ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ചിന്തിച്ചിരിക്കാനിനി സമയമേറെയില്ല. അഞ്ച് ലക്ഷം ഉടൻ കണ്ടെത്തണം. ഈ തുക കെട്ടിവച്ചാലേ ഓപ്പറേഷൻ നടത്തൂന്ന് ആശുപത്രിക്കാർ. ആകെയുള്ളാരു കൊച്ചിനെ എങ്ങിനേം രക്ഷിച്ചേ പറ്റൂ. ഹൃദയത്തിൻ്റെ വാൽവിനാണ് കുഴപ്പമെന്ന് ഡോക്ടർ പറഞ്ഞതീന്ന് മനസ്സിലാക്കിയിട്ടുണ്ട്. ബാക്കിയെല്ലാം ദൈവത്തിനറിയാം.
പതിനഞ്ച് വയസ്സുള്ളപ്പോൾ നാടുവിട്ടതാണ്. ഒരു ആവേശത്തിൻ്റെ പുറത്ത് കള്ളവണ്ടി കേറി. മദിരാശി രക്ഷിച്ചില്ല. മറ്റു പലരേയും പോലെ തമിഴന്മാരുടെ ഹോട്ടലിൻ്റെ പിന്നാമ്പുറങ്ങളിൽ തളച്ചിട്ട ജീവിതം. അങ്ങിനെ ഒരു ദിനം ഒരു തട്ടുകടക്കാരൻ്റെ പിറകെ പോയി. കൂടുതൽ മെച്ചപ്പെട്ട ജീവിതമായിരുന്നു ലക്ഷ്യം.

തെലുങ്കനായിരുന്നയാൾ, പണ്ടെന്നോ തന്നെ പോലെ മദിരാശിയിൽ വന്നുപെട്ടവൻ. ഒരു തമിഴത്തിയെ സംസാരമാക്കിയപ്പോൾ അയാൾക്ക് കിട്ടിയതാണീ തട്ടുകട. വർഷങ്ങളുടെ അധ്വാനം കൊണ്ട് അയാൾ തട്ടുകടയെ തിരക്കുള്ളതാക്കിയെങ്കിലും നടുവിലത്തെ നാലുചക്ര ഉന്തുവണ്ടിയും നാലുവശത്തേക്കും വലിച്ചു കെട്ടിയ ടാർപോളിൻ ഷീറ്റും അറ്റകുറ്റപ്പണികളോടെ അതേപടി തുടർന്നു. പാതിരായ്ക്കപ്പുറം നീളുന്ന കച്ചവടം. ഒടുവിൽ ഒരു കുപ്പി വാറ്റുചാരായം മൊത്തം ഊറ്റിക്കുടിച്ച് തളർന്നുവീഴുന്ന തെലുങ്കനെ താങ്ങിയെടുത്ത് തമിഴത്തി സാരി മറയാൽ തീർത്ത കിടപ്പുമുറിയേലേക്ക് പോകും. നിലത്ത് പായ വിരിച്ചാൽ പാമ്പോ പെരുച്ചാഴിയോ കടിച്ചാലോ എന്ന് ഭയമുള്ളതിനാൽ ബഞ്ചുകൾ ചേർത്തിട്ട് ആകാശം നോക്കി താനും കിടക്കും. അതിരാവിലെ ഉണരണം എന്നാലേ ജനം ഉണരുമുമ്പ് ഏതെങ്കിലും പറമ്പിൽ പോയി വെളിയ്ക്കിരിക്കാനാവൂ. അല്ലേൽ അതു മുടങ്ങും.

