ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഇന്ന് നമ്മുടെ ലോകം ഒരുപാട് വിശാലമാണ്.എല്ലാവരുടെയും വിരൽത്തുമ്പിൽ ലോകം ചലിക്കുന്ന സാഹചര്യത്തിലാണ് നമ്മളൊക്കെ ജീവിച്ചിരിക്കുന്നത്. വാർത്തയും മാധ്യമങ്ങളും എല്ലാം അതിവേഗതയിൽ നമ്മുടെ മുന്നിൽ കൗതുകത്തിന്റെ, നിറങ്ങളുടെ വലിയ ലോകം തുറക്കുന്നു. ലോകത്തിന്റെ ഏതുകോണിൽ
എവിടെയും ജോലി ചെയ്യാനും, അതെ പോലെ ലോകത്തിലെ ഏതു ജോലിയും നമ്മുടെ വീട്ടിലിരുന്നു കൊണ്ട് ചെയ്യാനും നമുക്ക് സൗകര്യമുണ്ട്.ഇന്ന് അത്ര കണ്ടു വിവരസാങ്കേതിക വിദ്യ വളർന്നിരുക്കുന്നു.ആ വളർച്ച ഏറ്റവും കൂടുതൽ പ്രതിഫലിച്ചിരിക്കുന്നത്


നമ്മുടെ തൊഴിലിലും,തൊഴിൽ സാഹചര്യങ്ങളിലുമാണ് എല്ലാം പാടെ മാറി മറിഞ്ഞിരിക്കുന്നു. പരമ്പരാഗതമായ പല തൊഴിലുകളും അപ്രത്യക്ഷമായി ആധുനിക കമ്പ്യൂട്ടർ വൽകൃത തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. എല്ലാമേഖലയിലും കമ്പ്യൂട്ടർ സ്വാധീനം വർധിക്കുകയും, അതിനനുസരിച്ചു ആളുകൾ തൊഴിൽ നൈപുണ്യം നേടുകയും ചെയ്തു.കാർഷിക മേഖലയിൽ പോലും വിപ്ലവം സൃഷ്ടിക്കാൻ വിവരസാങ്കേതിക വിദ്യക്ക് കഴിഞ്ഞു. കൃഷിക്ക് നവീന വിത്തുകളും, വളങ്ങളും യന്ത്രങ്ങളും നിലവിൽ വന്നു.അതുകൊണ്ട് തന്നെ കാർഷിക മേഖലയിൽനിന്നും സ്ത്രീകൾ പുറത്തായി എന്ന് തന്നെ പറയാം.


സ്ത്രീകളുടെ വർധിച്ചു വരുന്നതൊഴിൽ പ്രാതിനിത്യം
ഇന്നത്തെ സാഹചര്യത്തിൽ എടുത്തു പറയേണ്ട ഒരു വ്യത്യാസം തന്നെയാണ്. പണ്ടത്തെപ്പോലെയല്ല സ്ത്രീകളും തങ്ങളുടെ സ്വന്തം കാലിൽ നിൽക്കാനും,സ്വന്തമായിട്ട് സാമ്പത്തികഭദ്രത ഉറപ്പുവരുത്താനും ശ്രമിക്കുന്നുണ്ട്.
ബഹു ഭൂരിപക്ഷം പെൺകുട്ടികളും പഠിച്ചുകൊണ്ട് സ്വന്തം കാലിൽ നില്ക്കാൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നമ്മുടെ തൊഴിൽമേഖലയിൽ പുരുഷൻമാർക്കൊപ്പം തന്നെ സ്ത്രീകളും എത്തിപ്പെട്ടിട്ടുണ്ട്. മുൻപൊക്കെ കൊയ്ത്തു, മെതി, വീട്ടുജോലികൾ,അധ്യാപനം, നഴ്സിംഗ് തുടങ്ങി കുറച്ചു മേഖലയിൽ മാത്രമാണ് സ്ത്രീകൾ ഉണ്ടായിരുന്നത്. ഇന്ന് അങ്ങനെയൊന്നുമില്ല ഏത് തൊഴിൽമേഖല എടുത്താലും അതിൽ സ്ത്രീകളുണ്ട്. മുൻപൊക്കെ ആർമികളിലും മറ്റും സ്ത്രീകൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം പക്ഷെ ഇന്ന് ആർമിയിൽ പോലും സ്ത്രീകൾ ജോലിചെയ്യുന്നുണ്ട്.ചെറിയ ചെറിയ വാഹനങ്ങളിൽ തുടങ്ങി പോർ വിമാനങ്ങൾ വരെ പറത്തുന്ന സ്ത്രീകളുണ്ട്.


