ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

അവിശ്വസനീയമെന്ന് തോന്നാവുന്ന ഒരു കൂടിക്കാഴ്ച്ചക്കായാണ് ഞാൻ യാത്ര തുടങ്ങുന്നത്. ഉറങ്ങാനനുവദിക്കാതെ പല രാത്രികളിലും ഞാൻ സ്വപ്നം കാണാറുളള ഒരു അമ്മയെ കാണാനാണ് എന്റെ യാത്ര!
കാറിലേക്ക് രണ്ട് ദിവസത്തേക്കുള്ള വസ്ത്രങ്ങളും മറ്റുമെടുത്ത് വയ്ക്കവേ, യാത്രയുടെ ഉദ്ദേശം പൂർണ്ണമാകുമോയെന്ന് എനിക്ക് സന്ദേഹവുമുണ്ടായിരുന്നു!
പുറത്ത് മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. നിലാവിൽ മഞ്ഞ് പറന്നിറങ്ങുമ്പോൾ മനസ്സ് ആർദ്രമാകുന്നു. ഇരുളും നിലാവും മഞ്ഞും പുണരുന്ന കാഴ്ച്ച ഗൃഹാതുരമാണ്! പുലരുവാൻ ഇനിയുമേറെയുണ്ട്!
ദീർഘമായ യാത്രക്കാണ് ഞാൻ ലക്ഷ്യമിടുന്നത്. യാത്രക്ക് രണ്ട് ഘട്ടങ്ങളുണ്ട്! അതിലെ, രണ്ടാം ഘട്ടം വിജയിക്കുമോ എന്നതിലാണ് എനിക്ക് ആശങ്ക!
മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ ആദ്യമായി ആ അമ്മയെക്കാണുന്നത്. ആ കണ്ണുകൾ ഇന്നുമെന്റെ ഓർമ്മയിലുണ്ട്. ഉയർന്ന നെറ്റിയും കനമുള്ള പുരികങ്ങളും ഇരുണ്ട നിറവും! കണ്ണുകൾ അന്ന് നിറഞ്ഞിരുന്നുവെങ്കിലും, പുക ചുറ്റിയ കണ്ണുകളിൽ തീക്ഷ്ണമായതെന്തോ ആഴ്ന്ന് കിടന്നിരുന്നു!
അന്ന് ഞാൻ ഏഴിലോ എട്ടിലോ ആണ് പഠിച്ചിരുന്നത്! അച്ഛനോടൊപ്പം, ഞാൻ ആ വീട്ടിൽ ചെല്ലുമ്പോൾ ഒരു പാട് പേർ മുറ്റത്ത് ചീത്ത വിളിയും ആക്രോശങ്ങളുമൊക്കെയായി അവിടെ നിൽപ്പുണ്ടായിരുന്നു. വീടിന്റെ മുൻ വശത്ത്, ഉയരം കുറഞ്ഞ തറയിൽ, മുറ്റത്തോട് ചേർന്നെന്ന പോലെയുണ്ടായിരുന്ന പൂജാമുറിയുടെ ഓരത്ത് അമ്മ നിന്നിരുന്നു! അമ്മയുടെ കൈപിടിച്ച് ഒരു കൊച്ചു പെൺകുട്ടിയും!
പെൺകുട്ടിക്ക് തമിഴ് മുഖമായിരുന്നു. അവളുടെ മൂക്കിന്റെ ഇടതുവശത്തായി വലിയ കറുത്ത മറുക് അടയാളമിട്ടിരുന്നു.
അമ്മക്കും പിന്നിലായി ഇളയതിനേക്കാൾ അൽപ്പം മുതിർന്ന ഒരു പെൺകുട്ടിയും ആൺകുട്ടിയും ഇടക്കിടെ പുറത്തേക്ക് തലയിട്ട് നോക്കുന്നുണ്ടായിരുന്നു!
തലേ ദിവസം പെയ്ത മഴയുടെ ചിതറലുകൾ, വെള്ള നിറമുള്ള പൊടിമണൽ നിറഞ്ഞ മുറ്റത്ത് നിയതമല്ലാത്ത ചിത്രങ്ങൾ വരച്ചിരുന്നു.
കടം തിരികെ ലഭിക്കാനുള്ളവരായി, കൂടി നിന്ന ജനങ്ങളെല്ലാം ആക്രോശം നടത്തിക്കൊണ്ടേയിരുന്നു. അവരോടൊപ്പം ചേർന്ന എന്റെ അച്ഛന്റെ കൈത്തുമ്പിൽ പിടിച്ചാണ് എന്റെ നിൽപ്പ്!
പഴകിയതെങ്കിലും പ്രൗഢിയുള്ളതെന്ന് വീടിന്റെ മേൽക്കൂരയിലെ കൊത്തുപണികൾ തോന്നിപ്പിച്ചു! ഇളം നീല നിറമുളള ഭിത്തിയിലൂടെ കറുത്ത ഉറുമ്പുകൾ വരിവരിയായി നടന്നു പൊയ്ക്കൊണ്ടിരുന്നു. ഒരു വേള, ഉറുമ്പുകൾ അമ്മയുടെ സാരിത്തലപ്പിലേക്ക് കയറിക്കൂടിയിരുന്നു!
