നന്ദനന്ദന രാമസോദര
ഇന്ദുവദന മാധവ
നിന്ദകൾ മാഞ്ഞെൻ ചിന്തയാം മണി
മന്ദിരത്തിൽ വിളങ്ങണെ
ചന്തമോടെന്നും പുഞ്ചിരിയോടെ
വെണ്ണിലാവായ് തിളങ്ങണെ
ചന്ദനഗോപി സുന്ദരമാക്കും
അഞ്ജിത രൂപം കാണണം
അഞ്ജനവർണ്ണ അംബുജനേത്ര
സഞ്ചിതപുണ്യമേകണം
ഭൂമിലാവണ്യം പോലെ ഭൂതന
യെത്തുമ്പോളറിഞ്ഞീടണം
വിഷം പുരട്ടിയ നഗ്നമാറിൻ
പ്രാണനൂറ്റിയെടുക്കണം
ഇളകിയാടും കാളിയദർപ്പം
നൃത്തമാടിയടക്കണം
വാ പിളർന്നലറാൻ തുടങ്ങവെ
വടിയുമായ് യശോധര
വാ പിളർന്നങ്ങു നിന്നുപോയ യാ
കാഴ്ച കാട്ടിയ മാധവാ
ഭക്തനാകിയ യക്രൂരനുടെ
ഇഷ്ടസ്വാമിയാം കേശവ
ഭക്തിയോടെ തൊഴുതിടുന്നേരം
മുക്തിമാർഗ്ഗങ്ങൾ കാട്ടണം
ഹിംസകൾ കാട്ടി കംസനെത്തുമ്പോൾ
സുദർശനമായ് മാറണം
രാഗമാലിക കോർക്കും രാധതൻ
രാഗരാജ കുമാരക
തിരുമുടിക്കെട്ടിൻ പീലികൾ പോലെ
മാനസം നൃത്തമാടണം
ചൊടികളിൽ നിന്നു വേണുഗീതങ്ങ
ളൊഴുകി വന്നുള്ളിൽ നിറയണം
ചോർന്നു പോകാതെ ശക്തിയേകുന്ന
പാർത്ഥസാരഥിയായെത്തണം
ഗോപികമാർക്കൊപ്പമോരോരോ
ഗോവിന്ദൻ നൃത്തമാടിടും
ഗോകുലത്തിൻ വസന്തമേ കൃഷ്ണ
ഗോപാലക നമോസ്തുതെ.

എം പി ശ്രീകുമാർ

By ivayana