ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഇന്നലെ ഞാനെൻ്റെ കണ്ണനെക്കാണുവാൻ
കണ്ടു തൊഴുതിടാൻ ചെന്നനേരം
ജന്മനാളായിട്ടു കണ്ണനെക്കൈതൊഴാൻ
ഭക്തലക്ഷനിര സാഗരമായ്!

ആനയുണ്ടാമ്പാരിമേളങ്ങളേറെയു-
ണ്ടായിരുന്നാ ചുറ്റമ്പലം നിറയെ !
ലോകരാം ലോകരും തിക്കിത്തിരക്കിയാ
കൂട്ടത്തിൽ ഞാനുമൊഴുകിയപ്പോൾ !

എങ്ങനെയൊരു നോക്കു കണ്ണനെക്കാണുവാ
നാകുമെന്നോർത്തു തപിച്ചുപോയി.
തിരുനടയിങ്കൽ ഞാനേറെ നേരം നിന്നു
കണ്ണടച്ചകതാരിൽ ധ്യാനമോടെ!!

കണ്ണുതുറന്നപ്പോഴെൻ മുന്നിലുണ്ണിയോ
പുഞ്ചിരി തൂകി പ്രസാദമോടെ !
പുല്ലാങ്കുഴലൂതിനില്ക്കുന്നു പൊന്നുണ്ണി-
ക്കണ്ണനെന്നുള്ളമറിഞ്ഞ പോലെ.!

ഓടിയടുത്തുചെന്നാ കാലിൽ തൊട്ടു ഞാൻ
അന്നേരം കണ്ണനെൻ കൈപിടിച്ചു!
മിഴിയും മനവും നിറഞ്ഞു കവിഞ്ഞുപോയ്
മാനസേ സന്തോഷനിർവൃതിയായ്!

പുഞ്ചിരിപ്പൂചൂടി ഉണ്ണിയോടൊത്തു ഞാൻ
സന്തോഷമോടെയാ നടയിൽ നില്ക്കേ
കണ്ണാ – ഇതെന്തുമറിമായമെന്നു ഞാ-
നോർത്തങ്ങതിശയമോടെ നില്ക്കേ!

“അമ്മയെക്കണ്ടതാലോടോടിവന്നതാ-
ണുള്ളിലിരുപ്പുറയ്ക്കാതെയിപ്പോൾ
അമ്മയെക്കാണുവാനുണ്ണിയാം ഞാൻ തന്നെ
അരികിലണഞ്ഞെന്നറിഞ്ഞുകൊള്ളൂ.!.

ഏറെത്തിരക്കിലാണമ്മേ എനിക്കേറെ –
നേരമിവിടെ നില്ക്കാനുമാകാ!
വന്നിടാമ്മയെക്കാണുവാൻ പിന്നെയു”-
മെന്നു മൊഴിഞ്ഞുണ്ണിയദൃശ്യനായി!

ഉണ്ണിക്കണ്ണാ നിൻ്റെ മായക്കളികളും
കണ്ടെൻ്റെയുള്ളം നിറഞ്ഞുപോയീ..!
ഓമനക്കണ്ണാ നിൻചേവടി കുമ്പിടാൻ
എന്നുമീയമ്മ തപസ്സിരിപ്പൂ!

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
വൃഷ്ണികുലേശ്വര കൃഷ്ണാ ഹരേ ..!🙏🙏🙏❤️🌈

മാധവി ഭാസ്കരൻ

By ivayana