ചിരിക്കുന്ന മുഖത്തോടെ, ഹൃദയംതുറന്നുവരവേറ്റ എന്നെ നീയെന്തിനാണ് ഏറ്റവും ഹൃദ്യമായ ചിരിയോടെ, തേൻമധുരമുള്ള ഭാഷണങ്ങളുമായി എനിക്കുചുറ്റും നടന്ന് ഇടതു വാരിയിൽത്തന്നെ ആയുധം പ്രയോഗിച്ചത്….?
എന്റെ വാരിയെല്ലൂരിയെടുത്താണ് നിന്നെ സൃഷ്ടിച്ചതെന്ന് ഞാനൊരിക്കൽ പറഞ്ഞത് തികച്ചും ആലങ്കാരികമായിട്ടാണെന്ന് നീ മനസ്സിലാക്കിയില്ലേ…?!
വെറുതെ ഒരവകാശവാദത്തെ നിന്റെ ജിജ്ഞാസയുടെ കൂർത്തമുനയിൽ കൊരുത്ത അപരാധത്തിന് ഇതായിരിക്കണം ശിക്ഷ എന്ന വിധിയെഴുത്ത് അനാദികളിൽത്തന്നെ അടയാളപ്പെടുത്തപ്പെട്ടിരിക്കാം.
നിന്റെ ആശങ്കകൾക്കിനി പൂർണ്ണവിരാമം.
അഴിച്ചെടുത്ത വാരിയെല്ല് തെറ്റിത്തെറുമ്പി പണിപ്പുരയിൽ നിന്ന് തെരുവിലേക്കിറങ്ങി ചടുലമായാടിത്തുടങ്ങിയിട്ടും ഉടയോൻ ഞാനല്ലേയെന്നു നെടൂവീർപ്പിട്ടതല്ലാതെ പക്കമേളക്കാരുടെ അപശ്രുതി തിരുത്താനോ ശ്രുതിശുദ്ധിയോടെ പാടാനോ എനിക്കുമായില്ല.
ആദ്യ പുരുഷന്റെ മഹാമൗഢ്യങ്ങളിൽ നിന്നിനിയും ഒട്ടും വളരാനാവാതെ സർപ്പത്തിന്റെ പ്രലോഭനത്തെ അതിജീവിക്കുന്നതിൽ പരാജയപ്പെട്ട് ജാള്യതയോടെ ഞാനിപ്പോഴും എന്റെ ഇടതുവാരിയിലെ അസ്ഥി നഷ്ടത്തിൽ നിന്നുള്ള അന്വേഷണത്തെ നിന്നിലോളമെത്തിച്ച് ദീർഘനിശ്വാസത്തിന്റെ നീരാവിയിൽ സ്വയം കുതിരുന്നു.
മേശപ്പുറത്തിരുന്ന ഡയറിയെടുത്തവൾ വായിച്ചു നിർത്തി, എന്നെ നോക്കി, ഇതെന്തു ഭ്രാന്താണ്. ആർക്കും മനസ്സിലാകാത്ത ഭാഷയിൽ എന്തൊക്കെയോ എഴുതിവച്ചിട്ടു താടിയും തടവി നടക്കുന്ന ബുദ്ധിജീവി,
വംശനാശം വന്ന ഏതോ പ്രാക്തന ഗോത്രത്തില്നിന്നുള്ള അവസാനത്തെ സ്പെസിമെൻ, അതാണ് നീ…!
ഞാൻ വെറുതെ ചിരിച്ചു.
നിനക്കെങ്ങനെ ഇതുപോലെ ചിരിക്കാൻ കഴിയുന്നു…?
അപ്പോഴും ഞാൻ ചിരിച്ചു, നിനക്കെന്നെ കൊല്ലാമോ…?!
എന്റെ ചോദ്യം അപ്രതീക്ഷിതമായിരുന്നു. സത്യമായും നിന്റെ കൈകൊണ്ട് മരിക്കാൻ എനിക്കെന്തു കൊതിയാണെന്നോ…?
അല്ലെങ്കിൽ വേണ്ട, നിന്റെ നീട്ടിപ്പിടിച്ച കൈക്കുമ്പിളിലേക്കെന്റെ പ്രണനെയിട്ടു തരട്ടെ, ഭദ്രമായി നീയതെടുത്ത് നിന്റെ ഹൃദയ സ്പന്ദനങ്ങളോട് ചേർക്കുമെന്നെന്നോട് ഒരു കളവെങ്കിലും പറഞ്ഞുകൂടെ നിനക്ക്…?
അവളുടെ മൂക്കിന്റെ തുമ്പ് ചുവക്കുന്നത് എനിക്ക് കാണാമായിരുന്നു.
