കറങ്ങുന്ന കറുത്ത ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ ചിന്തകൾ കൊണ്ട് മനസ്സെപ്പോഴോ കാട് കയറുന്നത് അയാളറിയുന്നുണ്ടായിരുന്നു.

പുറത്ത് രാവ് കനത്തു.
തുറന്നിട്ട ജനലിലൂടെയപ്പോൾ അകത്തേക്കു വന്ന കാറ്റിനോടൊപ്പം അകലെ എവിടെനിന്നോ ഭയം വിതക്കും വിധം അവ്യക്തമായി ശബ്ദങ്ങൾ കേൾക്കുന്ന പോലെ… തോന്നലാണോ ഇനി??
രാത്രികളിൽ നിദ്രയെ അലോസരപെടുത്തുന്ന ചില സ്വപ്നങ്ങൾ. രക്തം മണക്കുന്ന രാത്രികൾ.മനസ്സിനെ വേട്ടയാടുന്ന അവ്യക്തമായ ചില രൂപങ്ങൾ.ആ രൂപങ്ങൾ തന്നോടെന്തോ സംസാരിക്കാൻ ശ്രമിച്ചില്ലേ?
തന്റെ നിദ്രയെ കവർന്നെടുത്തു ചിന്തകൾ ഓരോന്നായി കൂടുകൂട്ടി.
വെറുതെ ഒന്നുറങ്ങാൻ ശ്രമിച്ചു….
സമയം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങിയ വേളയിൽ എപ്പോഴോ ഹാളിൽ കിളിനാദം മുഴങ്ങിയത്. അത് കേട്ടതും അയാൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു.
തോന്നലാണെന്ന് ഉറപ്പിക്കുമ്പോഴേക്കും തുടരെ തുടരേയുള്ള ആ സ്വരം മനസിലാക്കി തന്നു അത് കാളിങ് ബെല്ലാണെന്ന്.
“”ഈ നേരം കെട്ട സമയത്ത് ഇതാരാണാവോ…”
എന്ന ചിന്തയിൽ വാതിൽ തുറന്നതും കണ്ണുകൾ പതിഞ്ഞത് പരിഭ്രമിച്ചു ചുറ്റും നോക്കി നിൽക്കുന്ന ഒരു പത്തു വയസ്സ് തോന്നുന്ന ഒരു പെൺകുട്ടിയിൽ ആയിരുന്നു.
“”എന്താ മോളെ… മോളേതാ?”
“അച്ഛന്‌, ന്റെ അച്ഛന് തീരെ വയ്യ….
ഡോക്ടർ ഒന്ന് വരുമോ?”
കരഞ്ഞുകൊണ്ടുള്ള അവളുടെ ചോദ്യത്തിനു എന്ത് മറുപടി പറയണമെന്ന് ഒരു നിമിഷം ചിന്തിച്ചു അവളെ നോക്കി…
കരഞ്ഞു തളർന്ന ഒരു പെൺകുട്ടി… പക്ഷെ അവളുടെ കണ്ണുകളിൽ ഒരു തിളക്കമുണ്ടായിരുന്നു. പ്രതീക്ഷയുടെതാണോ അത്???
ഇതേതായീ കുട്ടി, ഇതിനു മുന്നേ ഇവിടെയൊന്നും കണ്ടിട്ടേയില്ല.
“മോൾ എവിടുന്ന വീട് എവിടെയാ?”
“ഡോക്ടറെ, ഞാനിതാ ആ കാണുന്ന വീട്ടിലെതാ”
“അവിടെ?”
“അതേ, രണ്ടു ദിവസമേ ആയുള്ളൂ പുതിയ വീട്ടിലേക്ക് ഞങ്ങൾ വന്നിട്ട്.”
ശരിയാണ് അമ്മ പറഞ്ഞിരുന്നു അപ്പുറത്തെ വീട്ടിൽ പുതിയ താമസക്കാർ വന്ന വിവരം. കാണാനോ പരിചയപ്പെടാനോ കഴിഞ്ഞില്ല.
” അച്ഛന് എന്താ പറ്റിയത്? “
” അച്ഛന് സുഖമില്ല ഡോക്ടറെ വേഗം വാ എന്റെ കൂടെ വാ ഡോക്ടറെ”
” ശരി ശരി ഞാൻ ഇതാ വരുന്നു”
അകത്തുകയറി സ്കെതസ്കോപ്പും ഫസ്റ്റ് എയ്ഡ് ബോക്സും അർജന്റ് മെഡിസിൻസുമെടുത്ത് വേഗം അവളോടൊപ്പം അവരുടെ വീട്ടിലേക്ക് നടന്നു.