നമ്മുടെ നിയമനിർമ്മാണ സഭയിലും, വിദേശ കാര്യങ്ങളിലും, മറ്റ് ഭരണസിരാകേന്ദ്രങ്ങളിലുമൊക്കെ ഒരുപാട് സ്ത്രീ രക്നങ്ങൾ വിളങ്ങി നിൽക്കുന്നു.സ്ത്രീകൾ പുരുഷനൊപ്പം തന്നെ എല്ലാതൊഴിലും ചെയ്യുക എന്നത് അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.
അതുപോലെ നമ്മുടെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ പോലെയുള്ള സ്ത്രീ ശക്തീകരണ സംവിധാനങ്ങൾ സാധാരണ കാരിൽ സാധാരണ ക്കാരായ സ്ത്രീകളെ ഉയർത്തികൊണ്ട് വരുകയും, അവരിൽ സംരംഭകത്വവും, സാമ്പാദ്യശീലം വളർത്താനും ,നൈപ്പുണ്യവും പ്രാപ്തരുമായ സ്ത്രീ തൊഴിലാളികളെ വാർത്തെടുക്കാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ തൊഴിലുറപ്പ് പോലെയുള്ള സംവിധാനങ്ങളിൽ സ്ത്രീ പ്രതിനിത്യം ഏറ്റവും കൂടുതൽ ആയിട്ട് നാം കണ്ടിട്ടുണ്ട്.വളയിട്ട കൈകൾ കൊണ്ട് വളയം പിടിക്കാനും, പലതരത്തിൽ തരത്തിലുള്ള ജോലി ചെയ്യാനും സാധിക്കും, പുരുഷനൊപ്പം തന്നെ ഏതു ജോലിയും ചെയ്യാൻ ഞങ്ങൾ തയ്യാറാണ് എന്നു വിളിച്ചു പറഞ്ഞുകൊണ്ട് സ്ത്രീകൾ മുന്നിട്ടിറങ്ങിയ കാഴ്ചയും നമ്മൾ കണ്ടതാണ്.


പക്ഷേ ഏതു തൊഴിൽമേഖലയായാലും അവിടെയൊക്കെ സ്ത്രീയെ ചൂഷണം ചെയ്യാനും, അവരെ ഉപദ്രവിക്കാനും, മാനസികമായി തളർത്താനും പറ്റുന്ന ഒരുപാട് സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. സുരക്ഷിതമല്ലാത്ത തൊഴിൽ മേഖല,സുരക്ഷയ്ക്ക് വേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള തൊഴിൽമേഖലകളിൽ ജോലി ചെയ്യുന്നവർ, അതിൽ ഗവൺമെൻറ് സംവിധാനങ്ങളിൽ പോലും മതിയായ അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാക്രമീകരണങ്ങളോ ഇല്ലാതെയാണ് പല സ്ത്രീകളും ജോലി ചെയ്യുന്നത്. സമൂഹത്തിന്റെ താഴെ തട്ടിലേക്ക് ഇറങ്ങും തോറും സ്ത്രീകൾക്ക് ജോലിസ്ഥലത്തെ സുരക്ഷ എന്നത് വളരെ കഠിനമായ ഒന്നായിത്തീർന്നിരിക്കുന്നു.പല സ്ത്രീ ആത്മഹത്യകളും നടന്നത് തൊഴിലിടങ്ങളിലെ മാനസിക പീഡനങ്ങൾ മൂലമാണ്. ഈ അടുത്ത് കേരളത്തിൽ നടന്ന കുറച്ചു ആത്മഹത്യകൾ എല്ലാം തന്നെ തൊഴിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയാഞ്ഞിട്ടായിരുന്നു. ശാരീരിക, മാനസിക വെല്ലുവിളികൾ ഉയർത്തി സ്ത്രീകളെ തളർത്തുന്ന ഒരുപാട് തൊഴിൽ സാഹചര്യങ്ങൾ ഉണ്ട്.


