മലയാള ചലച്ചിത്രശാഖയിൽ ആസ്വാദനസൗന്ദര്യത്തിന് വേറിട്ടൊരു ചിട്ടയും അടക്കവും കൊണ്ടുവന്ന വലിയൊരു സംവിധായകനായിരുന്നു ഇപ്പോൾ വിടപറഞ്ഞ ശ്രീ. മോഹൻ.
സൂര്യദാഹം’ എന്ന ചിത്രത്തിന്റെ ചിത്രീകരണ കാലം മുതൽ മോഹനേട്ടനെ അറിയാം.
‘വാടകവീട്’ ൽ നിന്ന് തുടങ്ങി ജനകീയവും, കുടുംബപ്രിയതയും ഏറെ മുറ്റിനിന്ന 25 ലേറെ ചിത്രങ്ങളിലൂടെ ഒന്നാന്തരം കലാസൃഷ്ടികൾ കേരളത്തിന്റെ സാംസ്‌കാരിക സഞ്ചയത്തിൽ കാഴ്ചവെച്ച ഇദ്ദേഹം തന്റെ സിനിമകളിലൂടെതന്നെ അനശ്വര പദവിയിലേയ്ക്ക് ഉയർത്തപ്പെട്ട വ്യക്തിയാണ്.
എന്റെ പ്രിയ സുഹൃത്തുക്കളായ പവിത്രന്റെയും, ടി. വി. ചന്ദ്രേട്ടന്റെയും സമകാലീനനായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ വിദ്യാർഥിയായിരുന്ന മോഹനേട്ടനെ അവരിൽക്കൂടിയാണ് ഞാൻ ഏറെയും മനസ്സിലാക്കിയത്. ഇരിഞ്ഞാലക്കുട ‘നട’യിൽ മോഹനേട്ടന്റെ പിതാവ് നടത്തിയിരുന്ന ‘Nair’s Hotel’ ലിൽ ഭക്ഷണം തരപ്പെടുത്തുകയും പണം കൊടുക്കാതെ പറ്റിക്കാറുള്ള കുസൃതി കഥകളൊക്കെയായിരുന്നു ഇവരുടെ കഥാസംരംഭങ്ങൾ. ഹോട്ടലിന്റെ പേരുകൂടെ ഉൾപ്പെടുത്തി ആക്കാലത്തുതന്നെ നായർ മോഹൻ എന്നൊരു അപരനാമത്തിലായിരുന്നു പവിയും, ചന്ദ്രേട്ടനും അദ്ദേഹത്തിനെ സംബോധന ചെയ്തിരുന്നത്.
തിരക്കഥ, വ്യക്തവും ശക്തവും ആയിരിക്കണമെന്ന് മോഹനേട്ടന് നിർബന്ധമായിരുന്നു. ഞങ്ങൾ തമ്മിൽ ചിലവഴിച്ചിട്ടുള്ള എല്ലാ ചർച്ചകളിലും അദ്ദേഹം അത് ഊന്നി പറയുമായിരുന്നു.
വിടപറയും മുമ്പേ, ഇളക്കങ്ങൾ, ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല, ശ്രുതി, രചന, തീർത്ഥം, ആലോലം, മംഗളം നേരുന്നു, പക്ഷേ,.. തുടങ്ങി (ഇനിയും കിടക്കുന്നു അനവധി) എത്രയെത്ര ചലച്ചിത്രകാവ്യങ്ങളാണ് അദ്ദേഹം കൈരളിക്ക് കാഴ്ചവെച്ചത്.
പല ചിത്രങ്ങളും ഒന്നിലേറെ തവണ കാണേണ്ടതുള്ള തൊഴിൽമേഖലയിലായിരുന്നു എന്റെ പ്രവാസജീവിത സാഹചര്യങ്ങൾ എന്നതുകൊണ്ട് ഓരോ ചിത്രങ്ങളും എനിക്ക് കാണാപാഠങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ കൂടിച്ചേരലുകളിൽ അദ്ദേഹത്തിന്റെ ഓരോ Frame കൾപോലും സംസാരവിഷയങ്ങളായി ഭവിക്കാറുണ്ട്.
