രചന : വർഗീസ് കുറത്തി ✍
സങ്കട വിഹഗങ്ങൾ
പറന്നു നെഞ്ചിൽ കൊത്തി
സഞ്ചിത ഗർവിൻ
തോലു പൊട്ടി ഞാൻ കരഞ്ഞു പോയ്!
അഷ്ടദിക്കിലും കാള –
സർപ്പങ്ങൾ വിഷം മുറ്റി
കൊത്തുവാൻ തക്കം പാർത്തു
കിടപ്പു നിശ്ശബ്ദമായ് !
സൗന്ദര്യ സരിത്തിലും
ഹേമകൂടത്തിൽ പോലും
ഈ വിഷം നിറഞ്ഞല്ലോ
മേഘമേ പെയ്യല്ലേ നീ!
വഞ്ചനയുടെ മൂങ്ങ
കണ്ണുകൾ തള്ളിച്ചതാ
അമ്മ തൻ മടി പൂകി
മിണ്ടാതെയിരിക്കുന്നു!
കണ്ടവർ കതകട
ച്ചകത്തു പത്തായത്തിൽ
കയറി വീർപ്പും മുട്ടി
ചുമച്ചുവിയർക്കുന്നു!
എങ്ങനെ പറയും ഞാൻ
പറയാതിരുന്നാലോ
ജീവിതം വരൾ വള്ളി
പോലങ്ങുകരിയില്ലേ?
സത്യമൊരജ്ഞാതമാം
ദിക്കിലേക്കൊളിക്കുന്നു
കലതൻ മൃണാളങ്ങൾ
പൊയ്കയിൽ കുളിക്കട്ടെ
ചതുരരഭിനയ ചതുരർ
സദാതന്ത്ര വിദ്യയാൽ
ദന്തിക്കുമേൽ ഇരിക്കും
സ്വസ്ഥരായ് സ്വകാര്യരായ്.