ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും പുരാതന മലയാളീ അസ്സോസ്സിയേഷനായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് 2024-ലെ ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഏറ്റവും സമുചിതമായി ആഘോഷിക്കുവാൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ 52-ലധികം വർഷമായി ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ആദ്യകാല മലയാളീ സംഘടനയാണ് കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്. എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കാത്തലിക്ക് പള്ളിയുടെ പുതിയ ഓഡിറ്റോറിയത്തിൽ (St. Vincent DePaul Syro Malankara Catholic Cathedral, 1500 St. Vincent Street, Elmont, NY 11003) വച്ചാണ് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും ശനിയാഴ്ച രാവിലെ 11 മുതൽ ക്രമീകരിച്ചിരിക്കുന്നത്.

തുടക്ക കാലം മുതൽ എല്ലാ വർഷവും ഓണം ആഘോഷിച്ചു വരുന്ന കേരളാ സമാജത്തിൻറെ 52-ആമത് ഓണാഘോഷത്തിന് മുഖ്യ അതിഥികളായി പ്രശസ്ത സിനിമാ സംവിധായകൻ ബ്ലെസ്സി ഐപ്പ്, ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ എന്നിവരും വിശിഷ്ട അതിഥിയായി പത്തനംതിട്ട ജില്ലാ കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ്. ജില്ലാ ചെയർമാനുമായ അഡ്വ. വർഗ്ഗീസ് മാമ്മൻ എന്നിവർ പങ്കെടുക്കുന്നതാണ്.

അറുപതുകളുടെ മദ്ധ്യത്തോടെ മലയാളികൾ അമേരിക്കയിലേക്ക് കുടിയേറി തുടങ്ങിയപ്പോൾ അന്യദേശത്ത് വന്നു പാർക്കുന്ന ചുരുക്കം ചില മലയാളികൾ തമ്മിൽ ന്യൂയോർക്കിലെ പലയിടങ്ങളിലായി കണ്ടുമുട്ടുവാൻ ഇടയായി. അറുപതുകളുടെ അവസാനത്തോടെ അവരിൽ ചിലരുടെ കൂട്ടായ്മയിലൂടെ ഒരു മലയാളീ സംഘടന രൂപീകരിക്കണമെന്ന ആശയം ഉടലെടുത്തെങ്കിലും 1972-ലാണ് “കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്” എന്ന സംഘടന ഔദ്യോഗികമായി രൂപം കൊണ്ടത്.

സ്ഥാപക കാലങ്ങളിൽ ഉണ്ടായിരുന്ന പല അംഗങ്ങളും ഇന്ന് ലോകത്തിൽ നിന്നും മാറ്റപ്പെടുകയോ, മറ്റു സംസ്ഥാനങ്ങളിലേക്ക് താമസം മാറ്റുകയോ ചെയ്‌തെങ്കിലും സ്ഥാപക പ്രസിഡന്റായ പ്രൊഫ. ജോസഫ് ചെറുവേലിൽ ഇന്നും സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്നതാണ് ഈ സംഘടനയുടെ പ്രത്യേകത. 2022-ൽ സംഘടനയുടെ ഗോൾഡൻ ജൂബിലിയായ അൻപതാമത് വാർഷികം കൊണ്ടാടിയപ്പോൾ സ്ഥാപക പ്രസിഡൻറ് ഉൾപ്പടെ നിലവിൽ ന്യൂയോർക്കിൽ താമസിക്കുന്ന എല്ലാ പ്രസിഡൻറ്മാരെയും സമുചിതമായി ആദരിച്ചു എന്നതും ഈ സംഘടനയുടെ പ്രത്യേകതയാണ്.