അവളുടെ കണ്ണുകളിലെ തിളക്കം നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലൊരു തോന്നൽ. എന്താന്നറിയില്ല അവളെ ചേർത്തുപിടിച്ച് നടക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നതുപോലെ. എന്താണവളുടെ മുഖഭാവം, വായിച്ചെടുക്കാൻ കഴിയുന്നില്ല. കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോളവൾ കരയുകയല്ല. എന്തോ ഒന്ന് നേടിയെടുത്തവളെ പോലെ അവൾ എന്നെയും കൂട്ടി വീട്ടിലേക്കു നടന്നു.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
കാത്തിരിപ്പ് :
ഒരു വർഷം മുമ്പ്,
ഹോസ്പിറ്റൽ രോഗികൾ ദിവസേന രണ്ടുമൂന്ന് സർജറികൾ, നഗരത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ തിരക്കുപിടിച്ച ഒരു ഡോക്ടറുടെ ജീവിതം മാറ്റങ്ങളില്ലാതെ മുമ്പോട്ടുപ്പോയി.
നെട്ടോട്ടങ്ങൾക്കിടയിൽ ഹൃദയം പണിമുടക്കി തുടങ്ങിയത് തിരിച്ചറിഞ്ഞില്ല. ചെറിയ ചില ലക്ഷണങ്ങളൊക്കെ കാണിച്ചു കണ്ടെങ്കിലും കാര്യമാക്കിയെടുക്കാതെ ഓട്ടം തുടർന്നു എന്നതാണ് സത്യം.
ഒടുവിൽ അതേ ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ രോഗിയായി പ്രവേശിക്കപ്പെടുന്നതുവരെ ആ ഓട്ടം തുടർന്നു.
ഹാർട്ട് ട്രാൻസ്പ്ലാന്റേഷനല്ലാതെ മറ്റൊരു മാർഗമില്ലെന്നു ഡോക്ടർമാർ വിധിയെഴുതി.
മറ്റൊരാളുടെ മരണത്തിനുവേണ്ടി ഞാൻ പ്രാർത്ഥിച്ച് തുടങ്ങി. സ്വന്തം ജീവനേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു.
ആരും മരിച്ചാലാണ് പകരംവെക്കാൻ എനിക്കൊരു ഹൃദയം കിട്ടുകയെന്നത് മാത്രമായിരുന്നു ചിന്ത.
വൈദ്യശാസ്ത്രത്തിന്റെ തത്വചിന്തകളെല്ലാം എന്നെ നോക്കി പല്ലിളിക്കുന്നു.
രോഗിയുടെ ജീവൻ രക്ഷിക്കേണ്ട ഡോക്ടർ ഒരു രോഗി മരിച്ചു കിട്ടാനായി പ്രാർത്ഥിക്കുന്നു. എന്തൊരു വിരോധാഭാസം.
“ജീവനാണ് പ്രധാനം സ്വന്തം ജീവൻ.”
മൂന്ന്‌ മാസത്തോളം ഹോസ്പിറ്റൽ വാസം, കാത്തിരിപ്പ്.
നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും സർക്കാരിന്റെ മൃതസഞ്ജീവനി ലിസ്റ്റിൽ എന്റെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷന്‍ നടത്തുന്ന തിരിമറിയെ കുറിച്ചുള്ള അറിവായിരുന്നു ഏക ആശ്വാസം.
മാച്ചിംങായ ഒരു ഹൃദയത്തിനുടമ മരിച്ചു കിട്ടുകയെന്നതു മാത്രമാണ് ടാസ്ക്. ഇത്രയും കാലം മരിച്ചുജീവിച്ചു ഉണ്ടാക്കിയതെല്ലാം ജീവൻ നിലനിർത്താൻ വേണ്ടി നൽകാൻ തയ്യാറാണ്.
കമ്മീഷനും ബ്രോക്കറേജുമെല്ലാമായി വലിയ സംഖ്യ നൽകേണ്ടിവരും. എന്നിരുന്നാലും ജീവനാണ് വലുത് സ്വന്തം ജീവൻ.
ക്രിറ്റിക്കൽ ലിസ്റ്റിലുള്ള പേഷ്യൻസിന്റെയെല്ലാം വിവരങ്ങൾ സമയാസമയം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
അതിലൊന്നുപോലും എന്റെ ഹൃദയത്തോട് ചേർത്തു വെക്കാൻ പാകപ്പെട്ടതില്ല.
