ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

“അയ്യേ നീ മാറി നിൽ’ക്കെന്നയഹങ്കാരം
വയ്യേയെനിക്കിനി കണ്ടുനിൽക്കാൻ”
തെയ്യമുറഞ്ഞതുപോലവൻ ഗർജിച്ചു
അയ്യങ്കാളിയെന്ന മഹാത്മജൻ.

ഉപജാതിചിന്തയുയരാതിരിക്കാൻ
ഉയിരു നൽകിയോനുന്നതനായ്
വരുംവരായ്കകൾ നോക്കാതെ നിർഭയം
നേരിനെ നെഞ്ചേറ്റിനിന്നു ഭൂവിൽ.

പതിതർ പാവങ്ങളധകൃതരിവർ
പാതയാക്കീടുന്നാ ദിവ്യദ്യുതി
അനാചാരങ്ങളെയന്ധവിശ്വാസത്തെ
അനവരതം വെന്നിയമന്നൻ.

സാധുജനപരിപാലനയോഗത്താൽ
സ്വാതന്ത്ര്യം നേടി സഞ്ചാരത്തിന്
നിഷ്കാസിത ജനം നായകനവനിൽ
നേരുള്ള നേതൃത്വം കണ്ടറിഞ്ഞു.

അനാചാരങ്ങളെയുന്മൂലനം ചെയ്യാൻ
അക്ഷരജ്ഞാനമുദ്ബോധിപ്പിച്ചു
അശ്വമേധത്തിനും ജാതിമേൽ കോയ്മക്കും
ആദ്യന്തമന്തകനായിനിന്നു.

ശക്തിയാർജ്ജിച്ചീടാൻ സ്വാതന്ത്ര്യം നേടീടാൻ
സദാചാരങ്ങൾക്ക് യുക്തി നൽകാൻ
അയ്യനവനുടെ പാതതുടർന്നു നാം
അല്ലലരിഷ്ടതയൊക്കെ മാറ്റാം.

തോമസ് കാവാലം

By ivayana