രചന : ഗഫൂർ കൊടിഞ്ഞി✍
ഏറനാടൻ സൗന്ദര്യം തുടിച്ചു
നിൽക്കുന്ന എട്ടു കഥകളാണ് മുഖ്താർഉദരംപൊയിലിൻ്റെ
”ഉസ്താദ് എംബാപ്പെ” എന്ന പുതിയ സമാഹാരത്തിലുള്ളത്. ‘ജിന്നെളാപ്പ’ മുതൽ ‘ബ്ലാക്ക്മാൻ’ വരേയുള്ള കഥകളെല്ലാം കഥകളുടെ ഫ്രെയിമുകൾക്കപ്പുറമുള്ള കാഴ്ചയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നവയാണ്. സഹചമായ ലാളിത്യമാണ് ഈ കഥകളുടെ മുഖമുദ്ര.
ജിന്നുകളും റൂഹാനികളും
തിമർത്താടുന്ന പഴയ അറബിക്കഥകളിലേക്ക് നമ്മുടെ ഓർമ്മകളെ പുനരാനയിക്കുന്നവയാണ് പല കഥകളും. അവ മറന്ന് പോയ മാപ്പിള മൊഴികളുടെ ഭാഷാ സൗന്ദര്യത്തിലേക്ക് നമ്മെ തിരിച്ച് വിളിക്കുന്നവയുമാണ്. വായിച്ചു കഴിഞ്ഞാലും മനസിന് പൂരിപ്പിക്കാൻ പലതും ബാക്കി വെച്ച് കഥാകാരൻ അപ്പുറത്ത് പതുങ്ങി നിൽപ്പുണ്ട് എന്ന് തോന്നലാണ് അതുളവാക്കുക.
ജിന്നെളാപ്പ എന്ന കഥയിലെ
അതീന്ദ്രിയ ജ്ഞാനമുള്ള ജിന്നെളാപ്പയും
“ഔല്യക്കന്മാ”രായ അബ്ദുല്ലാക്കയും
മായിൻ കുട്ട്യാക്കയുമൊക്കെ നമ്മുടെ നാട്ടുവഴികളിൽ പലകുറി കണ്ട കഥാ പാത്രങ്ങളെ വീണ്ടും കാണുന്ന ഒരു പ്രതീതിയുണർത്തും.
സൈറാബിയാവട്ടെ സ്കൂളിലും മദ്രസയിലും ഒപ്പം ബെഞ്ചിലിരുന്ന് വാക്കത്തി പോലെ തുരുതുരേ വർത്തമാനം പറഞ്ഞിരുന്ന ഒരു കൂട്ടുകാരിയെ ഓർമ്മയിൽ കൊണ്ടു വരും.
മാമുവിലെ മാളുവിനെ വായിച്ചപ്പോൾ
സമാന രീതിയിൽ ജീവിതം ജീവിച്ചു തീർത്ത തിരൂരങ്ങാടിയിലെ ആട് ആമിന വീണ്ടും എൻ്റെ മനസിലേക്ക് കുടിയേറി വന്നു. തിരൂരങ്ങാടി യതീംഖാനയുടെ മുന്നിൽ ജീവിക്കുന്ന ആട് ആമിനയുടേയും മാളുവിൻ്റേയും ജീവിതത്തിന് സമാനതകൾ ഏറെയാണ്. ഈ രണ്ട് കഥകൾ വായിച്ചു തീരുമ്പോൾ നമ്മുടെ കണ്ണിലും രണ്ടു തുള്ളി കണ്ണുനീർ ഉറഞ്ഞു വരും തീർച്ച.
വയനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ വായിക്കാവുന്ന
രണ്ട് കഥകളുണ്ടിതിൽ. അറംപറ്റിയ വാക്കുകൾ പോലെയാണ് ഉരുൾ എന്ന കഥ. അല്ലെങ്കിൽ എഴുത്തുകാരൻ്റെ ത്രികാലജ്ഞാനം എന്നും പറയാം.
സ്വന്തം കുടുംബത്തെ മുഴുവൻ ഉരുളെടുത്തതറിഞ്ഞ വ്യഥയിൽ സങ്കടക്കടലു നീന്തി നിരാലംബനായി ചൂരൽമലയിലേക്ക് ഓടി വന്ന നൗഫലെന്ന ചെറുപ്പക്കാരൻ്റെ കഥയാണ് മുഖ്താർ മുൻകൂട്ടി പ്രവചിച്ചത് എന്ന് തോന്നും.വടക്കേക്കര കുന്നിൻ ചെരുവിൽ പാർത്തിരുന്ന അബുവിൻ്റെ കഥ പറയുന്ന ബ്ലാക്ക് മേനും വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വായിക്കാവുന്ന കഥയാണ്.
ഒരു കഥയേയും മാറ്റി നിർത്താനാവില്ല.
എങ്കിലും സാദിഖുസ്താദിൻ്റെ കഥ പറയുന്ന ഉസ്താദ് എംബാപ്പെയും
മരുഭൂമിയിൽ മലമ്പാമ്പുകൾക്കൊപ്പം മറ്റൊരു ആടുജീവിതം
അനുഭവിപ്പിക്കുന്ന മരുദ്വീപ് എന്ന കഥയും ഉൾത്തടങ്ങളിൽ നോവിൻ്റെ
നൊമ്പരപ്പാടുകൾ തീർക്കും.
മൊത്തത്തിൽ ഇതിലെ എല്ലാ
കഥകളും ഉൽസവ ഘോഷയാത്ര പോലെ ആഘോഷാരവങ്ങളിൽതുടങ്ങി ഒടുവിൽ ദുരന്തങ്ങളുടെ തോരാമഴയിൽ പര്യവസാനിക്കുന്നു. കഥാകൃത്ത് ആദ്യം മധുരം പുരട്ടി വിളമ്പിയൂട്ടുന്ന കഥകളെല്ലാം ഒടുവിൽ ദുഃഖകരമായ പര്യവസാനത്തിൽ ചെന്ന് ചേരുന്നു.
അങ്ങനെ വായിച്ചു കഴിഞ്ഞാലും നെഞ്ചിൽ ഒരു നേരിയ നീറ്റൽ അത് ബാക്കി വെക്കുന്നു.
ചെമ്മാട് ബുക് പ്ലസാണ് ഇതിൻ്റെ പ്രസാധകർ.170 രൂപയാണ് വില.