(ജീവിച്ചിരിക്കുന്ന അനുഗ്രഹങ്ങളാണ് മാതാപിതാക്കൾ! ഒരു ഉരുളച്ചോറ് നൽകി, ചെയ്ത അവഗണനകൾ കഴുകിക്കളയാമെന്നുള്ളത്‌ വ്യമോഹമാണെന്ന ഓർമ്മപ്പെടുത്തലാണ് രചനയിലൂടെ ഇതൾ വിരിയുന്നത്! കവിത – ബലി)

ഇല്ല ഞാനിനി വരില്ലൊരു വേള പോലും,
ഇനിയെത്രയുരുള നീയേകിയാലും!
ഇറയത്ത് വന്ന് നിൻ തർപ്പണം തേടുവാൻ,
ഇനിയൊട്ടു മോഹവുമില്ല തെല്ലും!

കുഞ്ഞിളം കൈ ചേർത്തു എത്ര നടത്തി,
കുഞ്ഞുപാദമെത്ര നെറുകയിൽ ചേർത്തു!
കുസൃതികൾ കാട്ടി നീയോടി നടക്കവേ,
കുഞ്ഞായി ഞാനും നിന്നൊപ്പമന്നോടി!

നീ വളരാനായിട്ടെത്ര കുറഞ്ഞു ഞാൻ,
നിദ്രയൊഴിഞ്ഞെത്ര കാവലായി!
നിറഞ്ഞുണ്ടു നിൻ മുഖം പുഞ്ചിരി തൂകവേ,
നിറഞ്ഞെൻ മനം, അന്നതിലുമേറെ!

കടല് കടന്നു നീയന്യനാട്ടിൽ പോകേ,
കനവ് ഞാൻ കണ്ടു നിന്നൊപ്പമന്ന്!
കരുതിയല്ലന്നൊട്ടുമിനിയില്ല കനവെന്ന്,
കരുത്തെന്നിൽ ചോരവേ, നീ വരില്ലെന്ന്!

ഇനിയും കരുണ വറ്റാത്തൊരു നാട്ടാര്,
ഇത്രയും നാളെന്നെ നോക്കിടുമ്പോൾ,
ഇന്നോളമൊരു വാക്ക്, നിനക്കെതിരായി,
ഇനിയും പറഞ്ഞിട്ടേയില്ലതോർക്ക!

വ്രണമേറെ നീറിയെൻ കാല് മുറിക്കേ,
വ്യഥയോടെ ഞാനോർത്തു; നീ വരുമെന്ന്!
വ്യാധി നേരത്തെന്നെ, തേടി വരാത്ത നീ,
വെറുമുരുളച്ചോറാലെ മോഹിപ്പിക്കേണ്ട..!

By ivayana