രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍
കണ്ണാ,നിൻതിരുരൂപം
കണ്ടു കൈതൊഴാനായെൻ
കണ്ണുകൾക്കുണ്ടാകണേ
കാഴ്ചയെന്നും
കണ്ണാനിൻ തിരുനാമം
കേട്ടു കോൾമയിർകൊള്ളാൻ
കർണ്ണങ്ങൾക്കുണ്ടാകണേ
കേൾവിയെന്നും
വെണ്ണയൊരായിരംകലം ഞാൻ കടഞ്ഞുനൽകാം
ഉണ്ണിഗോപാലാ കനി-
ഞ്ഞീടു വേഗം
മണ്ണിലും വിണ്ണിലുമി-
ബ്രഹ്മാണ്ഡമാകെയും നീ
കണ്ണായകണ്ണായ്തന്നെ
നിൽപ്പുകണ്ണാ!
ആയിളം ചൊടിയിൽനി-
ന്നൂറുന്നൊരാ പുഞ്ചിരി,
ആയർകുലനാഥാഞാൻ
കാൺമൂ നിത്യം
തൂമഞ്ജുളാഭയെഴു-
മോമൽ കിരീടവുമായ്
താമരനയനാ നീ-
യോടിയെത്തൂ
ചേലൊത്തൊരാ പീലിയും
ചൂടിയെൻമുന്നിൽ വന്നാൽ
കോലക്കുഴലൊന്നുതൃ-
കൈയിൽ നൽകാം
പൊന്നരഞ്ഞാണം നൽകാം
പൊന്നിൻ തളകൾ നൽകാം
പുന്നെല്ലവിലും കൊണ്ടേ-
യങ്ങുനൽകാം
ത്വൽപാദപത്മങ്ങളിൽ
വീണു നമിച്ചിടാനായ്
മൽപ്രേമസൗഭാഗ്യമേ-
യെത്തൂ മുന്നിൽ
വേദാന്തവേദ്യനായി,
വേദസ്വരൂപനായി-
ങ്ങേതേതുനേരവും നീ-
യെത്തൂ മുന്നിൽ
ചിൻമയരൂപാ ജൻമ-
കർമ്മം സംശുദ്ധമാക്കാൻ,
കൽമഷമുള്ളിൽനിന്നൊ-
ന്നായകറ്റാൻ,
ഉൺമയാർന്നുൻമുഖമെൻ ജീവിതമുജ്ജ്വലിക്കാൻ
ധർമ്മരഥം തെളിച്ചെ-ത്തീടുകേവം.