രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍
വഴിയിൽക്കാണുമ്പോൾ
ഒന്നൊളിഞ്ഞു നോക്കാൻ
മിഴികൾ തമ്മിൽത്തമ്മിൽ
കൊച്ചുകഥകൾ പറയാൻ
ചിരിയിൽ ഒളിപ്പിക്കുന്ന
നാണം തിരയാൻ,
അരികിൽ കാണുമ്പോഴെല്ലാം
മറന്നുപോയി….
പറയാൻ കൊതിച്ച ചില
വാക്കുകൾ പെറുക്കാൻ
പകരാൻ നിനച്ച ചെറു
പുഞ്ചിരി വിടർത്താൻ
പതറുന്ന ഹൃദയത്തിൽ
താളംപകരാൻ
പലപ്പോഴും കഴിയാതെ
മനം മടുത്തു പോയി
തുടിക്കും ഹൃദയത്തിന്റെ
ചേതോവികാരങ്ങൾ
മിടുക്കും നിശ്വാസത്തിൽ
മെല്ലെപ്പറയാൻ
തുളുമ്പും നിമിഷങ്ങൾ
മൊഴി നൽകാതെ
മിടിക്കും നിസ്സംഗത
എന്നെപ്പൊതിഞ്ഞു
അകലെനിന്നാകാശ
നക്ഷത്രങ്ങൾ പോലെ
അരികിൽ നിന്നറിയാതെ
നോക്കുന്നു നിന്മുഖം
അവിവേകിയെന്നുള്ള
പേരിനി നൽകാതെ
അനുരാഗിണീ നീയെൻ
അരികിൽ വരൂ.സഖീ…