ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Dear Friends,
എന്റെ എട്ടാമത്തെ പുസ്തകമായ “മുടിയറകൾ.”
പ്രിയ വായനക്കാരുടെ മുന്നിലേക്ക് ഉടനെയെത്തുകയാണ്.
ഡി. സി. ബുക്സാണ് പ്രസാധകർ.
സൈനുൽ ആബിദാണ് കവർ ഡിസൈൻ ചെയ്തിട്ടുള്ളത്.
ഇത്തവണ പുസ്തകത്തിന് ഞാനൊരു ആമുഖം എഴുതിയിട്ടുണ്ട്.
ആബിദിന്റെ കവറും, നോവലിന്റെ ആമുഖവും ഇതോടൊപ്പം പങ്കുവെയ്ക്കുന്നു. പുസ്തകത്തിന്റെ പ്രകാശനവും മറ്റും പിന്നാലെ അറിയിക്കാം.
നിറയെ വായനകൾ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ,
നൊറോണ

നോവലിന്റെ ആമുഖം
ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ വെളിച്ചത്തിന്റെ ഉറവിടമെന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടില്ല. പലരും എന്നോട് ഇതാണു വെളിച്ചമെന്ന് പറഞ്ഞു.. വെളിച്ചം തരുന്നത് സൂര്യനാണെന്നായിരുന്നു കമ്മ്യൂണിസ്റ്റായ അമ്മാമ്മയുടെ മൊഴി. അവരുടെ പ്രസ്താവനയ്ക്ക് സന്ധ്യവരെയേ ആയുസ്സുണ്ടായിരുന്നുള്ളു. അന്തിക്ക് പകലോൻ ഞങ്ങളുടെ ചള്ളിക്കടലീ മുങ്ങി.. ഇരുട്ടു മൂടിയ കരിക്കലിന് രൂപത്തട്ടേൽ കെടാവിളക്ക് തെളിച്ചിട്ട് അമ്മ തിരുത്തി. നടയിലെ വെട്ടമാണ് മകനെ വെളിച്ചം..
ഞാൻ അതും കേട്ട് മുറ്റത്തേക്കിറങ്ങി..
എടാ പൊട്ടാ മോളിലാട്ട് നോക്ക്.. ചന്ദ്രനും നക്ഷത്രങ്ങളുമാണ് വെട്ടം വിതറുന്നത്.
മുറ്റത്തിരുന്ന് വെള്ളമടിച്ചോണ്ടിരുന്ന ചിറ്റപ്പന്റെ ശാസ്ത്രബോധത്തിനു തെളിച്ചം വീണു.. ശകാരത്തിന്റെ തിട്ടയിടിച്ച് അങ്ങോര് പറഞ്ഞ വെളിച്ചത്തിന് നേരം വെളുക്കുംവരേയെ ആയുസ്സുണ്ടായി രുന്നുള്ളു. അപ്പോഴേക്കും അമ്മാമ്മേടെ സൂര്യൻ ഞങ്ങടെ കായലിനപ്പുറം വീണ്ടും തലപൊന്തിച്ചിരുന്നു. പകലൊരാളും രാത്രി മറ്റൊരുത്തനും.. വെളിച്ചത്തിനൊരു നേരും നെറിവുമില്ലെന്ന് എനിക്ക് തോന്നി..
രാത്രീം പകലുമായി അത് ഓരോരോ ഉടയോൻമാരുടെ അടിമകളായി..
