രചന : എം പി ശ്രീകുമാർ✍
ചന്ദനപ്പൊയ്കയിൽ
നീരാട്ടിനായ്
ചന്ദ്രികയിറങ്ങിവന്നു
മെല്ലെ, ചന്ദ്രികയിറങ്ങിവന്നു
നിശയുടെ മാറിൽ
നീന്തിത്തുടിച്ചൊരു
സുവർണ്ണ മത്സ്യം പോലെ !
ഒരു സുവർണ്ണകന്യക പോലെ !
വിൺകൽപ്പടവിലായ്
വെൺമേഘങ്ങൾ
പുടവകൾ വാരിയെടുത്തു
അവളുടെ പുടവകൾ വാരിയെടുത്തു
താരകൾ കൺചിമ്മി
ചിരി തൂകി നിന്നു
ഈണത്തിൽ പാടി രാക്കിളികൾ
കളിയാക്കി പാടി രാക്കിളികൾ
വ്രീളാവദനം ചുവന്നു കവിൾകളിൽ
താമരപ്പൂവുകളുതിർന്നു
ചന്ദനപ്പൊയ്കയിലൊഴുകി
അതൊരു താമരപ്പൊയ്കയായ് മാറി !
ചന്ദനപ്പൊയ്കയിൽ
നീരാട്ടിനായ്
ചന്ദ്രികയിറങ്ങിവന്നു
മെല്ലെ ചന്ദ്രികയിറങ്ങിവന്നു
നിശയുടെ മാറിൽ
നീന്തിത്തുടിച്ചൊരു
സുവർണ്ണമത്സ്യം പോലെ
ഒരു സുവർണ്ണകന്യക പോലെ.