ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

“അമ്മ” ഈ വാക്കിന് മാതാവ് എന്ന കേവലമായ അർത്ഥത്തിനപ്പുറത്തുള്ള അർത്ഥവ്യാപ്തിയാണുള്ളത്.
അതുകൊണ്ടാണ് ആർഷസംസ്കാരം
“മാതൃദേവോ:ഭവ ” എന്നു തെളിമയോടെ ഉച്ചരിച്ചത്.
കൃതയുഗം മുതൽ അമ്മയോളം പൂജ്യസ്ഥാനത്തുള്ളതായി ആരുമില്ല. ‘മാതാവ്’ എന്ന വാക്കിന് അറിഞ്ഞിടത്തോളം ഏതു ഭാഷയിലും അമ്മയിലെ ‘മാ’ കാരമുണ്ട്.
സ്ഫടികപരിശുദ്ധിയുള്ള ഈ നാമത്തെയാണ് ഒരു സിനിമാസംഘടനക്ക് “അമ്മ” എന്ന് നാമകരണം ചെയ്യപ്പെട്ടതിലൂടെ മലീമസമാക്കപ്പെട്ടുപോയത് എന്നതാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിനുശേഷം സുവ്യക്തമാകുന്നത്!
രാമായണേതിഹാസത്തിലെ ഏറ്റവും ശ്രഷ്ടമായ ഭാഗമേതെന്ന് വിക്രമാദിത്യസദസ്സിൽ ഒരു ചോദ്യമുയർന്നതും രാജസദസ്സിലെ ‘നവരത്ന’ ങ്ങളിൽ പ്രമുഖനായ വരരുചി ഇതിന്റെ ഉത്തരമറിയുവാൻ നാൽപ്പത്തിയൊന്ന് ദിവസങ്ങളുടെ സമയപരിധി ചോദിച്ചു കൊട്ടാരം വിട്ട് ദേശാടനം ചെയ്തതും അലഞ്ഞുതിരിച്ചലിന്റെ നാൽപ്പതാംദിനം “മാംവിദ്ധി” ശ്ലോകം വനദേവതമാരാൽ വീണുകിട്ടിയതുമൊക്കെ പ്രസിദ്ധമാണല്ലോ..
അതിൽ നിന്ന് ജേഷ്ഠപത്നിയായ സീതയെ അമ്മയെപ്പോലെ കാണുവാൻ പറയുന്ന ലക്ഷ്മണമാതാവായ സുമിത്രയുടെ
“…മാം വിദ്ധി ജനകാത്മജാം..”
എന്ന ഒറ്റപ്പറച്ചിൽ രാമായണത്തിലെ ഏറ്റവും സുന്ദരസന്ദർഭമാകുന്നത് അമ്മമഹത്വത്തിന്റെ ഉത്തുംഗത എത്രത്തോളമെന്നു തെളിയിക്കുന്നു!
രാമായണത്തിൽ രാവണനിഹനനത്തിനുശേഷം ലങ്കയുടെ ഭരണം രാവണസഹോദരനായ വിഭീഷണനെ ഏൽപ്പിച്ച് ലങ്കയിൽ നിന്നും തിരിച്ചെത്തി വനവാസവും പൂർത്തീകരിച്ച് തന്നെ കാത്തിരിക്കുന്ന അയോദ്ധ്യയിലേക്ക് തിരികെപ്പോകുവാൻ തുടങ്ങുമ്പോൾ രാമനോട്‌ ലക്ഷ്മണൻ
“പ്രതാപാശൈര്യങ്ങളുടെ ലങ്കയിൽ നിന്നും ഇത്ര പെട്ടന്ന് തിരിച്ചുപോകേണ്ടതുണ്ടോ”
എന്നു ചോദിക്കുന്നുണ്ട്.
അതിന്,അമ്മയും ജന്മഭൂമിയും സ്വർഗ്ഗത്തോളം മഹനീയം (ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാധപി ഗരീയസി ) എന്നായിരുന്നു ശ്രീരാമചന്ദ്രന്റെ മറുപടി!
“മാതാവിന്റെ കാലിൻ ചുവട്ടിലാണ് സ്വർഗ്ഗം സ്ഥിതിചെയ്യുന്നത്” എന്ന മുഹമ്മദ്‌ നബി(സ) യുടെ തിരുവചനത്തെമാത്രമാണ് ദൈവാവതാരസങ്കല്പമായ ശ്രീരാമന്റെ വാക്കുകളോടൊപ്പം ചേർത്തുവെക്കാനാകുന്നത്ത്!
മാതൃമഹനീയത ഉദ്ഘോഷിക്കുന്ന ഇതിലും വലിയ പരാമർശം വേറെയില്ല!
“ഞാൻ ഏറ്റവുമധികം കടപ്പെട്ടത് ആരോടാണ്” എന്ന അനുചരന്റെ സംശയത്തിനുള്ള ഉത്തരം ഞൊടിയിടെ ആയിരുന്നു.
“നിന്റെ ഉമ്മയോട്!”
എങ്കിൽ രണ്ടാമതാരോട് എന്നതറിയാൻ ചോദ്യം വീണ്ടുമാവർത്തിച്ചപ്പോളും സത്യപ്രവാചകന്റെ(സ)ശങ്കലേശമന്യേയുള്ള ഉത്തരം
“നിന്റെ ഉമ്മയോട്”
എന്നായിരുന്നു. മൂന്നുപ്രാവശ്യം ചോദ്യവും ഉത്തരവും ഒരുപോലെ തുടർന്നു.
നാലാമതായിരുന്നു ഉത്തരത്തിനൊരു മാറ്റമുണ്ടായത്. “നിന്റെ ഉപ്പയോട്” എന്നതായിരുന്നു നാലാമത്തെ ഉത്തരം.
വിശ്വഗുരുവിന്റെ നാലിൽ മൂന്നും മാർക്കുവാങ്ങിയ ഈ “മാ”-കാരത്തിന്ന് തന്നെയാണ് അഖിലലോകാടിസ്ഥാനത്തിൽ ആശയദേശഭാഷാവൈജാത്യങ്ങളില്ലാതെയുള്ള അംഗീകാരം!
ഇത്രയും ‘അമ്മ’ മഹത്വം പറഞ്ഞത് ആ വാക്കിന്റെ പരമപവിത്രതക്ക് ലോകം കല്പിക്കുന്ന വില എത്രത്തോളമാണെന്ന് സൂചിപ്പിക്കുവാൻ വേണ്ടിമാത്രമാണ് !
ശ്രവണമാത്രയിൽ തന്നെ പാലാഴിമധുരാമൃതായ ഈ നാമധേയത്തെ ചളിച്ചേറുകളുടെ ആഭാസക്കൂത്തരങ്ങായിമാറിയ ഒരു മേഖലയുടെ കൂട്ടായ്മക്കിട്ടത് തന്നെ തെറ്റ്!
മന്വന്തരങ്ങളായുള്ള മാനവസങ്കല്പങ്ങളോടു ചെയ്ത മഹാതെറ്റ്!
✍🏻

എം.എ.ഹസീബ് പൊന്നാനി

By ivayana