പെട്ടെന്നുണ്ടായ ഉൾപ്രേരണയാൽ അച്ഛന്റെ കൈ വിടുവിച്ച് ഞാൻ ഓടിച്ചെന്ന് ഉറുമ്പുകൾക്കും അമ്മക്കുമിടയിലെ പാലം തട്ടിക്കളഞ്ഞ്, മുറ്റത്തെ ചുവപ്പ് കല്ലെടുത്ത് ഭിത്തിയിലെ ഉറുമ്പുകൂട്ടങ്ങൾക്കിടയിലൂടെ വരച്ച്, ഉറുമ്പുകളെ ഓരോ കളങ്ങളിലാക്കി! നിമിഷനേരം കൊണ്ട് ഭിത്തിയിലാകെ ചുവന്ന ഉറുമ്പുകളങ്ങൾ നിറഞ്ഞു!
എന്റെ പ്രവൃത്തി ആ അമ്മയിലും പെൺകുട്ടിയിലും ചെറുചിരി പടർത്തുകയും, അവളും എന്നോടൊപ്പമിരുന്ന് കളങ്ങൾ വരക്കുകയും ചെയ്തു!
ആളുകൾ പിരിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. അവസാനത്തെയാളായി എന്റെ അച്ഛനോടാപ്പം പോകാൻ നേരം; ആ അമ്മയുടെ കൈകളിൽ ഞാൻ ഇറുകെപ്പിടിച്ച് എന്റെ കവിളോട് ചേർത്തു!
അമ്മയുടെ ചൂണ്ടുവിരലിൽ കറിക്കരിഞ്ഞതിന്റെ ചെറു മുറിപ്പാടുകൾ കറുത്ത വരകളായി കിടന്നിരുന്നു. കൈകളിൽ കറിക്കത്തിയുടെ തുരുമ്പിച്ച മണവുമുണ്ടായിരുന്നു!
കുഞ്ഞു പ്രായത്തിൽ, ആ അമ്മയോട് പോരാൻ നേരം എന്തിനാണ് വീണ്ടുമൊരിക്കൽ കാണാൻ വരുമെന്ന് പറഞ്ഞതെന്ന് മുതിർന്നപ്പോൾ ചിന്തിച്ചിരുന്നെങ്കിലും, ആയതിനും ഉത്തരം കിട്ടിയ ഒരു ദിവസം ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നു ചേർന്നതിൽ നിന്നുമാണ് എന്റെ ഈ യാത്ര തുടക്കം കുറിച്ചത്!
തീവ്രതയും ആഴവും കുറഞ്ഞ് നേർത്ത പടലമായി മനസിന്റെ താഴ്‌വരകളിലെവിടെയോ, ഉറക്കത്തിൽ ഇടക്കിടെ അലട്ടുന്ന ചിത്രമായി കുഞ്ഞുന്നാളിലെ ആ സംഭവം ഇരുൾ മൂടിക്കിടന്നിരുന്നു!
വർഷങ്ങൾക്ക് ശേഷം, ജോലി സംബന്ധമായി, കണക്കുകളുടെ അവലോകനവും റിപ്പോർട്ട് തയ്യാറാക്കലും മറ്റുമായി പുതിയതായി രൂപീകരിക്കപ്പെട്ട ഗ്രൂപ്പിൽ എന്നോടൊപ്പം നിയോഗിക്കപ്പെട്ട, ഉദ്യോഗസ്ഥയോട് വളരെപ്പെട്ടെന്ന് തോന്നിയ ആത്മബന്ധമാണ്, ജോലിത്തിരക്കുകൾക്കിടയിൽ അവരോട് കഥകൾ പറയാൻ എന്നെ പ്രേരിപ്പിച്ചത്!
അക്ഷരങ്ങളും പദങ്ങളും വളരെയധികം ശ്രദ്ധയോടെ ശ്രവിക്കുകയും വീക്ഷിക്കുകയും, ചെയ്യുന്നതിനായി ആളുകൾ സംസാരിച്ചു തുടങ്ങുമ്പോഴേ, അവരുടെ കണ്ണുകളും ചുണ്ടുകളുടെ ചലനവും വളരെയധികം ആഴത്തിൽ ശ്രദ്ധിക്കുന്ന പതിവുള്ളതിനാലാകാം മുറിച്ച് മുറിച്ചുള്ള അവരുടെ സംസാര ശൈലി എനിക്കിഷ്ടമായത്! ചില മലയാള അക്ഷരങ്ങൾ അവർക്ക് വഴങ്ങുന്നുമുണ്ടായിരുന്നില്ല!
ജീവിതത്തിലുണ്ടാകുന്ന പല ആകുലതകളിൽ നിന്നും രക്ഷപ്പെടുന്നതിനായി മാത്രം, കഥകളും കവിതകളും എഴുതിത്തുടങ്ങിയ സമയമായിരുന്നു അത്! ഏതെങ്കിലും വിഷയങ്ങളിൽ മനസ്സ് അസ്വസ്ഥതപ്പെട്ടു തുടങ്ങുമ്പോഴേ, കൈവെള്ളയിലേക്ക് എനിക്ക് മാത്രം മനസ്സിലാകുന്ന രൂപേണ അത് പകർത്തി വക്കുന്നത് പതിവായി മാറി! എഴുതാനുളള ആശയങ്ങളിലേക്ക് ശ്രദ്ധ തിരിച്ച് വിട്ട് മനസ്സിനെ ക്രമീകരിക്കാനും, ശാന്തത കൈവരുത്താനുമുള്ള പക്വത പതിയെപ്പതിയെ കൈവന്ന് ചേർന്നത് അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കണ്ടത്!
