കമ്പിയിൽ കോർത്തുനിർത്തിയ
ആലിലയിൽ പേടിയോടെ
തൂങ്ങിക്കിടക്കുന്നുണ്ട് ഉണ്ണിക്കണ്ണൻ!
ഗരുഡന്റെ പുറത്തായി പേടിച്ചരണ്ട്
ഒരു ബാലഗോപാലൻ!
കാളിയന്റെ തലയിൽ കാലുകഴഞ്ഞൊരു
കാർവർണ്ണൻ!
വയറിൽ കെട്ടിവെച്ച ഭാണ്ഡത്താൽ
ശ്വാസംമുട്ടുന്നുണ്ട് ഉണ്ണിക്കംസന്!
നരച്ചമുടിക്കെട്ടും മീശയും
ചൊറിഞ്ഞിരിക്കുന്നു കുഞ്ഞുസാന്ദീപനി!
നടന്നുനടന്നുതളർന്ന രാധയെയും
ബലരാമനേയും മീരയെയും അർജുനനെയും
തോളിലേറ്റി തളർന്നോരമ്മമാർ!
അങ്ങനെയെത്രയെത്രയോ എത്രയോ
എടുത്താൽ പൊങ്ങാത്തവേഷം കെട്ടി
പെട്ടുപോകുന്നു അഷ്ടമിരോഹിണി
നാളിൽ കണ്ണനാമുണ്ണികൾ!
വെണ്ണക്കണ്ണന് തൊട്ടുനക്കാൻ വെണ്ണ പോയിട്ട്
എണ്ണപോലുമില്ല കുടത്തിൽ!
ദാഹിച്ചുവലഞ്ഞ കണ്ണന്മാർക്കായി
വലിയ പ്ലാസ്റ്റിക് ബോട്ടിലിൽ വെള്ളമുണ്ട് വണ്ടിയിൽ…
എടുത്തുകുടിക്കുവാൻ
അവർക്കാവതില്ലല്ലോ
ആപൽ ബാന്ധവാ കൃഷ്ണ മുരാരേ നീ
പിറക്കാതിരുന്നെങ്കിൽ ഓരോ ജൻമാഷ്ടമിനാളിലും!

By ivayana