അല്ലെങ്കിൽ ഒരു നേരത്തെ മരുന്നിന്റെ ഓവർഡോസിലോ ഹൈ ഡോസ് ആസ്പിരിൻ ഇഞ്ചക്ഷനിലോ അവർ ആ ഹൃദയത്തെ പറിച്ചെടുത്തെനിക്ക് തരുമായിരുന്നു. ആക്സിഡൻറ് കേസുകളും കനിയുന്നില്ല.
തിരക്കുകൾ ഒന്നുമില്ലാത്ത തികച്ചും മടുപ്പ് പിടിപ്പിക്കുന്ന ദിനങ്ങൾ. ഒരേ കാഴ്ചകള്‍
ആളുകൾ മരുന്നിന്റെ ഗന്ധവും സമയാസമയം തേടിയെത്തുന്ന ഇഞ്ചക്ഷനുകളും മനസ് മടുത്തു തുടങ്ങിയിരിക്കുന്നു.
പണിമുടക്ക് പ്രഖ്യാപിച്ച ഹൃദയം ഇടയ്ക്കിടെ കുത്തിനോവിക്കും.
വേഗത കൂട്ടിയെന്നെ പേടിപ്പിക്കും.
മാറ്റങ്ങളൊന്നുമില്ലാതെ അതങ്ങനെ തുടർന്നുകൊണ്ടിരുന്നു.
ഐസിയു രണ്ടാം വീടായി മാറി.
ആ തണുപ്പിലങ്ങനെ കിടക്കുമ്പോൾ സ്കൂള്‍ കാലം ഓർമ്മ വരും.
കോടയിറങ്ങുന്ന ഊട്ടിയിലെ തണുത്ത പ്രഭാതങ്ങളിൽ പുതപ്പിനുള്ളിൽ ഒറ്റയ്ക്ക് ചുരുണ്ടുകൂടി കിടന്നിരുന്ന ആ കൊച്ചുകുട്ടിയിലേക്ക് ഞാൻ തിരികെ പോകും.
മൂന്നാം മാസത്തിലെ അവസാന ചൊവ്വാഴ്ച, ബെഡിനരികിലായുള്ള ചില്ലുജാലകത്തിലൂടെ അങ്ങ് ദൂരെ വരെയുള്ള കാഴ്ചകൾ കാണാം.
ചെറിയ ചാറ്റൽ മഴയുണ്ട്.
ചായ കുടിക്കാൻ ഒരു മോഹം.
എന്തുചെയ്യാൻ കിട്ടാൻ വഴിയില്ല.
മഴ
ചായ
സ്വപ്നം കണ്ടങ്ങനെ കിടക്കുന്ന നേരത്താണ് ആ വാർത്ത വന്നത്,
എനിക്കായുള്ള ഹൃദയമെത്തുന്നു.
പിന്നെയൊരു ബഹളമായിരുന്നു.
അവരെന്നെ ഒരുക്കി,
ഓപ്പറേഷൻ തീയേറ്ററിനകത്ത് ഓക്സിജൻ മാസ്കും ബ്രീത്തിംഗ് ട്യൂബുമിട്ട് ഞാൻ പതിയെ മയങ്ങിത്തുടങ്ങി.
ഒരുപാട് നാളുകൾക്കു ശേഷം ചാറ്റൽ മഴയും കട്ടൻചായയും സ്വപ്നംകണ്ടു ഞാനുറങ്ങി.
മഴ
ചായ…

വേട്ട:
വീട് അടുക്കുംതോറും അവളെന്റെ കൈയ്യിൽ കൂടുതൽ ഇറുക്കി പിടിക്കുന്നുണ്ടോയെന്ന് എനിക്ക് തോന്നി.
“ഇവിടെ മറ്റാരുമില്ല മോളെ”
“ഇല്ല, ഞാനും അച്ഛനും മാത്രമേ ഉള്ളൂ”
“ഉം, അച്ഛൻ എവിടെ”
“ഡോക്ടർ അകത്തോട്ട് വാ അച്ഛൻ ദാ അവിടെയാ കിടക്കുന്നത്”
അവൾ കാണിച്ച ഭാഗത്തേക്ക് ഞാൻ നടന്നു.
