ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

“മുഴുത്ത മുലകളുണ്ടെങ്കിൽ ഫിലിമിലേക്ക് തെരഞ്ഞെടുക്കും എന്ന് പറഞ്ഞത് കേട്ടാണ് പാഡ് ഒക്കെ വെച്ചുകെട്ടി പോയത്. എന്നാൽ അവിടെയെത്തിയപ്പോൾ ഒരാൾ അകത്തേക്ക് വിളിച്ചു, വെച്ചുകെട്ട് അഴിക്കാൻ പറഞ്ഞു…..”മുൻപെങ്ങോ വായിച്ച ഏതോ പഴയകാല നടിയുടെ തുറന്നുപറച്ചിലാണ് ഇത്.അന്നുമുതൽ ഫിലിം ഫീൽഡ് എന്നത് മുള്ള് തറഞ്ഞത് പോലെയായിരുന്നു.
എന്നാൽ കുടുംബത്ത് നിന്ന് തന്നെ ഫിലിം ഫീൽഡിൽ ആളുണ്ടായി. അണിയറയിലും അരങ്ങത്തും.മേക്കപ്പ് സെക്ഷനിൽ അവാർഡ് വിന്നർ ഒക്കെയായ കുടുംബത്തിലെ മൂത്ത ഇക്ക, പാട്ടിന്റെയും അഭിനയത്തിന്റെയും വഴിയിൽ കസിൻ.പിന്നെ സുഹൃത്തുക്കളിൽ, നാട്ടുകാരിൽ ചിലർ…..ഇവരിൽനിന്നും അറിയാൻ കഴിഞ്ഞത് ഏതൊരു ഫീൽഡും പോലെ നല്ല മനുഷ്യരും വഴികളും ഇതിലും ഉണ്ടെന്ന് തന്നെയാണ്.പല മനുഷ്യരും പലയിടത്തും ചോദിക്കുന്ന ചോദ്യങ്ങളിൽ അതിശയം തോന്നി!!
📌സിനിമ നടിയാകാൻ പോകാൻ ആരെങ്കിലും പറഞ്ഞോ? കിടന്നുകൊടുക്കേണ്ടി വരുമെന്ന് അറിയാമായിരുന്നല്ലോ!!
കിടന്നുകൊടുത്താലേ നടിയാകാൻ കഴിയൂ എന്ന് പറയുന്നതിലെ, നിങ്ങൾ ആണഹന്തയെ support ചെയ്യുന്നത് സഹതാപം ഉണ്ടാക്കുന്നു.സിനിമയിൽ അഭിനയിക്കുക എന്നത് വേറെ ഏതൊരു മേഖല തെരഞ്ഞെടുക്കുന്നത് പോലെയും അവരവരുടെ പാഷനാണ്, ജീവിതമാണ്, ജീവനാണ്. അതിനവർക്ക് right ഉണ്ട്. അതുകൊണ്ട് അവരുടെ ശരീരം കാഴ്ചവെയ്ക്കണമെന്നില്ല,അത് പറയാൻ അന്തസ്സുള്ള തന്തയ്ക്കും തള്ളക്കും ഉണ്ടായവർക്ക് കഴിയുകയുമില്ല.
📌ഒരുമിച്ച് സുഖിച്ചിട്ട് അവനെ മാത്രം തെറ്റുകാരനാക്കുന്നത് നല്ലതാണോ?
നിങ്ങളെന്നാണ് മനസ്സിലാക്കുക? ഒരു സ്ത്രീയും പുരുഷനും പരസ്പരസമ്മതത്തോടെ ഒരുപാട് പ്രാവശ്യം ഒരുമിച്ചിട്ടുണ്ടാകാം. അവൾക്ക് ഇപ്പോൾ അയാൾ തൊടുന്നത് ഇഷ്ടമല്ല എങ്കിൽ തൊടരുത് എന്ന് തന്നെയാണ്. അതുവരെ തന്റെ ഇഷ്ടപ്രകാരം ആസ്വദിച്ചതല്ലേ എന്നുകരുതി ബലം പ്രയോഗിച്ചാൽ വകുപ്പ് മാറും!!മനുഷ്യരുടെ മാനസിക ശാരീരിക അവസ്ഥകൾ എപ്പോഴും ഒരുപോലെയാകില്ല. സമ്മതത്തിന്റെ sign പോലും ഇല്ലാതെ കേറിപ്പിടിച്ചിട്ട് കാറിക്കരഞ്ഞിട്ട് കാര്യമില്ല.