വിട്ടുവീഴ്ചകൾ ഇല്ലാത്ത കാർക്കശ്യക്കാരനായ സംവിധായകനായിരുന്നു.
ക്ഷേമാവതി ടീച്ചറെക്കുറിച്ചുള്ള എന്റെ ഡോക്യുമെന്ററി ചിത്രവുമായി ബന്ധപ്പെട്ട് ടീച്ചറുടെ സഹപാഠിയും അദ്ദേഹത്തിന്റെ സഹപാതിയുമായ വിഖ്യാത കുച്ചിപ്പുടി നർത്തകി അനുപമ ടീച്ചറെ ഷൂട്ട്‌ ചെയ്യേണ്ടതുണ്ടായിരുന്നതുകൊണ്ട് ഞങ്ങളുടെ സമ്പർക്കങ്ങൾക്ക് കൂടുതൽ ഇടവേളകൾ ഇല്ലാത്ത കുറച്ച് കാലങ്ങൾ സമീപവർഷം ഉണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ മുഴുവൻ ചിത്രങ്ങളെക്കുറിച്ചും സമഗ്രമായ ഒരു പഠനം നടത്തുന്നതിനെക്കുറിച്ചുള്ള ചർച്ചയും ഞങ്ങൾ നടത്തിയിരുന്നു.അതുമായുള്ള വിശദീകരണങ്ങൾക്ക് സംവിധായകൻ കെ. ബി.വേണുവുമായി ഞാൻ സംസാരിക്കുകയും ഉണ്ടായിട്ടുണ്ട്.
ഇതിനിടയിൽ പുതിയൊരു സിനിമാ ദൗത്യത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു മോഹനേട്ടൻ. നിർമ്മാതാവുമൊത്ത് ചിത്രത്തിന്റെ പ്രാഥമിക കാര്യങ്ങളൊക്കെ ഒരുവിധം മുന്നോട്ട് നീങ്ങിയിരുന്നതുമാണ്. അങ്ങനെയൊരു ഘട്ടത്തിൽ അദ്ദേഹം എന്നെ വിളിച്ചിരുന്നു. ഞനാണെങ്കിൽ ദീർഘദൂര ബസ് യാത്രയിലും. ഇറങ്ങിയതിനുശേഷം തിരിച്ചുവിളിക്കാമെന്നുപറഞ് ഞാൻ ഫോൺ കട്ട് ചെയ്ത്, ഇറങ്ങിയതിനുശേഷം തിരിച്ചു വിളിച്ചു.
അപ്പോൾ അദ്ദേഹം സിനിമയുടെ ഉള്ളടക്കത്തിന്റെ ചെറിയൊരു വിവരണം എന്നോട് പറഞ്ഞു. സത്യത്തിൽ ഞാൻ അന്തംവിട്ടു. മോഹനേട്ടനെപ്പോലൊരു വലിയൊരു സംവിധായകൻ അദ്ദേഹത്തിന്റെ അടുത്തസിനിമയുടെ കഥ കേവലം കൃമിയായ എന്നോടെന്തിന് പറയുന്നു.?
അപ്പോൾ ആ വലിയ മനുഷ്യൻ പറഞ്ഞു ” ജയരാജ്‌ കഴിഞ്ഞദിവസം Face Book ൽ എഴുതിയ ഒരു ലേഖനമില്ലേ, അതിനുകൊടുത്തിരുന്ന തലക്കെട്ട് ഞാൻ പുതിയ സിനിമയുടെ Title ആയി എടുക്കുന്നുണ്ട് ” എന്ന്.
സത്യത്തിൽ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ഞാൻ മിഴിച്ചുപോയി.
അതിന് ശേഷം ഞാൻ പറഞ്ഞു, “സിനിമ അനൗൺസ് ചെയ്തതിനു ശേഷം എനിക്ക് ഒരു Interview തരണം” എന്ന്. അതിനുമുൻപ് നമുക്ക് കാണാം എന്ന് മൂപ്പരും.
പക്ഷേ…ഇനി ആ Inerview ഇല്ല.
🙏🙏🙏🌹🌹🌹😪

ജയരാജ്‌ പുതുമഠം

By ivayana