പലപ്പോഴും വൈകുന്നേരമാകുമ്പോഴേക്കും എന്റെ കൈവെള്ള കറുത്ത അക്ഷരങ്ങളാൽ നിറഞ്ഞിരുന്നു!
അത്തരത്തിലുള്ള എഴുത്തുകൾക്ക് മുന്നൊരുക്കമെന്നോണമാണ് ഞാൻ അവളോട് കഥകൾ പറഞ്ഞു തുടങ്ങിയത്! എന്റെ അനുഭവങ്ങളും ഭാവനകളും കോർത്ത് നൂറുകണക്കിന് കഥകൾ ഞാൻ ഒഴിവു സമയങ്ങളിലും മറ്റുമായി അവതരിപ്പിച്ചു!
പതിയെപ്പതിയെ അവളോട് പറയുവാൻ വേണ്ടി മാത്രം കഥകൾ സൃഷ്ടിച്ചു തുടങ്ങി! സത്യവും മിഥ്യയും കോർത്തിണക്കിയ കഥകളിലെ യാഥാർത്ഥ്യത്തിന്റെ പൊരുളറിയാതെ അവൾ കുഴയുമ്പോൾ, രാത്രികളിൽ ഞാനത് കഥയോ കവിതയോ ആയി കുറിച്ചു വച്ചു!
റിപ്പോർട്ടുകൾ പൂർത്തിയാക്കി വക്കേണ്ടതിന്റെ അന്തിമ ഘട്ടങ്ങളിൽപ്പോലും, ഞാൻ കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു. കഥയുടെ വികാസ ഘട്ടങ്ങളിലൊരു വേള അവളോടൊപ്പം അവളുടെ ഭർത്താവും, അവരറിയാതെ തന്നെ പതിയെപ്പതിയെ എന്റെ സൗഹൃദത്തിലേക്ക് ഊർന്നിറങ്ങി!
അകലത്തിന്റെ കണ്ണികൾ പൊട്ടിച്ചിതറിയ ഒരു സായാഹ്നം, അവളൊരു കഥ എന്നോട് പറഞ്ഞതിൽ നിന്നുമാണ് ഞാൻ ആദ്യമേ പറഞ്ഞ യാത്രയുടെ ഉത്ഭവം കുറിക്കുന്നത്! അച്ഛനുമ്മകൾ എന്ന കവിത പിറന്നതും അവൾ പറഞ്ഞ കഥകളിൽ നിന്ന് തന്നെ!
വ്യാപാരത്തിൽ കടം കയറിയ അച്ഛൻ നാട് വിട്ട് പോയപ്പോൾ, ഇളം പ്രായത്തിലുള്ള കുട്ടികളേയും കൊണ്ട് സമൂഹത്തിന്റെ ചോദ്യങ്ങൾക്കും, നോട്ടങ്ങൾക്കും മുമ്പിൽ പകച്ച് നിന്ന അമ്മയേക്കുറിച്ച്! അന്യനാട്ടിൽ നിന്ന് ജീവനില്ലാത്ത അച്ഛനെയും കൊണ്ട് ആരൊക്കെയോ എത്തുമ്പോൾ വിഷാദത്തിലേക്ക് നടന്നിറങ്ങിയ അവളേക്കുറിച്ച്! അച്ഛനുണ്ടാക്കിയ കടങ്ങൾ തീർക്കാൻ കോടതികൾ കയറിയിറങ്ങി ജീവിതം മറന്ന സഹോദരനെക്കുറിച്ച്! പ്രതിസന്ധികളിൽ പരിഹാസച്ചിരികളും കഥകളും മനഞ്ഞ ബന്ധുക്കളേക്കുറിച്ച്!
ഉള്ളുലഞ്ഞ് ചിതറവേ, കണ്ണുകളിലെ തിരയിളകി കവിളിലൂടെ ചാലിട്ടിറങ്ങുമ്പോൾ അവൾ പറഞ്ഞു; അമ്മയാണെന്റെയെല്ലാമെന്ന്!
പുക ചുറ്റിയ കണ്ണുകളിൽ, നിസംഗതയോടെ അമ്മയുടെ കൈപിടിച്ചു നിന്ന തമിഴ് മുഖമുള്ള പെൺകുട്ടിയെ ഞാൻ തിരിച്ചറിഞ്ഞു! ചുവന്ന ചുടുകട്ടച്ചീന്ത് കൊണ്ട് ഉറുമ്പ് കളങ്ങൾ തീർത്ത് എനിക്കൊപ്പം നിന്ന പെൺകുട്ടിയുടെ, ഇടതുമൂക്കിന് അഴക് നൽകിയ കറുത്ത മറുക് തടിച്ച് നിന്നിരുന്നു!
