രചന : കൃഷ്ണമോഹൻ കെ പി ✍
കായാമ്പൂ വർണ്ണനായ് മണ്ണിൽ പിറന്നൊരു
കാരുണ്യമൂർത്തി നിൻ ലീലകളെ
കണ്ണിനാൽ കാണുന്നു, ഉള്ളിൽ സ്മരിക്കുന്നു
കാർവർണ്ണാ,കണ്ണാ തുണച്ചീടണം
കർമ്മപഥത്തിങ്കൽ നീ വന്നുചേർന്നോരു
കൃഷ്ണാഷ്ടമിയിൽ എൻ്റെ ഭക്തി
കൈതവശാലിയാം നിന്നുടെ പാദത്തിൽ
കൈവല്യം പൂകാൻ സമർപ്പിപ്പു ഞാൻ
കാതരയാകുമാരാധയുമൊത്തു നീ
കരളിലെ വൃന്ദാവനത്തിലെത്തൂ
കാർമേഘവർണ്ണനാം വാസുദേവാ നിന്നെ
കാണാൻ കൊതിയോടെ നില്ക്കുന്നു ഞാൻ
കാണുമ്പോളച്യുതൻ, കാണായ്കിലവ്യയൻ
കൃഷ്ണാ, കൃപാ സരിത് സാഗരം നീ
കാമ്യയീ ഭൂമിക്കു നന്മ പകരുവാൻ
കേശവാ വീണ്ടും പുനർജനിക്കൂ
കാലം കലികാലമെങ്കിലും നിന്നുടെ
കാലാതിവർത്തിയാം ചെയ്തികളെ
കാരണകാരകാ എന്നും ഞാനോർക്കുന്നു
കാൽത്തളിരിങ്കൽ വണങ്ങിടുന്നൂ……