രചന : ദിജീഷ് കെ.എസ് പുരം✍
ഇതൊരു വിലക്ഷണഭവനത്തിന്റെ
മൂന്നാംനിലയിലെ കിടപ്പറ.
പുറത്തെ തെരുവിനെ
ഏകദേശംപൂർണ്ണമായി
എന്നെ കാണിച്ചും കേൾപ്പിച്ചും
തരുന്ന വിശാലജാലകം.
കുറച്ചുനാളായി
പ്രപഞ്ചത്തിന്റെയേതോ
ഒഴിഞ്ഞയിടനാഴിയിൽനിന്ന്
ഉൽപ്രവാസത്തിനെത്തിയ
വിജനതയാലും നിശ്ശബ്ദതയാലും
ഈ തെരുവു ഭരിക്കപ്പെടുന്നു!
അവരെ ഭഞ്ജിക്കണമെന്നുണ്ട്,
അവിടെയെത്തി, ഒന്നുറക്കെകൂവി
തെരുവിനെ ഉണർത്തണമെന്നുമുണ്ട്,
പക്ഷേ, തുടർക്കൊലപാതകിയായ
ഒരു സ്ത്രീക്ക്, അങ്ങനെയെല്ലായ്പ്പോഴും
പുറത്തുപോകാൻ കഴിയില്ലല്ലോ!
മാത്രമല്ല, നിയതദിനത്തിൽത്തന്നെ
പുതിയ വിഷണ്ണകാമുകൻ, കവി
ഈ ശയനമുറിയിലെത്തിയിട്ടുമുണ്ട്.
തലമുറകൾ കൈമാറിക്കിട്ടിയ
അതിപുരാതനമായ
ചുവന്നു കറുത്ത വീഞ്ഞ്
അവന്റെ ചുണ്ടിൽ മുത്തിക്കുമ്പോൾ,
ആദ്യകാമുകന്റെ തടിച്ചുവിശന്ന
അടിവയറിനാഹരിക്കാൻനല്കിയ
ഒൻപതു വെടിയുണ്ടകളെ ഓർമ്മവന്നു,
അന്നേരം തെരുവെന്റെ ജനനത്തെ
പടക്കങ്ങളാൽ അലങ്കരിക്കുകയായിരുന്നു!
ഉമിനീരുകൾ കലർന്നാൽ പുതുരുചികൾ.
നാക്കുകൾപിണഞ്ഞു സ്നേഹിച്ചപ്പോഴാണ്,
‘വിസ്ക്കിക്കു കയ്പുള്ള ബദാംമണമെന്നു’
പറഞ്ഞപ്പോൾത്തന്നെ
‘പൊട്ടാസ്യം സയനൈഡ് ‘
വിഷാരുചിയാൽപ്പൊള്ളിച്ചുകൊന്ന
രണ്ടാമത്തെ കാമുകനെയോർത്തത്,
തെരുവിലെ നിറങ്ങളപ്പോൾ
ഹോളിയാഘോഷങ്ങളിലായിരുന്നു.
ഏറെനാളായ് അന്യസ്പർശത്തെ
നിഷിദ്ധമാക്കിയിരുന്ന
എന്റെയുടൽനാടിന്റെ
തലസ്ഥാനമായ പിൻകഴുത്തിൽ
അവന്റെ താടിരോമങ്ങൾ
മുട്ടിമുട്ടാതെ ചിത്രംവരയ്ക്കുന്നു.
ഓരോ നനുത്ത ചെമ്പൻരോമങ്ങൾക്കും
അവയുടെ രതിധർമ്മങ്ങൾ ബോദ്ധ്യപ്പെട്ട്,
അവ, അവനോടു കടപ്പെട്ട്
കൃതാർത്ഥരാകുന്നതു ഞാനറിയുന്നു.
ചുംബനമഹാമഹത്താൽ
എന്റെയുടൽമുറിയുകയായിരുന്നു,
‘കായംകുളംവാൾ’
ഹൃദയത്തിൽ കുത്തിയിറക്കപ്പെട്ട
മൂന്നാം കാമുകനെപ്പോലെ,
അങ്ങനെയെത്രയെത്രപേർ!
ആഗ്രഹങ്ങളുടെ നിലവറയിൽ
ആ ‘ശവങ്ങൾ’ ഇപ്പോഴും ജീവനോടെയുണ്ട്!
‘ചുംബനം അദൃശ്യമായ ഒറ്റത്താക്കോലാണ് ‘
ചെവിയിലൊരുമ്മ പ്രതിധ്വനിക്കുന്നു,
എന്നിലെ എല്ലാ അഴിയാപ്പൂട്ടുകളും
അതിനാൽ തനിയെ തുറക്കപ്പെടുന്നു.
(തുരുമ്പിച്ചുവെന്നുറപ്പിച്ചവപോലും!)
പുറമിത്രയും വിശാലമായ,
ഫലഭൂയിഷ്ഠമായ ഭൂപ്രദേശമായിരുന്നോ!
എത്രയെത്ര കവിതകളാണ്
അവനെഴുതിക്കൊണ്ടേയിരിക്കുന്നത്.
‘ഉടൽ – എന്തുമെഴുതി മായ്ക്കാവുന്ന
ഹരിതപത്രമാണ്,
ഏതു വാദനത്തിനും സാദ്ധ്യമായ
വാദ്യോപകരണവുമാണ്.’
ചിരനുഭവങ്ങളില്ലാത്ത ശ്രദ്ധയെ
ആ വിരൽത്തുമ്പിൽക്കൂർപ്പിച്ച്
ധ്യാനംകൊള്ളുക,
എല്ലാം മനനംചെയ്യുക.
‘എന്റെ വിഷാദ രാജകുമാരീ’
മായ്ക്കാനാവാത്ത ആ മനമെഴുത്തിലാണ്
കടിഞ്ഞാൺപൊട്ടിയതും
അതിവേഗത്തിൽ തിരിഞ്ഞവനെ
നെഞ്ചിലേക്കു പൂഴ്ത്തിയതും.
‘ഉടലുകളുടെ വൈദ്യുതലേപനത്തിൽ
ആത്മാവുകൾ കൈമാറ്റംചെയ്യപ്പെടുന്നു!’
ആദ്യരതിമൂർച്ഛയുടെ കമ്പനത്തുടക്കത്തിൽ,
ഞാൻ നിലവിളിക്കാൻ തുടങ്ങിയപ്പോഴാണ്,
അവന്റെ പുറംചുമലിനുതാഴെ
പത്തു നഖങ്ങളുമാഴ്ത്തുമ്പോഴാണ്
ഭൂകമ്പമാവേശിച്ചതുപോലെ
തെരുവു ശബ്ദമുഖരിതമായത്,
അവനേയും എല്ലാ സുരതാനുഭവങ്ങളേയും
അതിന്റെ നിർണ്ണായകാന്ത്യത്തിലുപേക്ഷിച്ച്,
മുറിതുറന്ന്, വീടുതുറന്ന്
പരിപൂർണ്ണനഗ്നയായിത്തന്നെ
ഞാനിപ്പോഴീത്തെരുവിലേക്കോടുന്നു..,
ആൾക്കൂട്ടമെന്ന മഹോന്മാദത്തിലേക്ക്..!
✍