ഞങ്ങടെ വടക്കുംഭാഗം മുഴുവൻ ചേമ്പിൻകാടായിരുന്നു. അന്തിക്ക് അവിടെ മുഴുവൻ ഇരുട്ടാണ്. ഇടയ്ക്കിടെ മിന്നാമിന്നി തെളിയും.. സൂര്യനേം ചന്ദ്രനേം പോലെ ചേമ്പിൻകാട്ടിലെ ഇരുട്ട് ആരെങ്കിലും ഉണ്ടാക്കുന്നതാണോയെന്ന് ഞാൻ എന്നോടു തന്നെ ഒരു ചോദ്യം ചോദിച്ചു. എനിക്ക് അതിനു ഉത്തരമില്ലായിരുന്നു. അടിവയറ്റീന്നൊരു എരികുമ്മൻവായു മേപ്പോട്ടു കേറി എന്റെ കണ്ണും തലേം ഇരുട്ടിച്ചു കളഞ്ഞു. കുത്തിയുള്ള ഇരിപ്പിൽ ഞാൻ പിന്നാക്കം മറിഞ്ഞു. ബോധമറ്റുള്ള വീഴ്ച്ചയിലാണ് ഇരുട്ടു സ്വയംഭൂവാണെന്ന് തിരിച്ചറിയുന്നത്.
പിന്നീട് എന്റെ ജീവിതത്തിൽ വെളിച്ചത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. തിരിനാളത്തിൽ ഇളകുന്ന വെട്ടമേ നീ നിന്നെക്കുറിച്ച് പറയൂ.. കൂട്ടിക്കാലത്ത് നിലവിളിയോടെ ഞാനതിന്റെ മുന്നിൽ ഏറെ നേരം ഇരുന്നിട്ടുണ്ട്.
വെളുത്ത ഫോസ്ഫെറസ്സായും മഗ്നീഷ്യമായും വെളിച്ചത്തെ ഒളിപ്പിച്ചുവെച്ച ചില വിരുതൻമാരെ സ്ക്കൂളിലെ കെമസ്ട്രിലാബിൽ കണ്ടെത്തി. വെളിച്ചത്തിലും ഇരുട്ടിലും കഴിയുന്ന ജീവികൾ ഉണ്ടെന്ന് ബയോളജി ടീച്ചറാണ് പറഞ്ഞത്. ചുറ്റുമിരുൾ മാത്രമാം ഒട്ടിട തെളിഞ്ഞിട്ട് വിട്ടുപോയേക്കാം വെളിച്ചത്തുരുത്തു കളെന്ന് മലയാളം മുൻഷിയും..
മുതിർന്നിട്ടും വെളിച്ചത്തിന്റെ ഉറവിടം മാത്രം എന്റെ കൈപ്പാടകലം നിന്നു.
പുസ്തകച്ചുറ്റിലേക്ക് വീഴുമ്പോഴാണ് വെളിച്ചത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞു തുടങ്ങിയത്.. ആദിയിൽ ഇരുട്ടായിരുന്നു എന്നാണ് ലന്തപ്പള്ളിയിലെ വേദോപദേശത്തിൽ. വെളിച്ചം അവിടുന്നാണ് ഉണ്ടാക്കിയത്. അവരുടെ ഗ്രന്ഥത്തിൽ അങ്ങനെ എഴുതിയിരിക്കുന്നത് ഞാൻ കണ്ടു.
കൌമാരം പിന്നിട്ടതോടെ ഞാൻ ഉറപ്പിച്ചു. വെളിച്ചം ഉണ്ടാക്കുന്നതാണ്.
ഇരുട്ട് അങ്ങനെയല്ല അതു സ്ഥായിയ ഒന്നാണ്. അതിനെ പൂർണ്ണമായും ഇല്ലാതാക്കാൻ ഒരു വെളിച്ചത്തിനും കഴിയില്ല.
വിളക്കേ അണഞ്ഞുള്ളു വെളിച്ചമിപ്പോഴും ഉണ്ടെന്നത് ഒരു കബളിപ്പിക്കുന്ന പ്രയോഗമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇരുട്ടിനെ കീറിമുറിച്ചൊരു വെളിച്ചമുണ്ടാക്കിയാലും തുന്നിക്കൂട്ടിയ മുറിവു ഉണങ്ങുന്നതുപോലെ ഇരുട്ട് തന്നെയാണ് എന്നും നിലനിൽക്കുകയെന്നതും ഞാനറിഞ്ഞു..