കഥകൾ പറയാനുളള ധൈര്യം ചോർന്ന് പോയ ഞാൻ, നന്നേ വൈകി അവൾ ട്രെയിൻ കയറിപ്പോകുന്നത് നിസംഗതയോടെ നോക്കി നിൽക്കവേ എന്റെ ഉളള് കനം വച്ച് നീറിത്തുടങ്ങി!
അസ്തമ സൂര്യൻ, ഓറഞ്ചും തവിട്ടും നിറം നൽകിയ റെയിൽപ്പാളങ്ങൾ അകലങ്ങളിൽ മായക്കാഴ്ച്ചയൊരുക്കി പുളഞ്ഞും പുണർന്നും കിടന്നിരുന്നു!
എന്റെ കാർ വെള്ള പൊടിമണൽ നിറഞ്ഞ മുറ്റത്തേക്ക് കയറുകയാണ്. വീട്ടിന്റെ വശത്തെ തൊടിയിൽ നിന്ന നെല്ലിമരവും ദേവദാരു മരവും, പുലരിയിലെ മഞ്ഞിൽ വെള്ളപ്പുടവ ചൂടി നിന്നിരുന്നു!
പൊക്കം കുറഞ്ഞ, ഓട് മേഞ്ഞ വീടിന് മുമ്പിൽ വണ്ടി നിൽക്കവേ, എന്നിൽ ഉത്കണ്ഠ നിറഞ്ഞു; നടപ്പാകുമോ ഇല്ലയോ എന്ന് ആശങ്കയുളവാക്കിയ രണ്ടാം ഘട്ടം ആരംഭിക്കുകയാണ്!
വെള്ളാരങ്കല്ലുകൾ വിരിപ്പിട്ട മണ്ണിലേക്ക് ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങവേ, എനിക്ക് മുമ്പിൽ വീടിന്റെ വാതിൽ തുറക്കപ്പെട്ടു!
മഞ്ഞ നിറമുള്ള ഫിലമന്റ് ബൾബിന്റെ, പതറിയ വെളിച്ചത്തിൽ, നിഴലുകൾക്ക് നിറം വക്കവേ, നര വീണ മുടിയിഴകളോടെ, കയ്യിൽ കറുത്ത നിറമുള്ള ചെറിയ ബാഗുമായി അമ്മയിറങ്ങി വന്നു!
കാറിന്റെ മുൻവെളിച്ചങ്ങളെക്കടന്ന് ഫ്രണ്ട് ഡോർ തുറന്ന്, മുൻസീറ്റിൽ ഇരുന്ന അമ്മയെ സീറ്റ്‌ ബെൽറ്റണിയിക്കവേ, കൈവിരലുകളിൽ കറിക്കരിഞ്ഞതിന്റെ കറുത്ത മുറിപ്പാടുകളുണ്ടോയെന്ന് ഞാൻ പരതി!
മുറ്റത്തേക്കിറങ്ങി വന്ന മകനോടും മരുമകളോടും യാത്ര പറഞ്ഞ്, വണ്ടി പ്രധാന വഴിയിലേക്കെടുക്കവേ, യാത്രയുടെ രണ്ടാം ഘട്ടം വിജയിച്ചതായി എനിക്ക് തോന്നി! അമ്മ പേടി കൂടാതെ എന്റെയൊപ്പം വരുമോയെന്നതായിരുന്നു, എന്നെ അലട്ടിയിരുന്നത്!
ദീർഘമായ ദൂരം യാത്രചെയ്ത് പുനലൂർ തൂക്കുപാലവും പിന്നിട്ട്, കുളത്തൂപ്പുഴ കയറി കുറച്ച് ദൂരം പിന്നിടവേ, വനം തുടങ്ങുകയായി! വനദുർഗ്ഗയുടെ മേൽക്കൂരയില്ലാത്ത കോവിലിന് മുമ്പിൽ വണ്ടി നിർത്തി, അമ്മയെ ഞാൻ പുറത്തേക്ക് ക്ഷണിച്ചു.
നേരം വെളുത്തു തുടങ്ങുകയാണ്. ഇനിയങ്ങോട്ട് വനമാണ്, ഊഞ്ഞാൽ വളളികൾ നിറഞ്ഞ കാട്ടുവറങ്ങ് മരങ്ങൾക്കിടയിലാണ് വന ദുർഗ്ഗയിരിക്കുന്നത്!
അപ്പോഴും തെളിഞ്ഞു നിന്നിരുന്ന കരിവിളക്കിൽ നിന്ന് എണ്ണക്കരി ചേർത്ത ഭസ്മവും ചന്ദനവും അണിയവേ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അമ്മ എന്റെ നെറ്റിയിൽ കറുപ്പും വെളുപ്പും വരകളായി നിയതമല്ലാതെ കുറി വരച്ചു തന്നു!
പ്രഭാതത്തിലെ നരച്ച വെളിച്ചത്തിൽ, ഇളം പച്ച നിറമുളള കോട്ടൺ സാരിയുടുത്ത അമ്മയെ ഞാൻ സാകൂതം വീക്ഷിച്ചു! കടുത്ത പച്ചനിറമുള്ള വരകൾ സാരിയ്ക്ക് അരിക് തീർത്തിരുന്നു. നരച്ചു തുടങ്ങിയ മുടിയിഴകളിൽ കാച്ചിയ എണ്ണയുടെ തിളക്കമുണ്ടായിരുന്നു. കൈകളിൽ കിടന്നിരുന്ന സ്വർണ്ണവള ചളുങ്ങിയിട്ടുണ്ടായിരുന്നു.