അധ്വാനഭാരമേറെയുള്ളതിനാൽ കൊതുകുകടിയറിയാതെ സുഖമായുറങ്ങും. സ്വപ്നം കാണാത്ത രാത്രികളില്ല. എല്ലാത്തിലും രാജാവിൻ്റെ വേഷമായിരുന്നു തനിക്ക്. ഒരു നാൾ തെലുങ്കൻ ചത്തപ്പോൾ ജഡം കോർപ്പറേഷന് വിട്ട് കൊടുത്തിട്ട് തമിഴത്തി ആ സ്ഥാനത്തിരുത്തി. അനുസരിക്കാനേ കഴിഞ്ഞുള്ളൂ. കാരണം പല രാത്രികളിലും ബോധമറ്റു കിടക്കുന്ന തെലുങ്കൻ്റെ കൂർക്കംവലി സഹിക്കുന്നില്ലെന്ന് പറഞ്ഞ് തമിഴത്തി ഒപ്പം വന്ന് കിടന്നിട്ടുണ്ട്. എല്ലാം നല്ലതിന് വേണ്ടിയെന്നു സമാധാനിപ്പിക്കുന്ന മനസ്സ് തെലുങ്കൻ്റെ ഭാര്യയെ കൂടെ കൂട്ടാൻ പ്രേരിപ്പിച്ചു. ഒരു പെൺകുഞ്ഞുണ്ടായത് ജന്മനാ ഹൃദയ വൈകല്യമുള്ളവളായിരുന്നു. ഇടയ്ക്കിടക്കുണ്ടായ വയറുവേദന കലശലായപ്പോഴാണ് സർക്കാർ ആശുപത്രിയിലെത്തിയത്. കുടൽപ്പുണ്ണാണെന്ന് കണ്ടുപിടിച്ച ഡോക്ടർമാർ മീറ്റർ കണക്കിന് കുടൽ മുറിച്ചു മാറ്റി.

വിശ്രമാവസ്ഥയിലായിരുന്നപ്പോഴാണ് ഭാര്യയുടെ സ്നേഹം സത്യമാണെന്ന് ഉറപ്പിച്ചത്. പ്രശ്നങ്ങൾക്ക് മേലെ പ്രശ്നങ്ങൾ വന്നടിഞ്ഞപ്പോൾ ജീവിക്കാൻ നിവർത്തിയില്ലാതെ തിരിച്ച് കേരളത്തിൻ്റെ മണ്ണിലെത്തി. പെങ്ങളോട് വഴക്കിട്ടാണെങ്കിലും നേടിയ ഇത്തിരി സ്ഥലത്ത് ഒരു കുടിലു കെട്ടി. ആരോഗ്യം നഷ്ടപ്പെട്ട് ഭാരിച്ച ജോലികളൊന്നും ചെയ്യാൻ പറ്റാത്തവനെ സിദ്ധാർത്ഥൻ നമ്പൂതിരിയുടെ മഹമനസ്കത മന വക വലിയ കാവിലെ പണിക്കാരനാക്കി. തൻ്റെ കഥമുഴുവൻ തിരുമേനിയെ ധരിപ്പിച്ചിട്ടുണ്ട്. ഒരു മനശാസ്ത്ര വിദഗ്‌ദ്ധനെ പോലെയാണ് തിരുമേനി എല്ലാവരേയും സമീപിക്കാറ്. പൊളിവചനങ്ങൾ തിരുമേനി സഹിക്കാറുമില്ല. പുഷ്പമോളുടെ ഇതുവരെയുള്ള ചികിത്സ ഒട്ടുമിക്കവാറും തിരുമേനിയുടെ കാരുണ്യം കൊണ്ടുതന്നെയായിരുന്നു. കഴിഞ്ഞ ദിവസം മടിച്ചു മടിച്ചാണെങ്കിലും അദ്ദേഹത്തോട് അവളുടെ ഓപ്പറേഷൻ്റെ കാര്യം പറഞ്ഞിരുന്നു.
“എന്താ രാമാ… അഞ്ചു ലക്ഷം രൂപയോ?. നോം വിചാരിച്ചാൽ കൂടില്ലല്ലോ”.
“നമുക്ക് പ്രാർത്ഥിക്കാം… കാവിലെ നാഗത്താന്മാർ എതെങ്കിലും വഴികാട്ടിത്തരും”. തിരുമേനിയുടെ മുഖത്തേക്കു നോക്കാൻ ധൈര്യമുണ്ടായില്ല. ഇനിയെന്തു ചെയ്യണമെന്ന് അറിയുകയുമില്ല.