📌അവൾ എന്തിനാണ് ഇപ്പോൾ അത് തുറന്നുപറയുന്നത്?അന്ന് പറയാമായിരുന്നില്ലേ?
അവൾക്ക് ഇപ്പോൾ പറയാനാണ് തോന്നിയത്, അത്രന്നെ!!
പറഞ്ഞാൽ അപ്പോൾ തന്നെ അവൾക്കായി നിയമം കൊണ്ട് കുടപിടിക്കുന്നവർ ആരുണ്ട്? സംഘടനകളിൽ അവൾ ഒറ്റപ്പെട്ടുപോകില്ലേ? സിനിമ ഫീൽഡിൽനിന്ന് തന്നെ അവളെ അകറ്റി നിർത്തില്ലേ?ഗുണ്ടാ സെറ്റപ്പും ക്രൂരതയും നിറഞ്ഞു നിൽക്കുന്ന അധോലോകമാണ് ഫിലിം ഫീൽഡ് എന്ന് എത്രയോ നാളുകൾക്ക് മുൻപ് മനസ്സിലായതാണ്.ആ ഫീൽഡ് അല്ലെങ്കിൽ പോലും അവൾ ഒറ്റപ്പെടും.സഹായിക്കാൻ അർഹതയുള്ളവർ പോലും അതിനായി ഇറങ്ങിതിരിച്ചവരെ നോക്കുക്കുത്തിയാക്കിയ ത് നാം കാണുന്നു.
📌അവൾക്ക് കിട്ടുന്നതും വാങ്ങി വെറുതെയിരുന്നാൽ പോരായിരുന്നോ? എന്തിനാണ് ഇങ്ങനെ ഓരോരുത്തരെ വെറുപ്പിക്കുന്നത്?
അതേ അതുമതിയായിരുന്നു അല്ലേ?ഇതുപോലുള്ള പകൽമാന്യന്മാരുടെ മുഖമൂടി വലിച്ചഴിക്കരുതായിരുന്നു അല്ലേ? ഫിലിം ഫീൽഡ് തെരഞ്ഞെടുക്കുന്ന ജൂനിയർ ആർട്ടിസ്റ്റ്കളുടെ പോലും മടിക്കുത്തഴിക്കുന്ന പുരുഷാധിപത്യത്തിന്റെ മുഖത്തിന്‌ നേരെ വിരൽച്ചൂണ്ടലുകൾ വേണ്ടായിരുന്നു അല്ലേ!!തനിക്ക് കിട്ടുന്നതിന് വേണ്ടി മനുഷ്യത്വവും അന്തസ്സും പണയം വെയ്ക്കണമായിരുന്നു അല്ലേ?
📌എന്തിനാണ് ഫിലിം ഫീൽഡ് തെരഞ്ഞെടുത്തത്? അവിടെ ഇത് തന്നെയാണ് എന്നറിയില്ലേ? അഴിച്ചുവിട്ടിട്ട് കരയുന്നതെന്തിനാണ്?
പുരുഷന്മാർ മാത്രം അഭിനയിച്ചാൽ മതിയോ? അങ്ങനെയായാൽ ഈ പറയുന്ന എത്രപേർ തുടരെ കാണും?ആഗ്രഹങ്ങളുടെ പുറത്ത് തന്റെ മേഖല ഇതാണെന്ന് തിരിച്ചറിഞ്ഞിട്ട് വരുന്നവരുമുണ്ട്. തന്റെ ഇഷ്ടങ്ങളിലൂടെ മുന്നോട്ട് പോകാൻ മുകളറ്റം മുതൽ താഴെവരെയുള്ളവർക്ക് adjust /comprmise ചെയ്യണം എന്ന് പറയുന്നത് ശരിവെയ്ക്കുകയാണോ?
