ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഒരുതണ്ടെടുത്തവൻ സുഷിരമിട്ടു
പ്രാണനതിനേകി നാദം പ്രതിധ്വനിച്ചു.
കാലിച്ചെറുക്കനെ ചേർത്തണച്ചു
മുളന്തണ്ടിനെ മുത്താൻ മുഖത്തു വെച്ചു
ചെറുവിരൽ മെല്ലെ തൊടുത്തുവെച്ചു
മയിൽപ്പീലി നെറുകിൽ തിരുകിവെച്ചു
തിരുപാദമൊന്നിൽ പിണച്ചുവെച്ചു
കൃഷ്ണനാദ്യപാഠങ്ങൾ പഠിച്ചെടുത്തു
വൃന്ദാവനം മുഗ്ധ സാരംഗിതൻ
ശീകരമേറ്റു തളിർത്തു നിന്നു
വേഗം പിരിഞ്ഞവർ വീണ്ടുമെത്താൻ
നദീതീരം സരസ്വതിയെന്നു മാത്രം
ഒരുതണ്ടെടുത്തവൻ വെട്ടി വെച്ചു
അതിൽ കാരിരുമ്പിൻ ചീളു ചീന്തി വെച്ചു
ഒരു തുള്ളി നഞ്ചതിൽ തൊട്ടു വെച്ചു
അവൻ ഞാണേറ്റിയുന്നം പിടിച്ചിരുന്നു
ദൂരത്തു കണ്ണൻപടിഞ്ഞിരുന്നാൻ തുടു
പെരുവിരൽ തത്തമ്മച്ചുണ്ടു പോലെ
വനമാല കൗസ്തുഭം നീലവർണ്ണത്തിലായ്
മഞ്ഞക്കുറി,പ്പട്ടുമായുധവും
പ്രണവചാപത്തിലാത്മശ്ശരം വെച്ചു
ബ്രഹ്മനാദത്തിലേക്കെയ്ത പോലെ
വിരലിലേക്കൻപു,തുളഞ്ഞുകേറി
നാദമൊരുമോദബിന്ദുവായ്‌ വാനമായി
ശേഷമതിഗാഢനീലിമയേറ്റെടുക്കാൻ കടൽ
ദ്വാരകാതീരം കടന്നുചെന്നു
. ! .

സുദേവ് ബി

By ivayana