” അമ്മാമ്മേ നമുക്ക് ഒന്നുകൂടി കയറി തൊഴുതാലോ?”.ഒരു അമ്മുമ്മയും കുഞ്ഞുമകളും തൻ്റെ അരികിൽ ഇരിക്കയാണ്. കാവിൽ തൊഴുതിറങ്ങി, കവാടത്തിനരുകിലെ കൂവളച്ചോട്ടിലെ തറയിൽ അൽപ്പം വിശ്രമിക്കാനായി ഇരുന്നതാണവർ. പക്ഷേ കുറേ നേരമായി താൻ മറ്റെവിടെ ആയിരുന്നല്ലോ, അതുകൊണ്ട് ഒന്നും അറിഞ്ഞില്ല.
” മോളേ ഇനിയും തൊഴാൻ പോയാൽ നമുക്ക് ബസ് കിട്ടില്ല”. കുട്ടിയുടെ മുഖത്ത് നിരാശ പടരുന്നത് കണ്ടു.
“അമ്മാമ്മേ… എൻ്റെ പരീക്ഷയുടെ കാര്യം ദൈവത്തോട് പറഞ്ഞില്ല”.
” സാരമില്ല മോളേ… പരീക്ഷയ്ക്കു മുന്നേ നമുക്ക് ഒരിക്കൽ കൂടി വരാം. ഇപ്പോൾ മോള് ഇവിടെ നിന്ന് പ്രാർത്ഥിച്ചാൽ മതി”. അന്നദാന കൗണ്ടറിൽ നിന്നും ഊട്ടു പ്രസാദവും വാങ്ങി അവർ വീണ്ടും അരികിൽ വന്നിരുന്നു.
“അമ്മാമ്മേ… മനയ്കത്തെ നിലവറയിൽ നമ്മൾ തൊഴുതില്ലേ. അവിടെ നാഗവിഗ്രഹങ്ങളൊന്നും കണ്ടില്ലല്ലോ. ഇരുട്ടറയിൽ കത്തി നിൽക്കുന്ന വിളക്കുമാത്രമല്ലേ കണ്ടുള്ളൂ “. കുട്ടിയുടെ സംശയം ശരിയാണ്. മനയ്ക്കു പുറത്ത് കാവിൽ പലയിടങ്ങളിലായി കുറേ നാഗവിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. മഞ്ഞൾ പൊടി അണിഞ്ഞു നിൽക്കുന്ന അവരെല്ലാം നിലവറയുടെ കാവൽക്കാരാണ്.
“മോളേ ആ വിളക്കിനു പിന്നിൽ നാഗമാണിക്യം സൂക്ഷിച്ചിട്ടുണ്ട്. അതിന് കാവലായി തക്ഷകനുമുണ്ട് “.
“അമ്മാമ്മേ ആരാണീ തക്ഷകൻ”.


“അനന്തൻ്റേയും വസുകിയുടേയും കൂടെപ്പിറപ്പ്, ഏറ്റവും വിഷമുള്ള സർപ്പം. തക്ഷകനെയാണ് നാഗമാണിക്യത്തിന് കാവൽ നിർത്തിയിരിക്കുന്നത്”. നിലവറയിൽ അവകാശിയായ നമ്പൂതിരിക്കു മാത്രമേ പ്രവേശനമുള്ളൂ. അദ്ദേഹമല്ലാതെ ആരെങ്കിലും കടന്നാൽ ജീവനോടെ പുറത്തു വരില്ല, അതുറപ്പ് “. കുഞ്ഞു മോളുടെ വിടർന്ന കണ്ണുകളിൽ ആശ്ചര്യം. അമ്മാമ്മ പറയാത്തൊരു കാര്യം പെട്ടെന്ന് ഓർമ്മയിലെത്തി. നിലവറയ്ക്കുള്ളിൽ സ്വർണ്ണാഭരണങ്ങൾ നിറച്ച ഒരു കുഭം സൂക്ഷിച്ചിട്ടുണ്ട്. നാല് കൊല്ലം കൂടുമ്പോഴുള്ള ചിങ്ങമാസത്തിലെ ശുക്ലപക്ഷത്തിലെ നാഗപഞ്ചമി ദിനത്തിലത് പുറത്തെടുക്കും. മനയ്ക്കലെ ഏറ്റവും പ്രായം ചെന്ന അന്തർജനം മഞ്ഞപ്പട്ടണിഞ്ഞ്, നിലവറയിൽ നിന്നെടുത്ത സ്വർണ്ണാഭരണങ്ങളണിഞ്ഞ്, സ്വർണ്ണകിരീടവും ചൂടി നിലവറക്കു മുന്നിലെ പീഠത്തിൽ ഉപവിഷ്ടയാവും. അന്ന് അവർ നാഗദേവതയാണ്. വണങ്ങി അനുഗ്രഹം നേടാൻ ആയിരങ്ങൾ പുറത്ത് പൊരിവെയിലത്ത് കാത്തു നിൽക്കുന്നുണ്ടാവും.


