വൃന്ദാവനത്തിലെ കാർവർണ്ണാ നിൻ രൂപം
കാണാൻ കൊതിച്ചൊരു രാധിക ഞാൻ
ചാരത്തണയുമോ കണ്ണാ നിൻ പൂമേനി
കണ്ടു കണ്ടുള്ളം നിറയ്ക്കട്ടെ ഞാൻ

അമ്പാടി തന്നിൽ കളിച്ചു വളർന്നൊരാ
പൊൻ പൈതൽ തന്നുടെ പാദത്തിലെ
പൊന്നിൻ ചിലമ്പൊലി മേളങ്ങൾ
കേൾക്കാനായ് എത്രയോ നാളായി കാത്തിരിപ്പൂ

ഗോകുലം തന്നിലെ ഗോപികമാരുടെ
തേനോലുമുള്ളം കവർന്നെടുത്ത
കണ്ണനാമുണ്ണിയ്ക്ക് വെണ്ണയുമായ്
നിൽപ്പൂ മറ്റൊരു ഗോപികയായി ഞാനും

കാളിന്ദി തന്നലക്കൈകളന്നാവോളം
വാരിപ്പുണർന്നൊരാ താരുടലിൽ
മഞ്ഞപ്പട്ടാടകൾ ചാർത്തിയ നിൻ രൂപം
ഒന്നെന്റെ മുന്നിൽ തെളിഞ്ഞുവെങ്കിൽ

അമ്മ നിറുകയിൽ ചൂടിച്ചു തന്നൊരാ
പൊൻമയിൽപ്പീലികൾ പോലുമെത്ര
ഭാഗ്യം തെളിഞ്ഞവരല്ലെങ്കിൽ നിന്നുടെ
സുന്ദരസ്പർശമതേറ്റിടുമോ

നീരാടാൻ കാളിന്ദി തന്നിലിറങ്ങിയ
ഗോപികമാരുടെ ചേലകളെ കട്ടെടു
ത്തരയാലിൻ കൊമ്പിലായ് തൂക്കിയ
കേളികൾ കാണാൻ കഴിഞ്ഞുവെങ്കിൽ

രാധ തൻ പ്രേമവും മീര തൻ ഭക്തിയും
നൽകുരൂരമ്മ തൻ വാത്സല്യവും
മഞ്ജുള തന്നുടെ മുഗ്ദ്ധമാം ഹാരവും
ചാർത്തിച്ച നിന്നെ ഞാനെന്നു കാണും

ഒന്നും പറയാതെ തന്നെയെന്നു
ള്ളമറിഞ്ഞു വരപ്രസാദങ്ങളേകും
കണ്ണാ നീ ഒന്നു വന്നീടുമോ നിന്നുടെ
പൊന്നോടക്കുഴലുമായെന്റെ ചാരെ.

By ivayana