ഉമ്മറം കടന്നാലുള്ള നീളൻ നടുമുറിയുടെ ഒരു മൂലയ്ക്ക് ഒരാൾ കിടക്കുന്നു. അവിടെയാകെ ചോരപ്പുഴയൊഴുകുന്നുണ്ട്.
തലയിടിച്ച് വീണതാണെന്ന് ആദ്യം നോട്ടത്തിൽ തന്നെ വ്യക്തം..
പതിയെ അയാൾ കിടക്കുന്നതിന് അടുത്തേക്ക് നടന്നു.
“ഡോക്ടർ സൂക്ഷിച്ച്” അവൾ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.
“മോള് പേടിക്കേണ്ടട്ടോ ഞാൻ നോക്കട്ടെ”
“എത്രയും പെട്ടെന്ന് ആംബുലൻസിന് വിളിക്കാം അച്ഛനെ ഹോസ്പിറ്റലിൽ എത്തിക്കണം”
“അച്ഛനെ നമുക്ക് രക്ഷിക്കാം”
“വേണ്ട”
അവളുടെ ശബ്ദം കേട്ട് മുന്നോട്ടു നടന്നു തുടങ്ങിയ ഞാൻ തിരിഞ്ഞു നിന്നു അവളെ തന്നെ നോക്കി.
“മോളെ, എന്താ പറഞ്ഞേ?”
” അച്ഛനെ രക്ഷിക്കാനല്ല കൊല്ലാൻ വേണ്ടിയാ ഞാൻ ഡോക്ടറെ വിളിച്ചുകൊണ്ടുവന്നത്”
” എന്താ മോളെ എന്തൊക്കെയാ നീയീ പറയുന്നത്? ഞാൻ ആംബുലൻസ് വിളിക്കട്ടെ”
പോക്കറ്റിൽ നിന്ന് ഫോണെടുത്തതേ ഒരൊറ്റ ചാട്ടത്തിലവളത് തട്ടിത്തെറിപ്പിച്ചു.
“ഞാൻ പറഞ്ഞില്ലേ അച്ഛനെ രക്ഷിക്കാനല്ല കൊല്ലാനാണ് ഡോക്ടറെ കൊണ്ടുവന്നത്”
” എന്താ കുട്ടി നീ കാണിക്കുന്നത് ആളുകളെ കൊല്ലലല്ല അവരെ രക്ഷിക്കലാണ് ഡോക്ടർമാരുടെ ജോലി”
” അച്ഛനെ കൊന്നാൽ മതി
അച്ഛനെ രക്ഷിക്കേണ്ട കൊന്നാൽ മതി”
“ആരെയും വിളിക്കേണ്ട മരിക്കട്ടെ എന്നിട്ട് വിളിക്കാം”
രക്തം വാർന്ന് ബോധംപോയി കിടക്കുന്ന മനുഷ്യനെ ഞാനൊന്ന് നോക്കി.
എന്താണ് ഈ കുഞ്ഞിങ്ങനെ പറയുന്നത്.
എന്തുചെയ്യണമെന്ന് അറിയാതെ കുറച്ചു നിമിഷങ്ങൾ ഞാൻ പകച്ചുനിന്നു.
നെഞ്ചിൽ ഒരു വേദന ഹാർട്ട് ബീറ്റ് വല്ലാതെ കൂടുന്നതുപോലെ ബിപി കൂടിയിട്ടുണ്ടാകും.
പതിയെ വീണു കിടക്കുന്ന ആ മനുഷ്യന്റെ അടുത്തേക്ക് ഞാൻ നടന്നു.
അടുത്തേക്കെത്തും തോറും കാലുകൾ വഴുതിപ്പോകുന്നതുപോലെ.
“സൂക്ഷിച്ചു ഡോക്ടറെ”
അവൾ പുറകിൽ നിന്നുറക്കെ വിളിച്ചുപറഞ്ഞു.
ശ്രദ്ധിച്ചു നോക്കി രക്തം മാത്രമല്ല അവിടെയാകെ എണ്ണമയമാണ്.
കാലുകൾ ഉറപ്പിച്ചു നിർത്താൻ പറ്റുന്നില്ല. പതിയെ കാലുകൾവെച്ച് അയാളുടെ അരികിലെത്തി.
മരിച്ചിട്ടില്ല, ഒരുപാട് രക്തം പോയിട്ടുണ്ട്.
പെട്ടെന്ന് ഹോസ്പിറ്റലിലെത്തിച്ചാൽ ഒരുപക്ഷേ രക്ഷിക്കാനായേക്കാം.