നിന്റെ ഭ്രാന്തിനെ സ്നേഹിച്ച് വിഡ്ഢിയാകാൻ ഞാനില്ല.
നിനക്ക് ആഗ്രഹങ്ങളില്ല, ആഗ്രഹങ്ങളില്ലാത്തവൻ ജീവിക്കുന്നില്ല. വർണ്ണങ്ങൾ നിറഞ്ഞ ഈ ഭൂമിയിൽ എനിക്കിഷ്ടം ജീവിതം ഉത്സവമാക്കാനാണ്.
അതേ, ആഗ്രഹങ്ങളില്ലാത്തവൻ ലക്ഷ്യങ്ങൾ നഷ്ടപ്പെട്ടവനാണ്. ജീവനുണ്ട്, ജീവിതത്തോടൊട്ടും ആസക്തിയില്ലാത്തവനാണ് ഞാൻ. എന്റെ ഹൃദയം ഞാൻ നിനക്ക് ചൂഴ്ന്നെടുത്തു തരട്ടെ, നിന്റെ പൂപ്പാത്രത്തിൽ ഒരിക്കലും വാടാത്ത ചെമ്പനീർപൂവിന്റെ ഇതൾ കാറ്റിൽ മെല്ലെ ഉലയുംപോലെ അത് സ്പന്ദിക്കും….!
ഒന്നുറപ്പിച്ചു പറയാം, നീയന്നോളമറിഞ്ഞ സുഗന്ധങ്ങളിൽ ഏറ്റവും മികച്ച സുഗന്ധമാണതിൽ
നിനക്കുവേണ്ടി ഞാൻ കരുതി വച്ചിട്ടുള്ളത്…!
വരുൺ, നീ തമാശ നിർത്ത്.
എന്നില്ലെന്നും അപരാധബോധം നിറക്കുന്ന നിന്റെയീ ജല്പനങ്ങളോട് എനിക്ക് പുച്ഛമാണ്. ഞാനെന്തിന് നിന്നെ അറിയണം…? നമുക്കിടയിൽ ഞാൻ ഏകപക്ഷീയമായിത്തുടങ്ങുകയും എന്റെ ഇഷ്ടപ്രകാരം അവസാനിപ്പിക്കുകയും ചെയ്യുന്ന സൗഹൃദമേ ഉണ്ടായിരുന്നുള്ളൂ. എത്ര അസഹനീയമാണ് നിന്റെ പെരുമാറ്റം!
ആയിരിക്കാം, പക്ഷേ നീ വരച്ച വഴി മായാതെ കിടക്കുമ്പോൾ ഇനിയൊരു വഴിതേടാൻ ഞാൻ മറന്നുപോയിരിക്കുന്നു, അല്ലെങ്കിൽത്തന്നെ ഇനിയൊരു വഴിയേ നടന്നേത് തുറസ്സിലേക്കാണ് ഞാനെന്നെ ഇറക്കി നിർത്തി പ്രദർശിപ്പിക്കേണ്ടത്…?
അകറ്റപ്പെടുന്നതിന്റെ നോവിൽനിന്നിറങ്ങി നടക്കണ മെന്നുണ്ട്…, പക്ഷേ എന്റെ ഒരേയൊരു തുണ്ട് കര നീ മാത്രമാണ്. ചുറ്റും ഭീഷണമായ തിരമാലകൾ ഉയരുന്ന സമുദ്രത്തിലെ സുരക്ഷിതമായ തുരുത്താണതെന്ന വ്യാമോഹമാണ് ഞാൻ ജീവവായുവിൽക്കലർത്തി ഏറെ വിശ്വാസത്തോടെ ശ്വസിക്കുന്നത്…!
ഒരു പ്രാർത്ഥനയുണ്ട്. എന്നെ പൂർണ്ണമായും ഉപേക്ഷിക്കുക, വഴിനീളെ എന്റെ നിനവുകൾ പിൻവിളിച്ചുകൊണ്ടേയിരിക്കുമെങ്കിലും നിനക്ക് തിരിഞ്ഞുനോക്കാനാവില്ലല്ലോ എന്നൊരു മൗനം കൊണ്ടെന്നെ പ്രതിരോധിക്കണം…!
ഓടിയകന്ന് ഇനിയൊരു തണലിന്റെ കുളിരും വിശ്രാന്തിയുമറിഞ്ഞു ഈ വേനലിന്റെ വെയിലുരുക്കങ്ങളെ പരിഹസിക്കണം. വഴിനീളെ നിഴൽക്കുടയായി ഞാനുണ്ടെങ്കിലും വിങ്ങലിന്റെയും വിയർപ്പിന്റെയും പരാതിയാൽ നീയെന്നെ വിധിക്കണം.