സ്ത്രീകൾക്ക് അവരുടെ കൂലിയിൽ കുറച്ചു കൊണ്ടു, കൂടുതൽ ജോലിഭാരം നൽകുന്ന കമ്പനികൾ,അവർക്കു മതിയായ അടിസ്ഥാന സൗകര്യങ്ങൾ കൊടുക്കാത്ത തൊഴിലിടങ്ങൾ, ഇരിക്കാനോ, സ്വസ്ഥമായി ഭക്ഷണം കഴിക്കാനോ പറ്റാത്ത സാഹചര്യങ്ങൾ,ഒറ്റയ്ക്ക് ജോലിചെയ്യേണ്ട സാഹചര്യം,അശ്ലീലചുവയുള്ള സംസാരങ്ങൾ, ദ്വയാർത്ഥപ്രയോഗങ്ങൾ, അനാവശ്യ തട്ടലും മുട്ടലും തുടങ്ങി ഒരു പെണ്ണ് ഓരോ ദിവസവും കടന്നു പോകുന്ന സാഹചര്യങ്ങൾ അനവധിയാണ്. ജോലി ഭാരത്തിന്റെ കൂടെ ഇത്തരം ചൂഷണങ്ങൾ കൂടിയാകുമ്പോൾ പിടിച്ചുനിൽക്കാൻ പലരും പാടുപെടുന്നു.സ്ത്രീകൾ മുഖ്യധാരയിലേക്ക് എത്തുമ്പോൾ തന്നെ ഇത്തരം ചൂഷണങ്ങൾ വ്യാപകമാവുകയും ചെയ്തിട്ടുണ്ട്. സിനിമ, സീരിയൽ, പരസ്യം തുടങ്ങിയ മേഖലയിൽ പെൺകുട്ടികൾ കൂടുതലായി ജോലി ചെയ്യുന്നുണ്ട് അതിനനുസരിച്ചു അവിടെ ചൂഷണവുമുണ്ട്. വെള്ളിതിരകളിൽ തിളങ്ങി നിന്ന പലരും ആത്മഹത്യയിൽ അഭയം തേടിയത് ഇത്തരം ചൂഷണം കൊണ്ട് തന്നെയാണ്.


പല കമ്പനികൾക്കും, വ്യവസായ സ്ഥാപനങ്ങൾക്കും സ്ത്രീ തൊഴിലാളികളുടെ കാര്യത്തിൽ വ്യക്തമായ മാനദണ്ഡങ്ങൾ ഗവൺമെന്റ് കൊടുത്തിട്ടുണ്ട്.സ്ത്രീ തൊഴിലാളികൾ കൂടുതലുള്ള സ്ഥലങ്ങളിൽ അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നു കൂടി കൊടുത്തിട്ടുണ്ട്. പക്ഷെ ഗവണ്മെന്റ് സംവിധാനങ്ങളിൽ പോലും അതൊന്നും പാലിക്കപ്പെടുന്നില്ല എന്നത് ഒരു നഗ്നസത്യമായി നമ്മുടെ മുന്നിലുണ്ട്.
സ്ത്രീ സുരക്ഷയെ കുറിച്ച് പറയുമ്പോൾ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരുന്ന ഒരുപാട് മേഖലകളുണ്ട്.റെയിൽവേ ഗേറ്റുകളിൽ, ട്രാക്കിൽ ജോലിചെയ്യുന്നഒരുപാട് സ്ത്രീകൾ ഇതിനൊരു ഉദാഹരണം തന്നെയാണ്. ഈ അടുത്ത് തെങ്കാശിയിൽ ഗേറ്റിലെ ജീവനക്കാരിക്ക് നേരിടേണ്ടി വന്ന പീഡനം സ്ത്രീ സുരക്ഷക്കു ഒരു വെല്ലുവിളി തന്നെയാണ്.


ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാൻ കഴിയില്ല, കാരണം പലയിടത്തും മാനസികമായും ശാരീരികമായും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുണ്ട്.ഗേറ്റ് തുറക്കാൻ വൈകിയാൽ ചീത്ത വിളിക്കുന്നവർ, കല്ലെറിയുന്നവർ, അശ്ലീലം ചവച്ചു തുപ്പുന്നോർ തുടങ്ങി പല തരത്തിൽ ഉള്ളവർ. സ്ത്രീകൾ ആണെന്ന് കാണുമ്പോൾ ഏറെ അവഹേളിച്ചു പറയുന്നവരാണ് കൂടുതലും. ശരിക്കും ഇതൊരു സമൂഹ വൈകല്യമല്ലേ? സ്ത്രീകൾക്കു നേരെ എന്തും ആവാം എന്നൊരു ധാർഷ്ട്യം, അതുമല്ലെങ്കിൽ ഒരു പെണ്ണല്ലേ, അവളൊന്നും ചെയ്യില്ല, ചെയ്യാൻ കഴിവില്ല എന്നുള്ള കാഴ്ചപ്പാട്..
തൊഴിലിനു പോകുന്ന ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം അവരുടെ വീട്ടിലെ കാര്യങ്ങളും, കുട്ടികളുടെ കാര്യങ്ങളും,ഭർത്താവിന്റെ കാര്യങ്ങളെല്ലാം ഒരുക്കിയ ശേഷം വേണ്ടി വരും അവർക്കു പോകാൻ. ഏതു ജോലിക്കാരി ആയാലും ഇതൊക്കെ പെണ്ണിന് പറഞ്ഞിട്ടുള്ളതാണ്.നമുക്കറിയാം ഒരു IAS കാരി സ്വന്തം കുഞ്ഞിനെ ഒരു പൊതു പരുപാടിയിൽ പങ്കെടുപ്പിച്ചപ്പോൾ ഉണ്ടായ സൈബർ അറ്റാക്ക്, അതുപോലെ എത്ര സ്ത്രീകൾ?


