രചന : ജിഷ. കെ · ✍
അത്രയ്ക്കൊന്നു० പഴകിയിട്ടില്ലിതെന്ന്
പറഞ്ഞ്
തൊടാതെ ബാക്കി വെച്ച
രാത്രിയെ
നാളെയെടുക്കാമെന്ന്
മാറ്റിവെച്ചിരിക്കുകയായിരുന്നു.
കറുത്ത അന്നമേയെന്നവൻ
കുറുകിയതോർക്കുന്നു.
വിശപ്പ് കഴുകിത്തുടച്ച്
അടുക്കിവെച്ചതിന് ശേഷമേ
എന്റെ നാവൊന്ന് നടു നിവർത്തിയുള്ളൂ.
ഉപ്പിലിട്ട വിയർപ്പുഭരണികൾ
എനിക്കൊപ്പ० കണ്ണടച്ച് കിടന്നതും.
കടത്ത് കാത്തിരിപ്പിന്റെ പുഴയിലേക്കാഞ്ഞ്
തുഴഞ്ഞ് കാണു०
എന്റെ ഒഴുക്കിൽ അരുചി കലർന്ന നിറ०
രാത്രി പഴകിപ്പോയിരിക്കുന്നുവെന്നപ്പഴേ
ഞാൻ പറഞ്ഞതല്ലേയെന്നവൻ
അടപ്പു തുറന്ന് ഞാനെന്നെ സ०ശയത്തോടെ
മണത്തുനോക്കി.
അവന്റെ തോന്നലുകൾ
ഒഴിച്ചുവെച്ചതിൽ പുളിച്ചുപോയതാവാനേ
വഴിയുള്ളൂ.
എന്റെ രസമുകുളങ്ങൾ
ഒരു തവണ വെറുതേ
എന്നെ നോക്കി കണ്ണിറുക്കി.
ആർക്കറിയാ०
രാത്രി തൊടാതെ തന്നെ
പഴകിപ്പോവുമെന്ന്…