രചന : ബിനു. ആർ.✍
തെറ്റാത്ത സമയവും തൂക്കി ഞാൻ
തെക്കോട്ടുനോക്കി നടന്നീടുന്നു
തെക്കിൻനാഥനൊരിക്കലെന്നോടു
ചൊല്ലി,തെക്കിനിയിൽ പോയി
ശാന്തനായ്ഉറങ്ങീടണം.
കാലം പിൻവിളിയിൽ സമയമായെന്ന
മുഹൂർത്തം കാര്യമായിത്തന്നെ
ചൊല്ലീടവേ, ചിന്തകളെല്ലാം ചുരുട്ടിക്കൂട്ടി
സമയമെന്ന പരാധീനതയിൽ
സമയത്തെ സമരസമായ് കൂട്ടുപിടിച്ചു
തിരിഞ്ഞു നോക്കീടുന്നു.
ചിലനേരമെന്നിൽ ശ്വാസനിശ്വാസങ്ങൾ
ചിലമ്പിട്ടുതോന്ന്യസങ്ങളായ
മർമ്മരമാകുന്നു.
ചിന്തകളെല്ലാം ഭയത്തിൻ
മുനകളാകുന്നു
ചിരികളെല്ലാം കരച്ചിലിൻ
വക്കിലെത്തുന്നു.
പിറന്നുപോയവരെല്ലാം ഗദ്ഗദമായ്
കുറുകുന്നു
പിന്നോട്ടുനോക്കുമ്പോഴെല്ലാം
മറഞ്ഞുപോയവർ പലനിലകളിൽ
കൈയ്യാട്ടി വിളിക്കുന്നു
പലതിലൊന്നിൽ കൂടെപ്പിറന്നവനും
നോക്കി നിൽക്കുന്നു.
സമയമിപ്പോളൊരു പേക്കിനാവായി
സ്വയംനിന്നാടുന്നു,
വാമഭാഗത്തിന്റെജല്പനങ്ങൾ
കേട്ടീടാതെ,നിശ്ചിതമായശബ്ദത്തിൽ
കർണ്ണങ്ങൾ കൊട്ടിയടച്ചീടുന്നു.