ഒരു ഇത്തിരി താമസിച്ചാൽ മേലധികാരികളിൽ നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, പിന്നെ തൊഴിൽസ്ഥലങ്ങളിൽ വേണ്ടത്ര സൌകര്യങ്ങൾ ഇല്ലാത്ത അവസ്ഥകളിൽ ജോലിചെയ്യേണ്ടിവരിക, അതുപോലെതന്നെ തുടർച്ചയായി നിന്ന് ജോലചെയ്യേണ്ട സാഹചര്യം. ഈ പ്രശ്നം കേരളത്തിലെ മിക്കവാറും ടെസ്റ്റൈൽ മേഖലയിൽ ജോലി ചെയ്യുന്നവർ അനുഭവിക്കുന്നതാണ്‌. തൊഴിലാളികൾക്ക് ഇരിക്കാനുള്ള അവകാശം ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല ഉപഭോക്താവിനെ ചിരിച്ചും, സ്വാഗതം പറഞ്ഞു ഡെമോ കാട്ടികൊടുത്തും സാധനം വാങ്ങിപ്പിക്കണം എങ്കിലേ അവർക്കു ശമ്പളം കിട്ടൂ.റെയിൽവേ ഗേറ്റിൽ രാവും പകലും ജോലി ചെയ്യുന്ന സ്ത്രീകൾ ഉണ്ട് അവർക്ക് ബാത്റൂം ഇല്ല, കുടിവെള്ള സൗകര്യങ്ങളും മിക്ക സ്ഥലത്തും ഇല്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. റെയിൽവേ സ്ത്രീ യാത്രക്കാർക്കും മറ്റും ഒരുപാട് സുരക്ഷയും, സൗകര്യങ്ങളൊക്കെ കൊടുക്കുന്നുണ്ട് എങ്കിലും തൊഴിലാളികളുടെ കാര്യത്തിൽ വളരെ വലിയ ഒരു അവഗണന തന്നെ നേരിടുന്നുണ്ട്. അതുപോലെ ഒരുപാട് സ്ത്രീകൾ ട്രാക്കുകളിലും മറ്റും കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവർ ഉണ്ട് അവർ ക്ക് സ്വസ്ഥമായി വിശ്രമിക്കാനോ ഇരിക്കാനോ ഉള്ള സൗകര്യങ്ങൾ ഇല്ല. പലസ്ഥലങ്ങളിലും മേലുദ്യോഗസ്ഥരുടെ ഉപദ്രവങ്ങളും, മാനസിക ശാരീരിക ഉപദ്രവങ്ങളും. ജോലിയുടെ സ്‌ട്രെസ് കൂടാതെയുള്ള ഇത്തരം മാനസിക സമ്മർദ്ദങ്ങളിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗമുണ്ടെന്നത് സങ്കടകരമായ ഒരു സത്യം മാത്രമാണ്.


തുല്യ ജോലിക്ക് തുല്യ ശമ്പളം എന്നത് പലയിടത്തും പാലിക്കപ്പെടുന്നില്ല. സ്ത്രീകൾക്കു തുച്ഛമായ വേതനം മതിയെന്നുള്ള കാരണം കൊണ്ട് മാത്രം ജോലിക്ക് വിളിക്കുന്നവർ ഉണ്ട്.ശരീരിക അവസ്ഥകൾ വച്ചു ചില ജോലികൾ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് എന്നല്ലേ ഒള്ളൂ, ബാക്കി എല്ലാത്തിലും അവരെ പോലത്തന്നെയല്ലേ സ്ത്രീയും ജോലിചെയ്യുന്നത്. പിന്നെയെന്തിനാണ് ഈ വത്യാസം?
തുല്യതയും, സ്ത്രീ സ്വാതന്ത്ര്യവുമൊക്കെ ഘോര ഘോരം പ്രസംഗിച്ചു പോകുമ്പോഴും അടിസ്ഥാനകാര്യങ്ങളിൽ ഇന്നും വേർതിരിവ് തന്നെയാണ്.പുരുഷൻമാരുടെ പോലെ തന്നെ സ്ത്രീക്കും നല്ല ജോലിയും, ശമ്പളവും ആവശ്യമാണ്. എന്തിന്റെ പേരിലും മാറ്റിനിർത്തേണ്ടവൾ അല്ല സ്ത്രീകൾ, അവർക്കു സ്വന്തം കാലിൽ നിൽക്കാനും, അഭിമാനത്തോടെ ജോലി ചെയ്യാനുമുള്ള സാഹചര്യം വേണം. സ്ത്രീകളുടെ സുരക്ഷ സ്വന്തം ഉത്തരവാദിത്വമാണെന്ന് പറഞ്ഞു ഒഴിഞ്ഞു നിൽക്കുകയല്ല വേണ്ടത് അവരെ ഒപ്പം നിർത്താനും, അവർക്കു സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കാനും കൂടെയുണ്ടാവുകയാണ് ചെയ്യേണ്ടത്.നമ്മുടെ സമൂഹത്തിന് അത്തരമൊരു പരിവർത്തനമാണ് ആവശ്യം.

സുബി വാസു

By ivayana