തന്നെയായിരുന്നു.
വല്യമ്മയായിരുന്നെങ്കിലും എല്ലാവരും അവരെ മമ്മി എന്ന് തന്നെ വിളിച്ചിരുന്നു. അന്ന് അവർ ചെല്ലുമ്പോഴും അവിടെ ഒരു പത്തു മുപ്പതു പേരുണ്ടായിരുന്നു. എല്ലാവരും കൂടി ഒരു ഉത്സവത്തിന്റെ പ്രതീതി…..
മമ്മി വാചാലയാകുമ്പോൾ ബോറടിക്കും. അപ്പോൾ ഒരു കൊച്ചുമകൾ എഴുന്നേറ്റ് പോകും. വേറൊരാൾ വരും. അങ്ങനെ ഉച്ചവരെ മാറിമാറി മമ്മിയുടെ മടിയിലും തലയിലും പുറത്ത് ഒക്കെയായിട്ട് കൊച്ചുമക്കൾ ചാടി കളിച്ചുനടക്കും.
അന്നൊരു ദിവസം ചങ്ങനാശേരിയിൽ നിന്നും മമ്മിയുടെ കുറെ അനന്തരവന്മാരും അനന്തരത്തികളും കൂടി മമ്മിയെ കാണാൻ ചെന്നിരുന്ന കാര്യം കേട്ട് ഞങ്ങൾ കുറെ ചിരിച്ചു. ഒരു സ്കൂളിൽ ചെന്ന പ്രതീതി ആയിരുന്നു അവർ അവിടെ ചെന്നപ്പോൾ.
അന്ന് ഏകദേശം ഉച്ചകഴിഞ്ഞ് രണ്ടുമണിയായിക്കാണും അവർ അവിടെ ചെന്നപ്പോൾ.വളരെ പ്രായമുള്ള ഒരമ്മായി അല്ലേ എന്ന് വിചാരിച്ചാണ് ചെന്നത്. സുഖമില്ലാതെ ചിലപ്പോൾ കിടപ്പിലായിരിക്കും എന്നൊക്കെ വിചാരിച്ചു. പക്ഷേ അവർ പറഞ്ഞ കാര്യം ഓർത്ത് അവർക്ക് ചിരിക്കണോ കരയണോ എന്ന് അറിയാൻമേലാത്ത അവസ്ഥയിലായിരുന്നു.
ചെന്ന പാടെ മമ്മിയുടെ ഒരു കൊച്ചുമരുമകൾ പറഞ്ഞു:
“ അയ്യോ, കഷ്ടം! നിങ്ങൾ എത്ര ദൂരത്തൂന്ന് വരുന്നതാ… മമ്മി …. ദേ …ബാത്റൂമിലോട്ട് കയറിയതേയുള്ളൂ”.
“അതിനെന്താ… സാരമില്ല…. ഞങ്ങൾ വെയിറ്റ് ചെയ്യാം”.
അപ്പോൾ മറ്റൊരു മരുമകൾ ചിരിച്ചു. ചിരിയുടെ അർത്ഥം ആർക്കും മനസ്സിലായില്ല.
ഒരാൾ ബാത്റൂമിൽ കയറിയാൽ എത്ര സമയമെടുക്കുമെന്ന് എല്ലാവർക്കും ഒരു ഊഹം ഉണ്ടാകും. അത് വച്ചാണ് അവർ വെയിറ്റ് ചെയ്യാമെന്ന് പറഞ്ഞത്. പക്ഷേ, ആ മരുമകൾ പറഞ്ഞത് കേട്ട് ചിലർ ഞെട്ടി. മറ്റുചിലർ ചിരിച്ചു ഇനിയും ചിലർ വായ് പൊത്തി ആംഗ്യം കാണിച്ചു.
“ഇനി അമ്മയെ ഉടനൊന്നും പുറത്തേക്ക് പ്രതീക്ഷിക്കേണ്ട. ഒരേഴ് മണി. വൈകിട്ട് ഒരു സീരിയൽ ഉണ്ടല്ലോ ടിവിയിൽ…. അതിന് സമയമാകുമ്പോൾ അമ്മ പുറത്തേക്ക് വരും.”
“ ഏഴു മണിയോ”?
എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു. അതിൽ ചിലർ കയ്യിലെ വാച്ചിലേക്ക് നോക്കി. രണ്ടു പതിനഞ്ച്. എന്നുവച്ചാൽ ഏകദേശം അഞ്ചു മണിക്കൂർ. അത് കണക്കു കൂട്ടി എല്ലാവർക്കും ആകാംക്ഷയായി. ഈ സമയമെല്ലാം മമ്മി അതിനകത്ത് എന്ത് ചെയ്യുകയായിരിക്കും. അവരിൽ അതു ഒരാൾ ചോദിക്കുകയും ചെയ്തു, അല്പം തമാശാ രൂപത്തിൽ:
“ ബാത്റൂമിനടിയിൽ കൂടി വല്ല ടണലോ വല്ലതുമുണ്ടോ? വേറെ എവിടെയെങ്കിലും പോകാൻ“?
അതു കേട്ട് കൊച്ചുമക്കളും മരുമക്കളും എല്ലാം ചിരിച്ചു പോയി. ഏകദേശം നാല് മരുമക്കൾ എങ്കിലും ഉണ്ടായിരുന്നു അവിടെ അപ്പോൾ.
“ഇത് അമ്മയുടെ ദിനചര്യയാണ്. എന്നും ഇങ്ങനെ തന്നെയാണ്. വിശാലമായ ഒരു കുളി. ഏറ്റവും ഇളയ മകളെ പ്രസവിച്ചതിനു ശേഷമാണ് ഈ കുളിശീലം തുടങ്ങിയത്. അതിന്നുവരെ നിന്നിട്ടില്ല.”