ഞാൻ അവളെ നോക്കി
“നീ ആ ഫോണിങ്ങോട്ട് എടുത്തുതാ”
“ഞാൻ ആംബുലൻസ് വിളിക്കട്ടെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം”
“എന്നാൽ ഹാർട്ട് എടുക്കാൻ പറ്റുമോ”
“നീ എന്താ ചോദിച്ചേ”
“പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചാൽ നെഞ്ച് കീറി ഹാർട്ട് പുറത്തെടുക്കാൻ പറ്റുമോ ഡോക്ടറെ”
ഈ കുഞ്ഞിതെന്തൊക്കെയോ പറയുന്നത്!
“ഡോക്ടറെ,
സമയമായോ എനിക്ക് രണ്ടായിരം രൂപ വേണം”
“അത്രയും രൂപ തരുമെങ്കിൽ അച്ഛനെ കൊണ്ടു പോകാം
ബാക്കി പൈസ നിങ്ങൾ എടുത്തോ”
” ഞങ്ങൾ പുതിയ വീട്ടിലോട്ടു മാറുമ്പോള്‍ അച്ഛൻ മുത്തശ്ശിയെ കൂടെ കൊണ്ടു വന്നില്ല.”
“മുത്തശ്ശിയവിടെ തനിച്ചാണ്. മുത്തശ്ശിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകണം മരുന്ന് വാങ്ങിക്കണം. അതിന് രണ്ടായിരം രൂപ വേണം”
“ഹാർട്ട് വിറ്റുകിട്ടുന്ന ബാക്കി കാശ് മുഴുവൻ ഡോക്ടർ എടുത്തോ”
ഈ കുഞ്ഞിതെന്തൊക്കെയാ പറയുന്നത്.
ഹൃദയമിടിപ്പ് കൂടിക്കൂടി വരുന്നു. നെഞ്ചിനകത്താകെ ഒരു കനം പോലെ.
സർജറി കഴിഞ്ഞിത്രയും നാളായിട്ടും ഇത്തരമൊരു വേദനയുണ്ടായിട്ടില്ല.
ഒരു മനുഷ്യൻ കൺമുമ്പിൽ മരിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ തന്നെ മകൾ ആ മരണത്തിന് വിലയിട്ടിരിക്കുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
“അച്ഛൻ മരിച്ചോ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചാലല്ലേ ഹാർട്ടെടുക്കാൻ പറ്റൂ”
“ദാ ഡോക്ടർ ഫോൺ ആംബുലൻസ് വിളിക്ക്”
“എന്റെ ക്യാഷ് എനിക്കുതന്നെ തരണേ പറ്റിക്കരുതേ”
“ഫോണ് വാങ്ങിക്ക് ഡോക്ടറെ, പെട്ടെന്ന് വിളിക്ക് ആംബുലൻസ് സമയം വൈകിയാൽ പിന്നെയൊന്നും ചെയ്യാൻ പറ്റില്ലല്ലോ”
എന്താണീ കുഞ്ഞിങ്ങനെയൊക്കെ പെരുമാറുന്നത്. ഈ മനുഷ്യനെങ്ങനെയാണ് അപകടം പറ്റിയത്.
അയാൾക്കരികിലിരുന്ന് കൈപ്പിടിച്ച് ഹൃദയമിടിപ്പ് നോക്കി.
ഇല്ല
അവസാനിച്ചിരിക്കുന്നു.
എന്താണ് സത്യാവസ്ഥ?
ഒന്നും മനസ്സിലാകാതെ ഭ്രാന്തടുക്കുന്ന അവസ്ഥ.
അവൾ അച്ഛനെതന്നെ തുറിച്ചു നോക്കിക്കൊണ്ട് ദൂരെമാറി നിൽക്കുന്നുണ്ട്.
കണ്ണുകളിലെ തിളക്കം ഒന്നുകൂടി കൂടിയിടുണ്ട്. പ്രതീക്ഷയുടെ തിളക്കം.
ദൂരെ നിന്നൊരു ആംബുലൻസിന്റെ സൈറൺ മുഴങ്ങുന്നു.
ബോഡി ആംബുലൻസിൽ കയറ്റിയതിനുശേഷം അവിടെ നിന്നും മടങ്ങുമ്പോൾ എന്തോ അവളെയവിടെ ഉപേക്ഷിച്ച് പോരാൻ തോന്നിയില്ല. ആ കുഞ്ഞു കൈ പതിയെ കയ്യിലേക്ക് ചേർത്തുപിടിച്ചു ഞങ്ങൾ ഒരുമിച്ച് നടന്നു.