വനത്തിലൂടെ സൈഡ് ഗ്ലാസ്സുകൾ പാതി മാത്രം താഴ്ത്തി, വണ്ടിയോടിക്കവേ ആനച്ചൂര് പടർന്നിറങ്ങുന്നത് ഞാനറിഞ്ഞു. വനത്തിനുള്ളിൽ ആനത്താരകളുണ്ട്. വഴിമുറിച്ച് കടന്നതിന്റെ സൂചനയായി, കാട്ടുചെടികളും ഇല്ലിക്കൂട്ടങ്ങളും ഒടിഞ്ഞു കിടന്നിരുന്നു. എന്റെ മനസ്സിലുണ്ടായ ഭീതിയിൽ നിന്നും ശ്രദ്ധ തിരിക്കാനായി, ഞാൻ അമ്മയെ നോക്കി.
പുറത്തെ കാഴ്ച്ചകളിലേക്ക് നോക്കിയിരിക്കുകയാണ് അമ്മ! ഞാൻ നോക്കുന്നത് കണ്ടതും, തെല്ലു മന്ദഹാസത്തോടെ ബാഗ് തുറന്ന്, ഇളം റോസ് നിറമുള്ള പ്ലാസ്റ്റിക് ഡപ്പിയിൽ നിന്നും അരിമുറുക്ക് എടുത്ത് എനിക്ക് തന്നു! അമ്മയുണ്ടാക്കിയതാണെന്ന് വ്യക്തം!
രണ്ട് തവണയായുളള ഫോൺ വിളിയിലൂടെ അമ്മക്ക് എന്നിലുള്ള അപരിചിതത്വം മാറുകയും, എനിക്ക് അമ്മയോട് രണ്ട് കാര്യങ്ങൾ പറയാനുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ, ആകാംക്ഷയോടെ തിരക്കുകയുമുണ്ടായി. സങ്കോചത്തോടെയാണെങ്കിലും, എന്റെയൊപ്പം ഒരു യാത്ര വരണമെന്നതാണ് ആദ്യത്തെ കാര്യമെന്നും, യാത്രക്കിടയിൽ രണ്ടാമത്തെ കാര്യം ഞാൻ പറയാമെന്നും ഞാൻ പറയവേ, രണ്ടാമത്തെ വിളിയിൽ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അമ്മ സമ്മതം മൂളി!
അമ്മയുടെ ഫോൺ നമ്പർ വാങ്ങവേ, ജോലിത്തിരക്കുകൾക്കിടയിലും തുടർന്ന എന്റെ കഥ പറച്ചിലുകളിൽ, അഞ്ച് കാര്യങ്ങൾ അവളോടും മൂന്ന് കാര്യങ്ങൾ, എന്റെ സുഹൃത്തായി മാറിയ അവളുടെ ഭർത്താവിനോടും പറയാനുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു!
ആകാംക്ഷയുടെ വേളകളിൽ, പറയാനുളള കാര്യങ്ങൾക്ക് മുഖവുര തേടിയ ഞാൻ, ആദ്യ രണ്ട് കാര്യങ്ങൾ അമ്മയോട് പറഞ്ഞിട്ടാകാമെന്ന് പറഞ്ഞ് കയ്യടക്കത്തോടെ, ബാക്കിയുള്ളവ പറയാതെ സൂക്ഷിച്ചു!
അകലെയായി, ഇല്ലിക്കമ്പുകൾ ഒടിയുന്ന ശബ്ദം കേട്ടു; ആനകളിറങ്ങിയിട്ടുണ്ട്! ഞാൻ എൻജിൻ ഓഫ് ചെയ്യാതെ വണ്ടി നിർത്തിയിട്ടു. അമ്മയുടെ വശത്തെ ഗ്ലാസ്സ് അൽപ്പം മുകളിലേക്കുയർത്തി വക്കവേ, ഒരു പുഞ്ചിരിയോടെ അമ്മ എന്നെ നോക്കി!
സുരക്ഷിതയായി അമ്മയെ എനിക്ക് തിരികെയെത്തിക്കേണ്ടതാണ്. അവൾ പറഞ്ഞ് മാത്രമറിഞ്ഞുള്ള എന്നിലുള്ള വിശ്വാസമാണ്, എന്റെയൊപ്പം അമ്മയെ വിടാൻ എല്ലാവരും തയ്യാറായത്! യാത്രയുടെ രണ്ടാം ഘട്ടം വിജയിക്കുമോയെന്ന് എന്നെ ആശങ്കപ്പെടുത്തിയതും അതു തന്നെയാണ്!
ഇല്ലിക്കൂട്ടങ്ങളുലയുന്ന ശബ്ദം നിലക്കവേ, ഞാൻ വണ്ടി മുന്നോട്ടെടുത്തു!
