ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

വൃദ്ധസദനത്തിന്റെ മുറ്റത്ത്‌ ഒരു കാർ വന്നുനിന്നു. നാലും ആറും വയസ്സുള്ള രണ്ട് പെൺകുരുന്നുകൾ അവരുടെ അച്ഛനോടൊപ്പം കാറിൽനിന്നിറങ്ങി.
കാറിൽ അവിടത്തെ അന്തവാസികൾക്കെല്ലാമുള്ള വസ്ത്രങ്ങളും അവർക്കുള്ള പലഹാരപ്പൊതികളും
ഉണ്ടായിരുന്നു.
വസ്ത്രങ്ങളും പലഹാരപ്പൊതികളുമെല്ലാം അവിടത്തെ പരിചാരകരുടെ
സഹായത്തോടെ അവർ എല്ലാവർക്കുമായി വിതരണം ചെയ്തു.
കുട്ടികൾക്ക് അവിടുത്തെ മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയുമൊക്കെ വളരെ
ഇഷ്ടമായി.
മുത്തശ്ശന്മാരും മുത്തശ്ശിമാരും
പലഹാരപ്പൊതി അഴിച്ച് അത് കഴിക്കുന്നതും വസ്ത്രങ്ങളുടെ ഭംഗി നോക്കുന്നതും ഒക്കെ കണ്ട് കുട്ടികൾ
അതിലേയൊക്കെ ചുറ്റിനടന്നു.
അവരുടെ അച്ഛൻ കുറച്ചു മാറി
ആർക്കോ ഫോൺ ചെയ്തുകൊണ്ട് നിൽക്കുകയായിരുന്നു.
“ഒരു മുത്തശ്ശിക്കഥ പറയാമോ..?
അതിൽ മൂത്തകുട്ടി മുത്തശ്ശിമാരോടായി ചോദിച്ചു.
“ഞാൻ പറയാം.”
അതിലൊരു മുത്തശ്ശി പറഞ്ഞു.
അവർ രണ്ടുകുട്ടികളുടെയും കവിളുകളിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് കഥ പറയാൻ തുടങ്ങി..
കുട്ടികൾ കാതുകൂർപ്പിച്ചിരുന്നു.
കാരണം അവർ ഇതിനുമുമ്പ് മുത്തശ്ശിക്കഥ കേട്ടിട്ടില്ലായിരുന്നു.
“ഒരിടത്തൊരിടത്ത് സ്നേഹമുള്ള ഒരു ഭാര്യയും ഭർത്താവുമുണ്ടായിരുന്നു.
അവർക്ക് നാല് ആൺമക്കളും.
മക്കളുണ്ടായപ്പോൾ അവർ അച്ഛനും അമ്മയുമായി.
ആ അച്ഛനും അമ്മയും കൂടി പകലന്തിയോളം കൂലിവേലചെയ്തു.
മക്കൾക്ക്‌ വയറുനിറച്ചു കഴിക്കാൻ വേണ്ടി അവർ പട്ടിണികിടന്നു.
ചോരുന്ന കൂരയിൽ മക്കൾ നനയാതെ
കുടനിവർത്തിപ്പിടിച്ച് രാത്രികളിൽ ഉറങ്ങാതെ കാവലിരുന്നു.
മക്കളെ നന്നായി പഠിപ്പിച്ചു.
മക്കൾ വളർന്നു വലുതായി.
എല്ലാവർക്കും. ജോലിയായി.
എല്ലാവരും കല്യാണവും കഴിച്ചു.
നാലുപേർക്കും കുട്ടികളുമായി.
അപ്പോൾ ആ അച്ഛനും അമ്മയും
മുത്തശ്ശനും മുത്തശ്ശിയുമായി.
അങ്ങനെയിരിക്കെ മുത്തശ്ശൻ മരിച്ചുപോയി…!
മുത്തശ്ശി തനിച്ചായി..!.”
“ശ്ശോ. എന്നിട്ട് “
ഇളയകുട്ടിയാണത് ചോദിച്ചത്.
കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ
നാലുമക്കളും ഒത്തുകൂടി മുത്തശ്ശിയോട് പറഞ്ഞു.
നമുക്കൊരിടം വരെ പോകാമെന്ന്.
പക്ഷേ… “
മുത്തശ്ശി ഒന്നു വിതുമ്പി
“അത് ഇങ്ങോട്ട്..
ഈ വൃദ്ധ സദനത്തിലൊട്ടാണെന്ന്
മുത്തശ്ശിക്കറിയില്ലായിരുന്നു മക്കളെ”
പട്ടിയെയും പൂച്ചയെയുമൊക്കെ
എവിടെയെങ്കിലും കൊണ്ടുപോയി ക്കളഞ്ഞിട്ട് പോകുമ്പോലെ എന്റെ മക്കൾ..
ഞാൻ ആറ്റുനോറ്റൂ വളർത്തിയ
മക്കൾ എന്നെ ഇവിടെ ഉപേക്ഷിച്ചിട്ടു
പോയി.
മുത്തശ്ശി കണ്ണീരൊപ്പിക്കൊണ്ട് പറഞ്ഞു.
“കരയേണ്ട മുത്തശ്ശി..’
കുട്ടികൾ അവരെ സമാധാനിപ്പിച്ചുകൊണ്ട്
അവരുടെ ഇരുകവിളിലും ഉമ്മവച്ചു.
തിരികെ മുത്തശ്ശിയും.
കാറിൽ തിരികെ മടങ്ങുമ്പോൾ അവർ
അവിടെ കണ്ട കാര്യങ്ങളെക്കുറിച്ച്
ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.
ഒപ്പം ആ മുത്തശ്ശി പറഞ്ഞ കഥയും.
കഥ പകുതി ആയപ്പോഴേക്കും
അയാൾ അത് നിർത്താൻ ആവശ്യപ്പെട്ടു.
“എന്തു പറ്റി ഡാഡി..?”
കുട്ടികൾ ആശ്ചര്യത്തോടെ ചോദിച്ചു.
‘ബാക്കി പിന്നെയാവാം. ഡാഡിയ്ക്ക്
നല്ല തലവേദന “
അയാൾ ആസ്വസ്ഥതയോടെ പറഞ്ഞു.
അയാളുടെ തലവേദനക്ക് കാരണം
ആ മുത്തശ്ശിയായിരുന്നു.
അത്..
അത് അയാളുടെ അമ്മയായിരുന്നു.
ആ നാല് മക്കളിൽ ഒരാൾ അയാളായിരുന്നു..
കൊച്ചുമക്കളെ ഒന്നു കാണണമെന്ന
അമ്മയുടെ കുറെ നാളായുള്ള ആഗ്രഹം നിറവേറ്റിക്കൊടുത്തതായിരുന്നു അയാൾ..
പക്ഷെ തങ്ങളുടെ
മുത്തശ്ശിയാണിതെന്ന് മക്കൾ
അറിയരുതെന്നുള്ള കർശന നിബന്ധനയോടെ.
#######

By ivayana