വണ്ടി പണിക്കാർ ബീഡി പണിക്കാർ നെയത്തുകാർ ചെങ്കൽ വെട്ട് പടുത്തു കെട്ട് തേപ്പ് കൈകോട്ട് കണ്ടം കൊത്ത് പുരകെട്ട് കുമ്മായം തേപ്പ്കാർ പൂക്കോടെ സർവമായ വർണ്ണ രാജികളിൽ നിന്നെല്ലാംവേറിട്ട് നിൽക്കുന്ന തൂവെളിച്ചം …ആകാരത്തിലും പ്രഭാവത്തിലും അതാണ് എന്റെ ഓർമ്മയിലെ കുഞ്ഞീട്ടൻ മേസ്രി…
വടിവൊത്ത് തേച്ച് മിനുക്കി തൂവെള്ളയിൽ മേസ്ത്രീ കാര്യാട്ടുപുറം ചെരിവ് റോഡ് ധൃതിയിൽ ഇറങ്ങി വരുന്നത് കാണാൻ എന്തോരു ചേലാണ്..
അല്ലെങ്കിലും തുന്നൽ മേസ്ത്രിമാർ അങ്ങനെ സ്വയം മാതൃകയായല്ലെ പറ്റു … മറ്റുള്ളവരുടെ ആകാര അളവുകൾ തയ്ച്ചു പാകപെടുത്തുന്ന മേസ്ത്രിമാർക്ക് ഒരു മാക്കാണ്ടിയായി കോലം കെട്ട് നടക്കാനൊക്കുമോ …
അച്ചന്റെ വിരലിൽ തൂങ്ങി ആദ്യമായി കൂർഗ് റോഡ് മുറിച്ചു കടന്നതും കുഞ്ഞീട്ടാട്ടെന്റെ പ്രകാശ് ടെയ്ലറിന്റെ കോലായിൽ കുപ്പായത്തിന് അളവെടുത്തതും ഇന്നും തൂവെളിച്ചം പോലുള്ള ഓർമകൾ …
പൂക്കോട്ടെ പ്രഗൽഭനായ തുന്നൽ കാരൻ ഉഷ ടെയ്ലറിലെ നാണു ഏട്ടൻ ആണെങ്കിലും എന്റെ ഫാമിലി ടെയ്ലർ കുഞ്ഞീട്ടാട്ടൻ ആണ് .. അതിന് ഉണ്ടൊരു കാരണം
നല്ല കുപ്പായത്തിന് പഞ്ഞമായിരുന്ന എൺപതുകളിലെ നിത്യവൃത്തിക്കാരന്റെ കുഞ്ഞു മക്കൾക്ക് അച്ചൻ മാരുടെ തഴമ്പിച്ച കുപ്പായത്തിന്റെ തഴമ്പുകൾ വെട്ടിമാറ്റി തുന്ന് അഴിച്ച് കുഞ്ഞു കുപ്പായങ്ങൾ തയ്ച്ചു കൊടുക്കുമായിരുന്നു കുഞ്ഞീട്ടൻ മേസ്ത്രി
പഴയ കുപ്പായങ്ങളുടെ തുന്നുകൾ അഴിച്ചെടുത്ത് തഴമ്പില്ലാത്ത ഭാഗങ്ങൾ ചേർത്ത് വച്ച് കുഞ്ഞ് കുപ്പായങ്ങൾ ഉണ്ടാക്കുന്നത് അത്ര സുഖമുള്ള ജോലി അല്ലാതിരുന്നിട്ടും പുത്തനല്ലെങ്കിലും പുതുമോടിയിൽ പൂക്കോട്ടെ നിത്യവൃത്തിക്കാരന്റെ മക്കളും സ്വൊന്തം കരവിരുതിൽ ചെത്തി നടക്കുന്നത് കണ്ട് മനം കുളിർതു മന്ദസ്മിതം തൂകി കുഞ്ഞീട്ടൻ മേസ്ത്രി …
എത്ര തേമ്പിയ കുപ്പായം കൊടുത്താലും ഭാവത്തിൻ ഒരു മാറ്റവും കാണിക്കാത്ത മേസ്ത്രി
നാലക്ക ശമ്പളമുള്ളവരും വൈറ്റ്കോളർമാരും നാനാദിക്കിൽ നിന്നും നാണു മേസ്ത്രിയുടെ കസ്റ്റമറായി വരുമ്പോൾ .. നിത്യവൃത്തിക്കാരും ബീഡി പണി കൽകൊത്ത് കണ്ടം കൊത്ത് ചെത്ത് നാടൻ പണിക്കാർ കുഞ്ഞീട്ടൻ മേസ്ത്രിക്ക് കസ്റ്റമറായി …കൂട്ടത്തിൽ തലയിൽ ഇരട്ട ചുഴിപ്പ് ഉള്ള ഒരു കുഞ്ഞാവയും …
പഞ്ചായത്തിെന്റെ അതിർത്തിക് അപ്പുറത്തോളം പേരുള്ള പൂക്കോട്ടെ നാണു മേസ്ത്രിയുടെ ഉഷ ടെയ്ലർ തൊട്ട് മുന്നിലാണെങ്കിലും യാതൊരു കിടമത്സരത്തിനുമില്ലാതെ അതിന്റെ ആവിശ്യമില്ലാതെ ഏറെ കാലം കൂഞ്ഞിട്ടാട്ടന്റെ പ്രകാശ് പൂക്കോട് കാലങ്ങളോളം പ്രോജ്വലിച്ചു പോന്നു ..
കാലങ്ങൾക് ഇപ്പുറം ഇന്ന് കൂർഗ്ഗ് റോഡ് വീതി വച്ചു ..കുഞ്ഞാവ കൾക് എളുപ്പത്തിൽ റോഡ് മറികടക്കാൻ വയ്യാണ്ടായി.. പുത്തൻ അണ്ടനടകോടൻമാരെല്ലാം വണ്ടിയിൽ മാളുകളിലേക്കും റെഡീമേയ്ഡ് കളിലേക്കും ചേക്കേറി …
മേസ്ത്രി യൊക്കെ രംഗം വിട്ടൊഴിഞ്ഞ ഞ്ഞിട്ട് കൊല്ലം പത്ത് പതിനഞ്ചായെന്ന് തോനുന്നു ..കൊല്ലങ്ങൾ എത്ര പോയാലും കോറി വച്ച ചില ഓർമ്മകൾക്ക് മരണമില്ല.. ഓർമ്മചിത്രങ്ങളും നശിക്കില്ല..

സുനിൽ പൂക്കോട്


By ivayana