📌ഇവളൊക്കെ ഇങ്ങനെ പറഞ്ഞിട്ട് എന്തുണ്ടാക്കാനാണ്?
ഇനിയും ആഗ്രഹങ്ങളുടെ ചുവടുപിടിച്ച് filim ന്റെ വഴിയേ നടക്കുന്ന സ്ത്രീകൾക്ക് ആ വഴികൾ കൂടുതൽ വിശാലമാകും. അവളോട്‌ കിടക്ക വിരിക്കാൻ പറയാൻ ആർക്കും തോന്നരുത്. തോന്നിയാലും എന്നെങ്കിലും അതിന് ഉത്തരം പറയേണ്ടി വരുമെന്ന് ചിന്തിക്കണം. അടിമകളാക്കി തന്റെ ഇംഗിതങ്ങൾക്ക് വിധേയരാക്കാൻ കഴിയരുത്. വംശനാശമൊന്നും വരില്ലെങ്കിലും ഒരു ഭയമെങ്കിലും ഉണ്ടാകുമെന്നത് സത്യമാണ്.
📌ഒരു പെണ്ണിനെ അനുഭവിക്കണം എന്ന് തോന്നുന്നത് തെറ്റല്ലല്ലോ?
തെറ്റല്ല, പ്രായപൂർത്തിയെത്തിയ ആ പെണ്ണിനും പൂർണ്ണ സമ്മതമാണെങ്കിൽ. ആരെക്കണ്ടാളും കൂടെകിടത്തണം എന്ന് ചിന്തിക്കുന്നത് നല്ല അടിചികിത്സവേണ്ട ഒന്നാണ്.
📌സ്ഥാനമാനങ്ങൾക്കും അവസരത്തിനും വേണ്ടി എന്തിനും തയ്യാറാകുന്നവർ ഇല്ലേ?
ഉണ്ടാകും എന്നല്ല ഉണ്ട്, ഒരുവളുടെ ശരീരം കാഴ്ചവെച്ചാൽ അവസരം തരാം എന്ന് ചിന്തിക്കുന്ന അവരെ പോലെ…..
എന്നാൽ എല്ലാവരും അങ്ങനെയല്ല, തന്റെ കഴിവിന് അർഹതയ്ക്ക് കിട്ടുമെങ്കിൽ വാങ്ങുംഎന്ന് ചിന്തിക്കുന്നവരുണ്ട് , അവർക്ക് കഴിവുണ്ട് അവസരം കൊടുക്കാമെന്നു ചിന്തിക്കുന്നവരെ പോലെ…..
📌ഇവളൊക്കെ പറയുന്നത് ആര് വിശ്വസിക്കാനാണ്?
തന്റെ ഇഷ്ടപ്പെട്ട ഫീൽഡ് ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം എന്നുറപ്പിച്ചുകൊണ്ട്,
കുടുംബത്തിലും സമൂഹത്തിലും പലവിധ നഷ്ടങ്ങളും വന്നേക്കാമെന്ന് ചിന്തിച്ചുകൊണ്ട്, സമൂഹത്തിൽ കുറച്ചേറെ പേരുടെ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടാണ് കുറച്ചുപേർ ഇതൊക്കെ തുറന്ന് പറയുന്നത്…..
ഇതിനെതിരെ ഇറങ്ങിത്തിരിച്ചത്. അവരെ അനുകൂലിച്ചില്ലെങ്കിലും ചെളി വാരിയെറിയരുത്.എന്നാൽ മനഃപൂർവ്വം നിരപരാധികളെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പ്രതിയാക്കുന്നവർ ഉണ്ടെന്നത് സത്യമാണ്, അത് തിരിച്ചറിയപ്പെടേണ്ടതാണ്.