അടുക്കളയുടെ പാതകത്തിൽ വച്ച് പഴുത്ത ചക്ക വെട്ടിക്കീറുന്നതിനിടയിൽ ഒരു മരുമകൾ പറഞ്ഞു:
“മമ്മിക്ക് കുളിക്കുന്നതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. മുഖത്ത് ചില പച്ചമരുന്ന് പ്രയോഗങ്ങൾ, ഇന്നത്തെ ഫേഷ്യൽ പോലെ…. ദേഹാസകലം കുഴമ്പ് പുരട്ടി ഒരു തീരുമ്മൽ…പിന്നെ കൈകാൽ നിവർത്തി കുറെ കാസർത്തുകൾ… പിന്നെ തലയിൽ വറുത്ത വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കും.താളി തേച്ചു തല കഴുകും. ഇഞ്ചകൊണ്ട് മേലാസകലം തേച്ചു കുളിക്കും. കയ്യിൽ ഒരു കൊന്തയും ഉണ്ടാവും. പിന്നെ എന്തൊക്കെയാ ചെയ്യുന്നതെന്ന് അമ്മയ്ക്ക് മാത്രമേ അറിയൂ. കേറി വാതിലടച്ചു കഴിഞ്ഞാൽ പിന്നെ ആര് കാണുന്നിതെല്ലാം! ചില ദിവസങ്ങളിൽ ഏതെങ്കിലും ഒരു കൊച്ചുമകളെ വിളിക്കും. പുറം തേച്ചു കൊടുക്കാൻ. അങ്ങനെയാ കുറച്ചു കാര്യങ്ങളൊക്കെ നമ്മൾ അറിയുന്നത്…. “
ഈ കാര്യങ്ങൾ അവർ പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാവർക്കും ഒരു രസം തോന്നി. ഒരാൾ ചോദിച്ചു:
“ വാതിലിൽ ഒന്ന് മുട്ടി നോക്കിയാലോ ചിലപ്പോൾ പുറത്തു വരില്ലേ”?
അതിനിടെ മറ്റൊരു മരുമകൾ ഒരു പാത്രത്തിൽ കുറെ ചക്കച്ചുള വേഷപ്പുറത്തു വെക്കുന്നതിനിടെ പറഞ്ഞു:
“ അയ്യോ വേണ്ട. പിന്നിവിടെ ഭരണിപ്പാട്ടായിരിക്കും”.
മറ്റൊരു മരുമകൾ ചായ മേശപ്പുറത്ത് വെച്ചിട്ട് പറഞ്ഞു:
“ഇവിടെ ആരു ചത്തു മലച്ചാലും അമ്മ പുറത്തു വരില്ല.”
ഏതായാലും ഈ മമ്മിയെ ഒന്നു കാണാതെ പോകുന്നത് വലിയ നഷ്ടമായിരിക്കുമെന്ന് എല്ലാവർക്കും തോന്നി.
അങ്ങനെ ഞെളിപിരികൊണ്ടും വായിക്കോട്ടവിട്ടും സമയം ചെലവഴിച്ചു. പുറത്തിറങ്ങി പുരയ്ക്കുചുറ്റും പലപ്രാവശ്യം വലം വച്ചു. അവസാനം പുരയ്ക്കകത്തു നിന്നും ഒരു വിളി കേട്ടു:
“ മമ്മി വന്നേ…. മമ്മി വന്നേ… മമ്മി പുറത്തുവന്നേ!!!!”
ഒരു കൊച്ചുമകൾ ആയിരുന്നു തലമുറയിട്ടത്.
ഏതോ ഉരുൾപൊട്ടലോ ഭൂകമ്പമോ ആണോ എന്ന് എല്ലാവരും വിചാരിച്ചു നിൽക്കുമ്പോൾ മമ്മി പ്രത്യക്ഷപ്പെട്ടു. മമ്മിയെ കണ്ട എല്ലാവരും മൂക്കത്ത് വിരൽ വെച്ചുപോയി. ശരിക്കും മരുമകളുടെ മകളാണെന്ന് തോന്നും കണ്ടാൽ. തൊണ്ണൂറ് വയസ്സുള്ള മമ്മിയോ ഇത്!!
പക്ഷേ മമ്മി അവിടെ അധിക സമയം നിന്നില്ല. പെട്ടെന്ന് അകത്തേക്ക് പോയി. എല്ലാവരും അതിശയിച്ചു. ചങ്ങനാശ്ശേരിയിൽ നിന്ന് മമ്മിയെ കാണാൻ വന്നവരാണെന്നു പറഞ്ഞിട്ട് മമ്മിക്ക് ഒരു കൂസലുമില്ല. മമ്മി പറഞ്ഞു :
“ എടി,മോളെ! ആ ടിവി ഒന്ന് വെച്ചേ…സീരിയലിന് സമയമായി…”
മമ്മി സീരിയലിലെ ഏതോ രംഗം കണ്ട് കൈകൊട്ടിച്ചിരിക്കുന്നതു കണ്ടുകൊണ്ടാണ് അവർ അവിടെ നിന്ന് ഇറങ്ങിയത്. തിരുവനന്തപുരത്തെ കാഴ്ചബംഗ്ലാവ് കണ്ടിറങ്ങിയ പ്രതീതിയായിരുന്നു എല്ലാവർക്കും.അത്രയ്ക്ക് സന്തോഷമുണ്ടായിരുന്നു എല്ലാവരുടെയും മുഖത്ത്.
ഇത് വായിച്ചിട്ട് തള്ളൽ ആണെന്ന് വിചാരിക്കരുത്. സത്യം.സത്യം.