ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഓണവും കഴിഞ്ഞേറ്റം ക്ഷീണവും
ആയതിന്നാലുറക്കം മതിവരാതെ
ഊയലാടുന്ന മിഴികളിൽ കണ്ടുവോ
നിഴലായ് മറഞ്ഞുപോയ പൂക്കാലം!

അവിട്ടം വന്നുവോ തവിടിലും നിറയും
പഴമൊഴി പാഴ്-വചനമാവുന്ന കാലം
നിർമ്മിത ബുദ്ധിയിലല്ലോ ചിന്തകൾ
കലഹിക്കുന്നതിന്നു പഴയതിന്നോടും!

കാശിത്തുമ്പയും കാക്കപ്പൂക്കളും കാവ്യ
ഭാവനയിൽ മാത്രം ഇടം തേടുമ്പോൾ
സങ്കരയിനം, നിറം മാത്രമുള്ള പൂക്കളെ
വിരിയിക്കുന്നു വിപണിക്ക് മാത്രമായ്‌!

മണമറിയാതെ ഓണവും മനമറിയാതെ
മർത്ത്യരും മാവേലിയെ വാഴ്ത്തുന്നു
സ്വാർത്ഥതയിൽ ഓണവും പടിയിറങ്ങുന്നു
ഓർമ്മകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ!

കമ്പോളം പുതിയ ആഘോഷങ്ങൾക്കായ്‌
പുടവകൾ തുന്നുന്നു രൂപവും ഭാവവും മാറ്റി
ലക്ഷ്യം ലാഭമെന്നതു നിർണ്ണയം ബാക്കി-
യുള്ളതെല്ലാം വ്യാപാരതന്ത്രം നിർമ്മിതം!

കഥയിൽ ചോദ്യമില്ലെന്നത് കുട്ടിത്തമല്ല
നന്മകളിലേക്കുള്ള വീരചരിതങ്ങളിൽ
ശാസ്ത്ര സംഹിതകൾക്കിടം തേടാതെ
ഇടം വലം ഇച്ഛകൾക്കനുസൃതമാവട്ടെ!

കാഴ്ച്ചകൾക്ക് കാവ്യമേയില്ലാത്ത വരും
കാലം കരുത്തുറ്റതാകുമോ, നിർമ്മിത
ചിന്തകൾക്കെങ്ങനെ തുമ്പപ്പൂവിൻ
മണവും ഭംഗിയും ആസ്വാദ്യമാവും !

മധു നമ്പ്യാർ

By ivayana