അച്ചൻകോവിൽ മലനിരകളിൽ നിന്നൊഴുകിത്തുടങ്ങുന്ന അച്ചൻകോവിലാറിന്റെ തീരത്തു കൂടിയാണ് യാത്ര! പമ്പാനദിയുടെ പോഷകനദിയായ അച്ചൻകോവിലാർ ആലപ്പുഴക്കടുത്തുള്ള വീയപുരത്തുവച്ചാണ് പമ്പാനദിയുമായി കൂടിച്ചേരുന്നത്! ചെമ്പനരുവിയെന്ന ബോർഡ് കണ്ട് വണ്ടിയൊതുക്കവേ, മയിലുകൾ കൂട്ടത്തോടെ ചിക്കി നടക്കുന്നത് കണ്ടു. പറന്നിറങ്ങിയ ജലധാരയിലെ തണുത്ത വെള്ളം കൈക്കുമ്പിളിലെടുത്ത് അമ്മയുടെ കൈകളിലേക്ക് ഞാൻ പകർന്നു. സിരകളിലേക്ക് തണുപ്പിറങ്ങിത്തുടങ്ങി!
അച്ചൻ കോവിൽ ശ്രീശാസ്താ ക്ഷേത്രത്തിന് മുമ്പിൽ, വണ്ടി നിർത്തിയിറങ്ങവേ, അമ്മ എന്നെ അത്ഭുതത്തോടെ നോക്കി! തെല്ലു ഗമ ഞാൻ കാണിക്കവേ, അമ്മ ചിരിച്ചു; പിന്നെയത് ഓർത്തോർത്ത് ചിരിച്ചു. ഒരു വേള എന്റെ കൈ കോർത്തു പിടിച്ച്, ക്ഷേത്ര നടകൾ കയറവേ, അമ്മക്ക് മുട്ടുവേദന അലട്ടുന്നുണ്ടോയെന്ന് ഞാൻ ശങ്കിച്ചു!
പരശുരാമൻ നിർമ്മിച്ചതെന്ന് കരുതുന്ന ക്ഷേത്രത്തിലെ, ഭഗവാൻ മഹാവൈദ്യനും വിഷഹാരിയുമാണെന്നാണ് വിശ്വാസം!
ക്ഷേത്രത്തിൽ തൊഴുതിറങ്ങി, ആൽത്തറക്കും താഴെ ഓല മേഞ്ഞ ചായക്കടയിൽ നിന്നും പഞ്ഞി കണക്കേയുള്ള ഇഡ്ഡലി കഴിച്ച് വീണ്ടും യാത്ര തുടരവേ, അമ്മ സംസാരിച്ചു തുടങ്ങി!
പ്രത്യേക താളത്തിൽ അച്ഛനേക്കുറിച്ച്, മക്കളേക്കുറിച്ച്, വീടിനേക്കുറിച്ച്… ഞാൻ കേട്ടുകൊണ്ടേയിരുന്നു.
ചുവപ്പും കറുപ്പും നീലയും ഇടകലർന്ന നിറത്തോടെ, കാട്ടുകോഴികൾ നടന്നിരുന്നു. സാധാരണ കോഴിയുടെ പകുതി വലിപ്പം മാത്രമുള്ള കാട്ടു കോഴികൾക്ക് സൗന്ദര്യമേറെയാണ്! മനുഷ്യരെ കാണുമ്പോൾ അവ ഓടിയൊളിക്കാറാണ് പതിവ്! അമ്മക്ക് കാണുവാൻ വേണ്ടി മാത്രമാണ് അവയിന്ന് ഇത്ര അണിഞ്ഞൊരുങ്ങി നടക്കുന്നതെന്ന് എനിക്ക് തോന്നി!
ആര്യങ്കാവ് ശ്രീധർമ്മ ക്ഷേത്രത്തിലേക്കുള്ള പടവുകളിറങ്ങുവാൻ അമ്മക്ക് ബുദ്ധിമുട്ടുണ്ടായില്ല. പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ചു ക്ഷേത്രങ്ങളിൽ രണ്ടാമത്തേതാണിത്. അയ്യപ്പൻ കുമാരനായ തിരു ആര്യനായി ഇവിടെ കുടികൊള്ളുന്നു!
താഴേക്കുള്ള പടവുകളിറങ്ങുമ്പോൾ അയ്യപ്പന്റെ കാവൽ ദൈവങ്ങളായ കറുപ്പസ്വാമിയുടെയും, കറുപ്പായിയമ്മയുടെയും പ്രതിഷ്ഠകൾ കണ്ടു! ക്ഷേത്രമുറ്റത്തും മൈതാനത്തുമായി മയിലുകൾ നടന്നിരുന്നു!
ക്ഷേത്രത്തിന് താഴെയായി, കല്ലടയാർ ഒഴുകുന്നുണ്ട്. ചെരുപ്പുകൾ അഴിച്ച് വച്ച് തണുത്ത വെളളത്തിൽ കൈയ്യും കാലും കഴുകി തൊഴുതു വരവേ, അമ്മ ഊർജ്ജസ്വലയായി കാണപ്പെട്ടു!
യാത്രയുടെ പ്രധാന ലക്ഷ്യ സ്ഥലത്തേക്കെത്തുന്നതിനും മുമ്പ്, കേരള അതിർത്തി കടക്കുന്നതിനും മുമ്പ്, വെറുമൊരു കൗതുകത്തിന് ഞാൻ അമ്മയോട് കണ്ണടക്കാൻ പറഞ്ഞു! അമ്മ കണ്ണടച്ച് സീറ്റിലേക്ക് ചാരിക്കിടന്നു!