പ്രസിഡൻറ് തോമസ് ഡേവിഡിന്റെ (സിബി ഡേവിഡ്) നേതൃത്വത്തിൽ പന്ത്രണ്ട് പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയും സണ്ണി പണിക്കർ ചെയർമാനായി പ്രവർത്തിക്കുന്ന മുൻ പ്രസിഡന്റുമാരായ അഞ്ചു പേരടങ്ങുന്ന ബോർഡ് ഓഫ് ട്രസ്റ്റീസുമാണ് സമാജത്തിൻറെ പ്രവർത്തനങ്ങൾ ഈ വർഷം നിയന്ത്രിക്കുന്നത്. ജനപ്രിയമായ വിവിധ പരിപാടികളാണ് കേരളാ സമാജം സമൂഹത്തിൽ നടത്തി വരുന്നത്. കഴിഞ്ഞ മാസം 27-ന് ഈസ്റ്റ് മെഡോയിലുള്ള ഐസനോവർ പാർക്കിൽ വച്ച് നടത്തിയ വാർഷിക ഫാമിലി പിക്‌നിക് ജന പങ്കാളിത്തം കൊണ്ടും പുതുമയാർന്ന വിവിധ കലാ-കായിക പരിപാടികൾ കൊണ്ടും വളരെ ജനശ്രദ്ധ നേടിയിരുന്നു. നൂറുകണക്കിന് അംഗങ്ങളും സുഹൃത്തുക്കളുമാണ് അന്നേ ദിവസം പിക്‌നിക്കിൽ പങ്കെടുത്തത്.

“എപ്പോഴും പുതുമയാർന്ന പ്രവർത്തനങ്ങൾ കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്ന കേരളാ സമാജം ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വളരെ സമുചിതമായി തന്നെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്‌ത്‌ വരുന്നത്. കലാ-സാംസ്കാരിക-രാഷ്ട്രീയ-സിനിമാ മേഖലയിലെ വളരെ വിശിഷ്ട വ്യക്തികൾ ഈ വർഷത്തെ ഓണാഘോഷത്തിന് പങ്കെടുക്കുന്നുണ്ട്. ചെണ്ടമേളവും മാവേലിയും വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയും കൊണ്ട് ഓണാഘോഷം കൊഴുപ്പിക്കുവാനാണ് പദ്ധതിയിടുന്നത്. പിക്‌നിക്കിൽ വളരെ താൽപ്പര്യത്തോടെ എല്ലാവരും പങ്കെടുത്തത് പോലെ ഓണാഘോഷത്തിനും ഏവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എല്ലാവരെയും ഏഴാം തീയതി ശനിയാഴ്ചത്തെ ഓണാഘോഷത്തിലേക്കും ഓണ സദ്യയിലേക്കും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.” പ്രസിഡൻറ് സിബി ഡേവിഡ് പറഞ്ഞു.

പ്രസിഡൻറ് സിബി ഡേവിഡ്, വൈസ് പ്രസിഡൻറ് മേരി ഫിലിപ്പ്, സെക്രട്ടറി സജി എബ്രഹാം, ട്രഷറർ വിനോദ് കെയാർക്കെ, ജോയിൻറ് സെക്രട്ടറി ജോസി സക്കറിയ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗംങ്ങളായ ഷാജു സാം, ലീലാ മാരേട്ട്, തോമസ് സാമുവേൽ (കുഞ്ഞു മാലിയിൽ), ബെന്നി ഇട്ടിയേറ, മാത്യുക്കുട്ടി ഈശോ, മാമ്മൻ എബ്രഹാം, ശ്രീനിവാസൻ പിള്ള എന്നിവരും, ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കർ, ബോർഡ് അംഗങ്ങളായ വിൻസെൻറ് സിറിയക്ക്, വർഗ്ഗീസ് ജോസഫ്, പോൾ.പി.ജോസ്, ഫിലിപ്പ് കെ. ജോസഫ്, ഓഡിറ്റർമാരായ ഹേമചന്ദ്രൻ, ഷാജി വർഗ്ഗീസ് എന്നിവരും ഓണാഘോഷവും ഓണ സദ്യയും ഏറ്റവും മനോഹരമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തു വരുന്നത്.

“പ്രശസ്ത ഗായകനായ ശബരീനാഥിന്റെ നേതൃത്വത്തിലുള്ള ശ്രവണ സുന്ദരമായ ഗാനമേളയും, വിവിധ ഡാൻസ് കലാകാരിമാരുടെ ഡാൻസുകളും, മനോഹരമായ കേരളാ സാരികൾ ലഭിക്കുന്ന സാരീ സ്റ്റാളുകളും, ഫോട്ടോ ബൂത്തും, വിഭവ സമൃദ്ധവും രുചികരവുമായ ഓണ സദ്യയും, മറ്റ് കലാപരിപാടികളുമായി ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി നടത്തുവാനാണ് ആഗ്രഹിക്കുന്നത്. ആയതിലേക്ക് ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്” സെക്രട്ടറി സജി എബ്രഹാമും ട്രഷറർ വിനോദും സംയുക്തമായി ഏവരെയും ഓണാഘോഷത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു.

By ivayana