ചേമ്പിൻകാട്ടിലെ കളപോലെയാണ് ഇരുട്ട്. അതിന്റെ നിലനിൽപ്പിന് അദ്ധ്വാനമൊന്നും വേണ്ട.. വെളിച്ചമങ്ങനെയല്ല ഇരുട്ടിന്റെ വിത്തുപാകി സൃഷ്ടിക്കപ്പെടുകയും നിരന്തരം ഇരുട്ടിനോടു അത് മല്ലിട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു..
വെളിച്ചത്തിന് സ്ഥായിയായ നിലനിൽപ്പില്ല.. ചേക്കേറുന്ന ചില്ല കരിയുന്നതോടെ വെളിച്ചം കെട്ടുപോകും.
മുടിയറകൾ എന്ന നോവലിലെ കഥാപാത്രങ്ങളോടു ഞാൻ ഇതിനെക്കുറിച്ച് നിരന്തരം തർക്കി ച്ചുകൊണ്ടിരുന്നു. വെളിച്ചത്തെക്കുറിച്ചും ഇരുട്ടിനെക്കുറിച്ചും അവർക്ക് അവരുടേതായ കാഴ്ചപ്പാടുകളും നിലപാടുകളുമുണ്ടായിരുന്നു. അവരിൽ പലരും അവരുടെ വഴിക്ക് സ്വതന്ത്രരാക്കപ്പെടുകയും ചെയ്തിട്ടുള്ളവ രാണ്.
നോവലിലെ കഥാപാത്രങ്ങളോടൊപ്പമല്ല അവർക്ക് പിന്നാലെ സഞ്ചരിക്കേണ്ടൊരു അവസ്ഥ എനിക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്.. തോന്നുന്ന വഴിക്കായിരുന്നു ഓരോരുത്തരുടേയും സഞ്ചാരങ്ങൾ. ചിലപ്പോൾ ഒന്നിലും ഇടപെടാതെ അവർ യാത്ര ചെയ്തുകൊണ്ടിരുന്ന യാനപാത്രങ്ങളുടെ ഗതി കണ്ടു നി ൽക്കേണ്ടിയും വന്നിട്ടുണ്ട്..
ഇരുട്ടിന്റെ പാലറ്റൊരുക്കി അതിൽ വെളിച്ചത്തിന്റെ ചിത്രം വരയ്ക്കാൻ ശ്രമിക്കുന്നവരുടേയും അ തിൽ നിന്നു കുതറുന്നവരുടേയും ഭൂമികയിലൂടെയാണ് മുടിയറകൾ സഞ്ചരിക്കുന്നത്. ഇരുട്ടിനെ അതിജീവിച്ച് വെളിച്ചത്തിലേക്ക് വരുന്നവർക്കായി ഒരുക്കുന്ന കിരീടധാരണത്തെ മുടി ധരിപ്പിക്കുകയെന്നാണ് പറയുക. മുടിയെന്നത് നിരവധി നിഗൂഢ ഇഴകളുടെ അറകളാണ്.. ഇരുട്ടിനെ പൊതിഞ്ഞു പിടിച്ചു നടക്കേണ്ടി വരുന്ന വെളിച്ചത്തിന്റെ ദൌർബല്യങ്ങളാണ് മുടിയറയുടെ ഉള്ളറകൾ.
നമുക്കൊരുമിച്ച് ഈ അടരുകളിലേക്ക് ഇറങ്ങാം..
ഫ്രാൻസിസ് നൊറോണ

മുടിയറകള്‍..ഇന്നലെപ്രകാശിതമായി.
പ്രിയ സച്ചിമാഷില്‍ നിന്നും VJ ജെയിംസാണ് പുസ്തകം ഏറ്റുവാങ്ങിയത്.
കോഴിക്കോട് എത്തിച്ചേര്‍ന്ന എല്ലാ കൂട്ടുകാര്‍ക്കും Thanks.
DC Books ന് അന്‍പതാം പിറന്നാളിന്റെ ആശംസകള്‍..

By ivayana