വല്ലാതെ ബോറടിക്കുന്നു വരുൺ…, നീയെന്താണിങ്ങനെ…, എനിക്ക് നിന്നോട് ഒന്നും പറയാനില്ല. എതാൾക്കൂട്ടത്തിലും ഒറ്റപ്പെട്ടു നില്ക്കുന്ന നിന്റെ വിചിത്രസ്വപ്നങ്ങൾക്കൊപ്പം നടക്കാനും ഏറ്റവും വിരസമായ നിന്റെ ജല്പനങ്ങൾക്ക് മറുമൊഴിതേടാനും എനിക്ക് നേരമില്ല. നിന്നോളം അതൃപ്തനായ ഒരാൾക്ക് ജീവിക്കാൻ വേണ്ടത്ര ഉപാധികളെ കണ്ടെത്താൻ സൃഷ്ടാവിനുപോലും കഴിഞ്ഞിട്ടില്ല.
തോറ്റുപോയ സംഗ്രാമങ്ങൾ കവർന്നെടുത്ത കിരീടവും ചെങ്കോലും നിന്നിലൂടെ വീണ്ടെടുക്കുന്ന ഏറ്റവും ഹൃദ്യമായ ഒരു കിനാവിലൂടെയുള്ള സ്വപ്നാടനത്തിലായിരുന്നു ഞാൻ. എന്നെ യാഥാർഥ്യത്തിന്റെ വെളിച്ചത്തിലേക്കിറക്കിറക്കി നിർത്തരുതെയെന്ന നിലവിളി നിന്റെ കാതോരത്ത് ഇപ്പോഴും ചിണുങ്ങുന്നുണ്ട്…!
ഇനി നീ വിധിക്കുക, ഒരു സ്വർണ്ണപ്പാത്രം നിറയെ സുഗന്ധപൂരിതമായ എന്റെ രക്തം കരുതിയിട്ടുണ്ട് നിനക്ക് കൈകഴുകി സ്വസ്ഥമാകാൻ. എന്റെ കുരിശും ചുമലിലേന്തി നിന്റെ നിന്ദയുടെയും അവഗണനകളുടെയും ചാട്ടവാറടിയേറ്റ് കുന്നിന്മുകളിലേക്ക് ഞാനിതാ പുറപ്പെടുന്നു. എന്റെ തെറ്റുകളെമാത്രം ചികഞ്ഞെടുത്ത് എനിയ്ക്കിടത്തും വലുത്തും കുരിശേറ്റി നിന്റെ വിളംബരത്തെ സാധൂകരിക്കുക….!
ഞാൻ ഇറങ്ങുന്നു, അവൾ അക്ഷമയായി. ഇനിയൊരു കൂടിക്കാഴ്ചയുണ്ടാകില്ല…, അതിന് നിർബന്ധിക്കുകയും അരുത്. ഭ്രാന്തൻ കല്പനകളുടെ തടവറയിൽ സ്വയം പീഡിപ്പിച്ച് രസിക്കുന്ന നിന്നോടെനിക്കിപ്പോൾ സഹതാപംകൂടിയില്ല.
ഒന്നു ചോദിക്കട്ടെ, നിനക്ക് മരിച്ചുകൂടെ…? അത് നിന്റെ ഈ ജീവിതത്തോളം ദുസ്സഹമായിരിക്കില്ല എനിക്ക്. സത്യമായും നീ അല്പം മുൻപ് ചോദിച്ചില്ലേ, നിന്റെ പ്രാണൻ എന്റെ കൈക്കുടന്നയിലേക്ക് പകർന്നു തരട്ടെയെന്ന്…, വെറും വാക്കുപറയാത്തവനെ അതെനിക്ക് വേണം….!
വേണമെന്നൊരു വാക്കിന്റെ സംജ്ഞ മതിയെനിക്ക്. നിന്നെ ഒരിക്കലും നിരാശപ്പെടുത്തില്ല ഞാൻ…! അകമേ പുറമേ കളങ്കമൊട്ടും തീണ്ടാത്ത എന്റെ ആത്മവിശുദ്ധിയെ സാക്ഷിനിർത്തി നമുക്ക് ഏറ്റവുമാവസാനമായൊരു യുഗ്മഗാനം പാടിയാലോ…, അല്ലെങ്കിൽ വേണ്ട, നിനക്കിനി എന്നോടൊപ്പം ശ്രുതിചേർക്കാനുള്ള താത്പര്യക്കുറവിനെ ഞാൻ മാനിക്കുന്നു.
ഇനി നീയൊന്നു ചിരിക്കുക. അതാണെന്റെ പാഥേയം…!!!