നിമിഷങ്ങൾക്ക് ശേഷം ഞാൻ കണ്ണ് തുറക്കാൻ പറയവേ, ആ കണ്ണുകളിൽ അമ്പരപ്പ് നിറയുന്നത് ഞാൻ കണ്ടു!
ചുറ്റോടു ചുറ്റും വിളഞ്ഞു നിൽക്കുന്ന പാടത്തിന് നടുവിലൂടെയായിരുന്നു; വണ്ടി സഞ്ചരിച്ചിരുന്നത്! സ്വർണ്ണ നിറമായിരുന്നു പാടങ്ങൾക്ക്!
തമിഴ്നാടിന്റെ നെൽപ്പാടങ്ങൾ അങ്ങകലെ ആകാശത്തിന്റെ നീല നിറത്തിൽ ലയിക്കുന്നത് കാൽപ്പനികത നിറക്കുന്ന കാഴ്ച്ചയായിരുന്നു!
അങ്ങകലെയായി കുഞ്ഞുന്നാളിൽ ചിരട്ട കമിഴ്ത്തിവച്ചുണ്ടാക്കിയ മണ്ണപ്പം പോലെ എന്റെ ലക്ഷ്യസ്ഥാനം കിടന്നിരുന്നു!
മണ്ണപ്പത്തിന് വലിപ്പം വച്ചു തുടങ്ങിയ സ്ഥലമെത്തവേ, ഗ്രാമത്തിന്റെ ഭംഗി നിറഞ്ഞ ഹോട്ടലിൽ നിന്ന് ചോറുണ്ടു. തൈരുമുളക് ചോറിലേക്ക് പൊടിച്ച് ചേർത്താണ് അമ്മ കഴിച്ചത്!
തിരുമലൈ കോവിൽ എന്ന ലക്ഷ്യത്തിലേക്ക് വണ്ടി അടുക്കവേ, അമ്മ സ്വപ്നത്തിലെന്നതു പോലെയെന്നെ നോക്കി! പാറമുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ മുരുകനാണ് പ്രതിഷ്ഠ!
ചോളപാണ്ഡ്യ രാജാക്കൻന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ക്ഷേത്രത്തിന്റെ കല്പടവുകൾ വെള്ളയും ചുവപ്പും വരകളാൽ മനോഹരമായിരുന്നു. ക്ഷേത്രഗോപുരത്തിൽ ചുവപ്പും നീലയും പച്ചയും മഞ്ഞയും നിറങ്ങളാൽ ദൈവങ്ങളെ അടയാളപ്പെടുത്തിയിരുന്നു!
കല്ലിൽ കൊത്തിയുണ്ടാക്കിയ തൂണുകളും നിർമ്മിതികളുമാണ്. സഹ്യപർവ്വതം തഴുകിയെത്തുന്ന തണുത്ത കാറ്റ് വീശുന്നുണ്ട്. ക്ഷേത്രത്തിലേക്ക് അറുന്നൂറ്റി നാൽപ്പത്തി രണ്ട് കൽപ്പടവുകളുണ്ട്. അത് കയറിയിറങ്ങുന്നതോടെ പാപമുക്തരാകുമെന്നാണ് വിശ്വാസം!
പടികൾ കയറാതെ, മുകളിലേക്ക് പാറയിൽ വെട്ടിയെടുത്ത വഴിയിലൂടെ ഞാൻ വണ്ടിയോടിച്ചു! വലിയൊരു മല മുഴുവൻ ക്ഷേത്രമാണ്! ഉയർന്ന കൽമണ്ഡപത്തിലേക്ക് കുത്തനേയുള്ള നടകളുണ്ട്!
തീർത്ഥക്കുളത്തിന് സമീപം, സപ്ത കന്യകകളുടെ വിഗ്രഹം! ക്ഷേത്രത്തിലെ പ്രധാന വൃക്ഷം പുളിമരമാണ്! വേൽ ആണ് മുരുകന്റെ ആയുധം!
തമിഴ് സാഹിത്യത്തിൽ പറയപ്പെടുന്ന കൂവളൈ എന്നൊരു പൂവ് ഇവിടെ വിരിഞ്ഞതായും, ഒരു ദിവസം ഒരു പൂവ് മാത്രം വിരിയുന്ന പൂവ് സപ്ത കന്യകകൾ മുരുകന് അർപ്പിച്ച് പ്രാർത്ഥിച്ചു എന്നും വിശ്വസിക്കപ്പെടുന്നു!
സപ്ത നാദങ്ങൾ മുഴങ്ങുന്ന ചിത്രത്തൂണിൽ തൊട്ടിലർപ്പിച്ച് ളളളുരുകി പ്രാർത്ഥിച്ചാൽ, സന്താന സൗഭാഗ്യം ഫലമെന്ന് വിശ്വസിക്കപ്പെടുന്നു! അമ്മയും ഞാനും കൂടി തൊട്ടിൽ വാങ്ങി. അമ്മയുടെ മക്കൾക്ക് സന്താനഭാഗ്യത്തിനായി തൊട്ടിൽ സമർപ്പിക്കവേ, ഞാൻ പുറത്തേക്ക് നടന്നു!
