പൊന്‍ ചിങ്ങക്കുളിരിലേക്ക്
പ്രഭാത സൂര്യൻ
പൊൻകിരണങ്ങൾ
പൊഴിക്കവേ,
പ്രകൃതിയുടെ പച്ചപ്പുകളിൽ
ഉണർവ്വിന്റെ വസന്തരാഗ-
വിസ്താരം….
കുരവിയിട്ടാനയിക്കാൻ
പഞ്ചവർണ്ണക്കിളികൾ
താലം പിടിക്കുന്ന
മുക്കുറ്റിയും തുമ്പയും.
സദ്യയൊരുക്കുന്ന
തെച്ചിയും മന്ദാരവും.
മധുരം വിളമ്പാന്‍
പൂത്തുമ്പിപ്പെണ്ണ്.
ദശപുഷ്പങ്ങളുടെ
നിറച്ചാർത്തുമായ്,
ഓരോ മനസ്സിലും ഇനി
ആര്‍പ്പുവിളിയുടെ
ഓണക്കാലം….
പൂക്കളുടെ ഉത്സവകാലം,
നാടൻ ശീലുകളുടെ
പൂവണിക്കാലം,
നാടും നഗരവും
കൊണ്ടാടും കാലം,
മലയാളമനസ്സുകൾ
തുടികൊട്ടും കാലം…..