മനയുടെ മുകളിലത്തെ നിലയിലെ ജനാലയിലൂടെ സിദ്ധൻ തിരുമേനി ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുന്നു. അതൊന്നും അറിയാത്ത ഭാവത്തിൽ അവിടെ നിന്നും എഴുന്നേറ്റു. അമ്മൂമ്മയും കൊച്ചുമോളും പടച്ചോറുണ്ണുന്നു. കുട്ടി ഇടയ്ക്കൊന്ന് തൻ്റെ മുഖത്തേക്കു നോക്കി. ആ നോട്ടം വീണ്ടും ചിന്തകളെ പുഷ്പമോളിലേക്ക് കൊണ്ടുപോയി. നിലവറയുടെ മുന്നിലെത്തിയപ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് ഒരു ഇടവേളയ്ക്കായി പുറത്തേക്കിറങ്ങി. ഭക്തരുടെ തിരക്ക് കുറവാണ് എങ്കിലും ഇവിടെ ആളുണ്ടാവണം. കെടാവിളക്കിന് നിലവറയ്ക്കുള്ളിലെ ഇരുളകറ്റാനുള്ള ത്രാണിയില്ല എങ്കിലും ഭക്ത നയനങ്ങൾ ഉള്ളിലെന്തൊക്കെയോ തിരയുന്നത് കാണാം.

ആകാശത്ത് ഒരു നക്ഷത്രം പോലുമില്ല. എങ്ങും കൂരിരുട്ട്. വരാന്തയിൽ കത്തിച്ചു വച്ചിരുന്ന നിലവിളക്ക് കെടുത്തി സാവിത്രി അന്തർജനം ഉള്ളിലേക്ക് കയറി, വാതിലടച്ചു. ഉടൻ തന്നെ പുറത്തെ ലൈറ്റുകളും അണഞ്ഞു. സെക്കൂരിറ്റിയുടെ കാബിനിൽ വെളിച്ചമുണ്ട്. അയാൾ മേശമേൽ തല ചായ്ച്ച് ഉറക്കം തുടങ്ങിരിക്കുന്നു. ആരുടേയും ശ്രദ്ധയിൽ പെടാതെതന്നെ ഉള്ളിലെത്താം. കാവിലേക്കുള്ള ഇരുമ്പ് ഗേറ്റ് ചാരിയിട്ടേയുള്ളു. പകൽ പോലും ഇരുൾ മൂടി കിടക്കുന്നിടമാണ് കാവ്. ഉള്ളിലേക്ക് കാലുവയ്ക്കും മുമ്പ് ആ മണ്ണിനെ തൊട്ടു വണങ്ങി. മനയ്ക്കലെ പണിക്കാരനാണെങ്കിലും ഇങ്ങിനൊന്നും ചെയ്ത് ശീലമില്ല. ഒരു ദൈവത്തിനേയും ഭക്തിയോടെ തൊഴുതിട്ടുമില്ല. ഇതുവരെ ചെയ്തതെല്ലാം ജോലിയുടെ ഭാഗമായുള്ള അനുഷ്ഠാനങ്ങൾ മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ ഒരു അസ്വസ്ഥതയുണ്ട് . ജീവിതത്തിൽ ആദ്യമായൊരു തെറ്റ് ചെയ്യാൻ പോവുകയാണ്. ഏതു ദൈവത്തിൻ്റെ മുന്നിലും മാപ്പിരക്കാൻ തയ്യാർ പക്ഷേ ഒന്നും ഒഴിവാക്കാനാവില്ലല്ലോ. കാവൽ നാഗങ്ങളേ അടിയനോട് കരുണ കാട്ടണേ. മനയുടെ പിറകിലാണ് നിലവറ. അവിടെ മണ്ഡപത്തിൽ ഒരു തുക്കുവിളക്ക് ഇപ്പോഴും മുനിഞ്ഞ് കത്തുന്നുണ്ട്.