ഇര:
ചാറ്റൽ മഴ
ചായ
നല്ല ഏലക്കായിട്ട ചായയുടെ മണം.
മഴയുടെ ശബ്ദത്തിനൊപ്പം ഒരു പാദസര കിലുക്കം.
മഴ
മഴ
തോരാത്ത മഴ…
മഴ പെയ്യുമ്പോൾ ചായ കുടിക്കാൻ നല്ല രസമാണെന്ന് പറഞ്ഞിട്ട് ഈ അമ്മ എവിടെ പോയി?
സ്റ്റൗവിൽ വെച്ച ചായ വെട്ടി തിളക്കുന്നുണ്ട്.
ചായ തിളക്കുമ്പോളേക്കും ടെറസിൽ ഉണങ്ങാൻ ഇട്ട തുണികൾ എടുക്കാൻ ഓടിയതാണല്ലോ.
എന്തേ വരാത്തെ എത്ര സമയമായി, പോയി നോക്കാം.
അച്ഛന്റെ ശബ്ദമാണല്ലോ
“ഹലോ സാറേ കാര്യങ്ങളെല്ലാം ഒക്കെയാണ്”
“പടിയിൽ എണ്ണയൊഴിച്ച് ഞാനവളെ വീഴ്ത്തിയിട്ടു”
“തലയിടിച്ചു വീണിട്ടും ചത്തില്ലന്നേ, പുറകീന്നൊരു അടി കൂടി കൊടുക്കേണ്ടിവന്നു”.
“ഇല്ലില്ല തീർന്നിട്ടില്ല ശ്വാസമുണ്ട്”.
“അമ്പത് ലക്ഷം ഡീൽ ഒക്കെയാണെങ്കിൽ സാറ് ആംബുലൻസ് പറഞ്ഞു വിട്ടോളൂ”.
” കൂടുതലോ,
അവിടെ ചാവാൻ കിടക്കുന്ന ആ ഡോക്ടർ സാറിന്റെ കയ്യീന്ന് നിങ്ങള്‍ കോടികളല്ലേ വാങ്ങിക്കുന്നത്”
” അതീന്നൊരു അമ്പത് ലക്ഷമല്ലേ ഞാൻ ചോദിക്കുന്നുള്ളൂ. “
അച്ഛനിതാരോടാ ഫോണിൽ സംസാരിക്കുന്നേ.
അമ്മയെവിടെ കാണുന്നില്ലല്ലോ. അച്ഛന്റെ മുന്നിലേക്കോടി ചെല്ലാൻ പേടിയാണ്. വാതിലിനു പുറകിൽ നിന്നാണ് ഒളിഞ്ഞു നോക്കിയത്.
ചോരയിൽ കുളിച്ച് അനക്കമില്ലാതെ കിടക്കുകയാണ് അമ്മ.
“കാലം കുറെയായില്ലേ സാറേ നിങ്ങൾക്കൊക്കെ വേണ്ടി കിഡ്നിയും ലിവറുമെല്ലാം തേടിപ്പിടിച്ച് നടക്കുന്നു”
“നിങ്ങളുടെ ലാഭമെത്രയെന്ന് എനിക്കു നല്ല അറിവുണ്ട്.”
“എത്ര വേണമെങ്കിലും കിട്ടുമെന്നുള്ള നിങ്ങളുടെ വാക്കിന്റെ പുറത്താണ് ഞാനവളെ ഈ പരുവത്തിലാക്കിയത്.”
“പ്രാരാബ്ധങ്ങളാണ് സാറേ
അവളുണ്ടാക്കിവെച്ച ഒരു കൊച്ചുണ്ട് അതിനെ നോക്കണ്ടേ
ചാവാൻ കിടക്കുന്ന തള്ളക്ക് മരുന്നു വാങ്ങണ്ടേ
സ്വന്തമായി ഒരു വീട് വാങ്ങണം”
” ഞാൻ പറഞ്ഞ സംഖ്യ ഒക്കെയാണെങ്കിൽ ആംബുലൻസ് പറഞ്ഞയച്ചോളൂ
സമയം വൈകിയാൽ ഹൃദയം എടുക്കാൻ പറ്റില്ലല്ലോ”
മഴ..
ചായ..
നല്ല ചായ
മഴ..
ചായ…

ജിസ്നി ശബാബ്

By ivayana