രചന : മായ എൻ നായർ ✍
ഭ്രാന്തില്ലെനിക്ക് ലോകമേ
എങ്കിലും നീയെന്റെ കാലിൽ ചാർത്തി
കാരിരുമ്പു വളയം.. എന്റെ കൈകളിൽ
ചീന്തി എറിഞ്ഞ പ്രണയ ഹാരങ്ങൾ.
കള്ളം തെല്ലുമില്ലാതെ ഞാൻ
പ്രണയിച്ചതോ തെറ്റ്..
ചതിച്ചോര മണമില്ലാത്തതോ തെറ്റ്
എൻ മനസ്സിൽ വിടർന്ന പ്രണയ പുഷ്പങ്ങൾ
അർപ്പിച്ചതെൻ തമ്പുരാനായ് മാത്രം.
എന്റെ മിഴികൾ തിരഞ്ഞതെൻ
രാജരാജനെ.
പാതിയടച്ച ജാലകവാതിലിൽ കാത്തിരുന്നെൻ പ്രിയനേ
വെറുതെ ഒരു നോക്കുകാണാൻ.
കേവലനല്ലെന്റെ നാഥൻ നാടിനുടയോൻ ഖ്യാതിയാർന്നോൻ….
കനക സിംഹാസനം ഇരിപ്പിടമാക്കിയോൻ…
ജ്വലിക്കും കാന്തിയാൽ പേരുകേട്ടോൻ…
ലോകം വാഴ്ത്തിപ്പാടുവോൻ.
ആവുമോ പറയാൻ ആ മനോ സഞ്ചാര വഴികൾ..
ഹൃദയത്തിൽ അടക്കും ചിന്താ സരിത്തുകൾ..
പ്രണയ സല്ലാപങ്ങൾ.. കുഞ്ഞു മോഹങ്ങൾ..
ഞാനാര് വെറുമൊരു നർത്തകി.
ഓർക്കുന്നു ഞാനിന്നും ആ മിഴിച്ചന്തം ആടി തളർന്ന വേദി…
ചാരത്തു വിളിച്ചന്ന് കൈയിൽ ഏല്പിച്ച പുടവത്തിളക്കം.
കാത്തു വച്ചൊരാ പുടവ നിറം കെട്ടെങ്കിലും..
മുടിപ്പൂക്കൾ വാടി കൊഴിഞ്ഞെങ്കിലും…
കൊഞ്ചിച്ചിരിച്ച ചിലങ്ക മൗനമായെങ്കിലും
അടച്ചില്ല ഞാനെന്റെ ഹൃദയ വാതിൽ
ചേലിലൊരുങ്ങി കാത്തിരുന്നെൻ
തമ്പുരാൻ വന്നില്ലയെങ്കിലും.
തീഷ്ണമാം പ്രണയമെൻ കാലിന്നു തന്നു
നോവിൻ ചങ്ങല ചാർത്തുകൾ..
കൈ വിലങ്ങുകൾ… ശൂന്യമാം കണ്ണുകൾ..
കൊട്ടിയടച്ച കാതുകൾ… താളം പിഴച്ച ചിന്തകൾ.
ഇന്നു ഞാൻ കണ്ടെന്റെ പ്രിയനേ..
എൻ മനസ്സിൻ രാജരാജനെ..
കണ്ടില്ല എന്നേ, അതോ നടിച്ചതോ
കേട്ടില്ലയെൻ നിലവിളിയൊച്ചകൾ
സാക്ഷാൽ ശ്രീ പത്മനാഭനും.
ചവിട്ടേറ്റു പിടയുന്നു കുതിരകുളമ്പടി അകലുന്നു
കണ്ടു ഞാനൊരു മാത്ര… ഒരു നോട്ടം…
ഓർക്കുന്നുവോ അവിടുന്നീഅഗതിയാം പെണ്ണിനെ..
ഭ്രാന്തിയാം ചെല്ലമ്മയെ.
(തിരിച്ചു കിട്ടാത്ത സ്നേഹം…. അതിന്റെ നൊമ്പരം ഏറ്റവും അറിഞ്ഞവൾ ഇവളാകും. മഹാരാജാവിനെ പ്രണയിച്ചു, സ്വയം ജീവിക്കാൻ മറന്ന നർത്തകി സുന്ദരി ചെല്ലമ്മ. മനസ്സിൽ എന്നും സഹതാപം നേടിയോൾ.)