അമ്മയോട് ഞാൻ പറയാനിരുന്ന രണ്ടാമത്തെ കാര്യവും പൂർത്തിയാക്കപ്പെട്ടിരിക്കുന്നു. അമ്മയുടെ മകളോട് ഇനി അഞ്ച് കാര്യവും, ഭർത്താവിനോട് മൂന്ന് കാര്യങ്ങളും പറയുവാൻ ബാക്കി നിൽക്കുന്നു! എല്ലാവരും കൂടിയുള്ള മറ്റൊരു യാത്രയിലേക്കത് മാറ്റിവയ്ക്കപ്പെടുന്നു!
കൽത്തിട്ടകളിലൊന്നിലിരുന്ന് ഞാൻ വിദൂരതയിലേക്ക് നോട്ടമയച്ചു. അങ്ങകലെയായി ഗ്രാമം കിടന്നിരുന്നു! ഇടക്കിടെ ഗ്രാമ വിളക്കുകൾ തെളിഞ്ഞു കൊണ്ടിരുന്നു! ഈ ജന്മത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്!
ഒരു അവധൂതയേപ്പോലെ അമ്മയിറങ്ങിവന്നു! കാറ്റ് അടിച്ചു തുടങ്ങി. അമ്മയുടെ സാരിത്തലപ്പുകൾ പറന്നു! ഒരു സ്വപ്നം പോലെ എന്റെ കൈകൾ ഗ്രഹിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു അമ്മ!
സായന്തന സൂര്യന്റെ കിരണങ്ങൾ അമ്മയുടെ കണ്ണുകളിലെ തിളക്കത്തിന്, ഓറഞ്ച് നിറം പകർന്നു! ഒരു നീർമണി എന്റെ കൈവെള്ളയിലേക്ക് ഉതിർന്ന് വീണു!
ഉള്ള് ഉലയുന്നു! കനമേറുന്നു! നിമിഷങ്ങൾ നിശ്ചലമാകുന്നു!
സത്യം പറ! നീയെന്റെ മകനാണോ? ഏതെങ്കിലും ജന്മത്തിൽ നീയെന്നിൽ പിറവി കൊണ്ടിട്ടുണ്ടോ?
എനിക്കറിയില്ല അമ്മേ! ഒന്നെനിക്കറിയാം എന്റെ ഉളള് ഈ നിമിഷത്തിനായി കൊതിച്ചിരുന്നെന്ന്! ഈ വാക്കുകൾക്കായി ഞാൻ തപം ചെയ്തിരുന്നെന്ന്! ഈ തലോടലിനായി ഞാൻ കാത്തിരുന്നെന്ന്!
ഒരു കടം വീടലാണിത്! കടങ്ങളിൽപ്പെട്ട്, കയ്യിൽ നിന്ന് ഊർന്നിറങ്ങിപ്പോയ ജീവിതത്തിൽ പകച്ച് നിന്ന ഒരമ്മക്കെതിരെ അറിയാതെയെങ്കിലും നിന്നതിന്റെ കടം വീടൽ!
തിരികെ, എന്റെ തോളിലേക്ക് ചാഞ്ഞ് ഉറങ്ങിക്കിടക്കവേ, അമ്മയുടെ ഉറക്കം മുറിയാതിരിക്കുവാൻ, നന്നേ ശ്രദ്ധിച്ച് ഞാൻ വണ്ടിയോടിച്ചു!
വീടിന് മുമ്പിൽ അമ്മ തിരികെയിറങ്ങുമ്പോൾ എന്റെ ഉള്ള് നൊന്തു, അമ്മക്ക് മുഖം കൊടുക്കാതെ, ചുറ്റും നിന്നവരെയാരെയും നോക്കാതെ, യാത്ര പറയാതെ, ഞാൻ വണ്ടി മുന്നോട്ടെടുത്തു!
എന്നെയും നോക്കി അരണ്ട വെളിച്ചത്തിൽ അമ്മ നിൽക്കുന്നത്, സൈഡ് മിററിലൂടെ ഞാൻ കണ്ടു! വെന്തു തുടങ്ങിയ ഉള്ളിന്റെ നീറ്റൽ കനത്തു തുടങ്ങി!
നിലത്തു വീണു കിടന്ന അരിമുറുക്കിന്റെ പൊടികളിൽക്കൂടി ഉറുമ്പുകൾ കയറിത്തുടങ്ങി! വണ്ടിയുടെ ഡാഷ്ബോർഡിലും ഗ്ലാസ്സിലും ഉറുമ്പുകൾ നിറയുന്നു! വഴിയോരത്തേക്ക് നീക്കി വണ്ടി നിർത്തവേ, പുറത്ത് മഴ പെയ്തു തുടങ്ങി!
മഴയിലേക്ക് കൈ നീട്ടി, ഓരോ വെള്ളത്തുള്ളികളായി വിരൽത്തുമ്പിലേക്കെടുത്ത്, ഉറുമ്പുകൾക്ക് ചുറ്റും ഞാൻ കളം വരച്ചു തുടങ്ങി, വണ്ടിയുടെ ഗ്ലാസ്സ് ഉറുമ്പുകളങ്ങളെക്കൊണ്ട് നിറഞ്ഞ്, കാഴ്ച നഷ്ടപ്പെട്ടു തുടങ്ങി!

By ivayana