രചന : മംഗളാനന്ദൻ✍
പഞ്ചമിതന്നുദരം പേറിയ
പന്ത്രണ്ടു ശിശുക്കളെയും തൻ
സഞ്ചാരപഥങ്ങളിലച്ഛൻ
അഞ്ചാതെയുപേക്ഷിച്ചത്രേ!
പൊക്കിൾക്കൊടിയറ്റ കിടാങ്ങൾ
ഇക്കാണും മലകൾ താണ്ടി
ദിക്കെങ്ങും തിരയുകയാകാം
മക്കൾക്കറിയാത്ത പിതൃത്വം.
വായില്ലാക്കുന്നിലെയപ്പൻ
വാവിട്ടു കരഞ്ഞവനല്ല
നേരിട്ടു മൊഴിഞ്ഞതുമില്ല
വേറിട്ടൊരു വിധിനേരിട്ടോൻ!
വിധി കൂട്ടിയിണക്കിയതല്ലോ
നിധിയാമൊരു ചണ്ഡാലികയെ
വരരുചിയുടെ ബ്രാഹ്മണ്യത്തിനു
വഴി വേറെയില്ലാതായി.
ഭ്രഷ്ടായവനൊപ്പം കൂട്ടി
വേട്ടവളാം കന്യകയെത്താൻ
ശിഷ്ടംനാൾ ദേശാടകരായ്
ഇഷ്ടം പോലെങ്ങുമലഞ്ഞു.
വഴിനീളെയുണർന്നൊരു കാമം
വരരുചിയിൽ നിന്നുതിളച്ചു.
ഭ്രഷ്ടായ ദ്വിജൻതൻ ബീജം
ചണ്ഡാലിയിൽ വീണു കിളിർത്തു.
കാമത്തിനു കണ്ണുകളില്ല
കാമനകൾക്കതിരുകളില്ല,
ഭ്രഷ്ടായവനെന്നാൽ സ്വന്തം
കുട്ടികളെ വേണ്ടാതായി.
ചണ്ഡാലിപെറും കുട്ടികളെ
വേണ്ടാത്തൊരു ബ്രാഹ്മണനവരെ
സ്രഷ്ടാവിൻ കാരുണ്യത്തിനു
വിട്ടോളാനോതീടുന്നു.
വയറൊഴിയാൻ പഞ്ചമി തന്റെ,
ഈറ്റില്ലമൊരുക്കും മറവിൽ
പേറ്റിൻ നോവറിയാവിപ്രൻ
കാതോർത്തു കരച്ചിലിനായി.
“വായ് കീറിയ ദൈവം കുഞ്ഞിനു
വാഴാനിര നൽകിടു,മതിനാൽ
കുട്ടികളെ പെറ്റാൽ വഴിയിൽ
വിട്ടോളാൻ പതി കല്പിച്ചു.
പാലൂട്ടാതുണ്ണികളെത്താൻ
പലവഴികളിൽ വിട്ടെന്നാലും
നിലതെറ്റിയ പഞ്ചമി പിന്നെ
പലവട്ടം വീണ്ടും പെറ്റു.
മുലയൂട്ടാൻ പറ്റീടാത്തൊരു
മാതൃത്വം വിങ്ങിപ്പൊട്ടി
പതിനൽകും കാമമുണർത്തും
പരിരംഭണമേറ്റു തളർന്നു.
പന്ത്രണ്ടാമത്തെയൊരുണ്ണി
പഞ്ചമിതന്നുള്ളിൽ വളർന്നു.
നെഞ്ചിലവൾ കദനം പേറി
സഞ്ചാരം തുടരുകയായി.
ഒരു മലതന്നടിവാരത്തിൽ
നിറവയറോടെത്തിയ ഗർഭിണി
തുണികൊണ്ടൊരു മറയുണ്ടാക്കി
വയറൊഴിയാനഭയം തേടി.
പഞ്ചമിയൊരു കളവന്നോതി-
‘വായില്ലാക്കുഞ്ഞു പിറന്നു’
‘എന്താകിലുമിവനെ വളർത്താൻ
എന്നോടു കനിഞ്ഞീടേണം.’
വഴിയിലുപേക്ഷിക്കെന്നോതാൻ
കഴിയാതെ വരരുചി നിന്നു.
പവിഴം പോലുള്ളൊരു കുഞ്ഞിൻ
മിഴിയിണയിൽ സൂര്യനുദിച്ചു.
കരയാൻ വായ്തുറയും മുമ്പേ
വരരുചിയുടെ കൈകൾ നീണ്ടു,
പിടയുന്നൊരു കുഞ്ഞിൽ നിന്നും
വിടചൊല്ലി ജീവശ്വാസം.
മലമേലേ കയറിപ്പോയി
മൃതദേഹം മറവുംചെയ്തു
ശിലകൊണ്ടു പ്രതിഷ്ഠ നടത്തി,
ദിവ്യത്വം കല്പിച്ചരുളി.
ശിലയായി ശയിച്ചാലച്ഛനു
മകനാകും ദേവനുമാകും
മനുജാകാരത്തിൽ കൂടെ
മരുവാനായനുമതിയില്ല!
വായില്ലാക്കുന്നിലെയപ്പനു
വായിന്നു തുറന്നു കൊടുത്താൽ
വാവിട്ടൊരു നിലവിളി കേൾക്കാം
വേറിട്ടൊരു സത്യം കേൾക്കാം.
വായില്ലാക്കുഞ്ഞന്മാരെ
വാഴിക്കാനിന്ദ്രപ്രസ്ഥം
വാഴുന്നവരെന്നും തമ്മിൽ
വൈമുഖ്യം കാട്ടുന്നില്ല.
വരരുചിമാർ കൈവിരൽ ചൂണ്ടി
വായ് പലതുമടച്ചിടുമിന്നും
വായില്ലാത്തപ്പന്മാരുടെ
വാഴിക്കൽ തുടരുകയല്ലോ!
( )