ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഒരിക്കൽ
എന്റെ പ്രണയം
ഒരു പരുന്ത് റാഞ്ചിയെടുത്ത്
ഉയരമുള്ള മരത്തിൻ്റെ തുഞ്ചത്ത് തൂക്കിയിട്ടു.
കാട് മുഴുവൻ
മച്ചിയെന്ന് വിളിച്ചുകൊണ്ടിരുന്ന
ആ മരം ഒറ്റയടിക്കാണ്
പൂത്തതും കായ്ച്ചതും
അവിടെനിന്നേതോ വികൃതിക്കുരങ്ങൻ
അടുത്തുള്ള മലയിൽ കൊണ്ടുവെച്ചു.
പുല്ല് മുളയ്ക്കാത്ത മൊട്ടക്കുന്നെന്ന് കളിപ്പേരുള്ള
ആ മലയാകെ
മരതകക്കല്ലുകളാൽ മൂടിയത്
വളരെ പെട്ടെന്നായിരുന്നു..
ഒരു കാറ്റ് വന്നതിനെ
കടലിൽ തള്ളിയിട്ടു.
ഇരുണ്ട തിരകളുറങ്ങുന്ന തീരമെന്ന്
വിളിപ്പേരുള്ള
ആ കടലിലെ ഓരോ തുള്ളി വെള്ളവും
വെളിച്ചത്തിൻ്റെ കൊച്ചുകൊച്ചു തുരുത്തുകളായി.
അതുകണ്ട്
അസൂയമൂത്ത മത്സ്യകന്യകളെല്ലാവരും കൂടി
അകലെയുള്ള ഒരു മരുഭൂമിയിലേക്കത് വലിച്ചെറിഞ്ഞു.
നോക്കിനിൽക്കെ
ആ മരുഭൂമി മനോഹരമായ തടാകമായി.
തടാകം നിറയെ ആമ്പൽപ്പൂക്കൾ വിരിഞ്ഞു.
അതിലേക്ക്
എങ്ങുനിന്നോ
കുറേ അരയന്നങ്ങൾ പറന്നെത്തി.
നിലാവും നക്ഷത്രങ്ങളും
പതിവായി നീന്താനെത്തുന്ന
ആ തടാകത്തിൽ,
അനുവാദമില്ലാതെ
കുളിക്കാനിറങ്ങിയ കുറ്റത്തിനാണ്
എന്റെ പ്രേമത്തിന്റെ തടവറയിൽ
നീയൊരു ജീവപര്യന്തക്കാരിയായത്.

By ivayana