കൂരിരിട്ടിൽ ദിശാസൂചികയായി അതുമാത്രമേ ഉള്ളൂ. എവിടെയൊക്കെയോ കരിയിലകൾ അനങ്ങുന്നുണ്ട്. പാറാടകൾ ചിലയ്ക്കുന്നു, പാറുന്നു. നിലവറയുടെ വാതിൽ അടച്ചിട്ടുണ്ട്. ഇവിടെ ഒന്നും താഴിട്ട് പൂട്ടാറില്ല. പൂട്ടിൻ്റെ കരുത്തിനേക്കാൾ നാഗങ്ങളുടെ കാവലിലാണ് എല്ലാവർക്കും വിശ്വാസം. മണ്ഡപത്തിലേക്ക് കയറിയപ്പോൾ ശരീരം വിറ പൂണ്ടു. കൽമണ്ഡപത്തിൽ ദണ്ഡനമസ്കാരം നടത്തി. “പൊറുക്കണം… എന്നോട് പൊറുക്കണം, അടിയന് മാപ്പ് നൽകണം”. അപ്പോൾ നാഗദൈവങ്ങളായിരുന്നില്ല ഉള്ളിൽ, അന്നവും അഭയവും തന്ന് കാത്തു രക്ഷിച്ച സിദ്ധൻ തിരുമേനിയുടെ രൂപമായിരുന്നു. നിലവറയുടെ വാതിൽ തള്ളിത്തുറന്നപ്പോൾ കണ്ടത് അത്ഭുതമായിരുന്നു. എപ്പോഴും ഇരുളടഞ്ഞു മാത്രം കണ്ടിരുന്ന നിലവറയ്ക്കുള്ളിൽ സൂര്യൻ കത്തി നിൽക്കുന്നു. മുന്നിൽ തേജോന്മയരൂപമായി സിദ്ധൻ തിരുമേനി.


” അരുത് രാമാ… ഇങ്ങോട്ട് കടക്കരുത്. നീ കരിഞ്ഞു പോകും”. സിംഹഗർജ്ജനത്തിൻ്റെ ശക്തിയുണ്ടായിരുന്നു തിരുമേനിയുടെ ശബ്ദത്തിന്. രണ്ടടി പിറകോട്ടിറങ്ങി കൈകൂപ്പി നിന്നു.
“അങ്ങുന്നേ പൊറുക്കണം”.
“നീ ഇവിടെയെത്തുമെന്ന് നമുക്കറിയാമായിരുന്നു രാമാ “. നാവിറങ്ങിപ്പോയതുപോലെ.
” രാമാ… ഇതെല്ലാം നിനക്കുള്ളതാണ്. എടുത്തു കൊള്ളുക”. പുറത്തേക്കു നീട്ടിയ ആ കൈകളിൽ നിറയെ സ്വർണ്ണാഭരണങ്ങളായിരുന്നു, നാഗദേവതയുടെ തിരുവാഭരണങ്ങൾ.
“ഇതെടുത്തിട്ട് തിരിഞ്ഞു നോക്കാതെ നടന്നുകൊള്ളൂ “. തിരിഞ്ഞുള്ള നടത്തത്തിൽ നിലവറയുടെ വാതിൽ അടയുന്നത് അറിഞ്ഞു. മണ്ഡപത്തിലെ തൂക്കുവിളക്കും അണഞ്ഞു. ചുറ്റും കട്ടപിടിച്ച ഇരുട്ടു മാത്രം.കാവിൽ പുറത്തേയ്ക്കുള്ള വഴിയോ കവാടമോ എവിടെയാണെന്നറിയാത്ത അവസ്ഥ.

ഉണ്ണി അഷ്ടമിച്ചിറ

By ivayana