ഒരുവൾ തുടങ്ങിവെച്ച അതിജീവനത്തിന്റെ തുടർച്ചയാണിത്. അതുമുതലിങ്ങോട്ട് പല സിംഹസനങ്ങളും ഇളകുന്നുണ്ട്.സിനിമ മാഫിയകൾ പുറത്താകുന്നുണ്ട്, അക്രമവും ഗുണ്ടായിസവും വിലപോകില്ലെന്ന് തെളിയുന്നുണ്ട്.എന്ത് നഷ്ടപ്പെട്ടാലും മാനത്തെക്കാൾ വലുതല്ല എന്ന് ചിന്തിച്ചുകൊണ്ട് പുഞ്ചിരിയോടെ പോരാടിയ ഒരാളുണ്ട്, അവൾക്കൊപ്പം നിന്ന കുറച്ചേറെ മനുഷ്യരുണ്ട്…..അതിജീവിത ❤️
കുറ്റങ്ങൾ പറയുന്നവരോട്, തുറന്നുപറയുന്നവരെ വാക്കുകൾകൊണ്ട് ദ്രോഹിക്കുന്നവരോട്…..
ഓർമ്മിച്ചുനോക്കൂ, നമ്മുടെ ശരീരത്തിൽ അറിയാതെ അമർന്ന ഏതോ കരം ഇന്നും അറപ്പുണ്ടാക്കുന്നില്ലേ? അട്ട ഇഴയുന്ന പോലുള്ള ആ ഓർമ്മയിൽ കണ്ണ് നിറയുന്നില്ലേ? ആരോടും തുറന്ന് പറയാൻ കഴിയാത്തത് വല്ലാത്തൊരു വിങ്ങലല്ലേ? അന്ന് ആരെങ്കിലും കൂടെ നിൽക്കും എന്നുറപ്പുണ്ടെങ്കിൽ പറയാമായിരുന്നു എന്ന് ചിന്തിച്ചിട്ടില്ലേ ?ഒരിത്തിരി ധൈര്യത്തിനായി ചുറ്റും നോക്കിയിട്ടില്ലേ?
അതേ കൂടെ നിൽക്കാനും സപ്പോർട്ട് ചെയ്യാനും ആളുണ്ട് എന്ന് തന്നെയാണ് ഇത്രെയേറെ തുറന്നുപറച്ചിലുകളിൽ നിന്നും പോരാട്ടങ്ങളിൽനിന്നും മനസ്സിലാകുന്നത്!ഇനിയുള്ളവർക്കെങ്കിലും സ്പോട്ടിൽ പ്രതികരിക്കാനാകട്ടെ, ആ തീയിൽ വെന്ത് നീറി ജീവിക്കാൻ ഇടവരാതിരിക്കട്ടെ…..
ഇതൊക്കെ പറയുമ്പോഴും ആശിച്ചുപോകുന്നു, തന്റെ അമ്മയെ പോലെ മകളെപ്പോലെ പെങ്ങളെപ്പോലെ ഭാര്യയെപോലെ ഒരു സ്ത്രീയാണ് തന്റെ മുൻപിലുള്ളതും എന്ന് ചിന്തിക്കാനുള്ള ബോധം പുരുഷന്മാർക്കും ഉണ്ടാകട്ടെ എന്ന്!(അങ്ങനെയുള്ളവരാണ് കുറെ, എല്ലാ ചിന്തയുമെണ്ടെങ്കിലും അന്തസ്സ് സൂക്ഷിക്കാൻ തന്നെ നിയന്ത്രിക്കുന്നവരും, തനിക്ക് സ്വാതന്ത്ര്യം ഉള്ളിടത്ത് മാത്രം എന്തും ചെയ്യാൻ ബോധമുള്ളവരുമുണ്ട് )
അവൾക്കും ഇഷ്ടമാകാതെ നഖത്തിൽ പോലും സ്പർശിക്കില്ലെന്ന്….. അത് ഒരു പുരുഷൻ ജീവിതാവസാനം സൂക്ഷിക്കേണ്ട അന്തസ്സാണെന്ന്…..
ഒരു സ്ത്രീയെ സംരക്ഷിക്കുന്നവനാണ് പുരുഷൻ, കിട്ടുന്ന ഇടത്ത് കൊത്തിപ്പറിക്കാൻ കൊമ്പല്ലുകൾ രാകുന്നവന് മനുഷ്യനെന്ന പേര് ചേരില്ലെന്ന്!!

സഫി അലി താഹ

By ivayana