രചന : റൂബി ഇരവിപുരം ✍
അരങ്ങൊഴിഞ്ഞു പോകാൻ നേരമായോ
അവനിയാം നാടകശാലയിൽ നിന്നീ
നടന്, യവനിക വീണു,
കാണികളില്ലാ മറ്റൊരു ലോകത്തേ,
കാഭിനേതാവായി ജീവിത നാട്യത്തിൻ
മേക്കപ്പഴിച്ചു മരണം മറ്റൊരു വേഷമിടീച്ചു,
ഭൂവിലെ ജീവനെഴും
മറ്റാരും കാണാ രംഗശാലയിലേക്കാനയിക്കുന്നു,
തീരെസുപരിചിതമല്ലാത്തയാലോക
ഭാഷയും നിയമവും ചിട്ടയുമെനിക്കറിയിലാ….
യെന്നാലും വരില്ലെന്നൊട്ടും പറയാനാകില്ലൊരു
ശാഠ്യവും വിലപ്പോകില്ല,
വിളിപ്പുറത്തെത്തുകയല്ലാതെ
മറ്റൊരു വഴിയുമില്ല…
അവിടെയിരുദേശമുണ്ടെന്നി
തുവരെ കാണാത്ത
മനുഷ്യർ കല്‌പനയിലൂടോതു
ന്നൊന്ന് സ്വർഗ്ഗവും മറ്റൊന്നു
നരകവു,മതിലേതിലേക്കാണെന്നെ
കൊണ്ടുപോകയെന്നതജ്ഞാതം….
പുത്രകളത്രാദി ബന്ധുജനത്തെവിട്ടാ
മടക്കമില്ലാ,യാത്രക്കല്പവിഷമമുണ്ടെങ്കിലും
നിശ്ചയമൊരു നിമിഷം പോലുമതു പറഞ്ഞി
വിടെ നിൽക്കാനാവില്ലല്ലീ…
അത്ര കണിശമവസാനയാത്രാ
സമയം മാറ്റാനാവില്ലാർക്കുമേ….
യിത്രകാലം ഭൂവിൽ ജീവിച്ചിട്ടും
മൃതിക്കപ്പുറത്തെയവസ്ഥയെ
പറ്റി പലരും പറഞ്ഞീടിന
യൂഹാപോഹമല്ലാതെന്തേ
യിതു വരെ പരമാർത്ഥമെന്തെ
ന്നറിയാത്തു…
മൃഷ്ടമായീ ഭൂമിയെപറ്റി പോലുമറിയാത്ത
നാമെങ്ങനെ മരണാനന്തരമെഴും
ശിഷ്ടകാലത്തെക്കുറിച്ചുരചെയ് വതതു
പരമ വിഡ്ഢിത്വമെന്നല്ലേ പറയേണ്ടൂ…
താനാണു വലിയവനെന്നു സ്വയമഹങ്കരിക്കും
മർത്ത്യാ, യെന്നെങ്കിലും നിനക്കാമോ… ?
മരണമാം വിജിഗേഷുവിനെ
തോല്പിച്ചു,
സ്ഥിരമായീ മണ്ണിൽ
ജീവിത നാടകമാടുവാൻ…..