ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ആർദ്രമാമൊരു വേനൽ മഴയത്ത്
കുഞ്ഞു പൈതലായമ്മ തൻ ചാരത്ത്
നിർത്തലില്ലാത്തൊരാർത്തനാദത്തിനെ
കെട്ടിയിട്ടമ്മയമ്മിഞ്ഞപ്പാലിനാൽ
പിച്ച വച്ചു നടന്നൊരാ നാളുകൾ
നക്ഷത്രങ്ങളോ മിന്നിതെളിയുന്നു
ആനന്ദാശ്രുക്കൾ വന്നു നിറഞ്ഞിട്ടാ
കാഴ്ച മങ്ങിയെന്റച്ഛന്റെ കണ്ണിലായ്
വാത്സല്ല്യധാരകൾ ഉറവ വറ്റാതെ
ഏറ്റുവാങ്ങി ഞാൻ രൂപാന്തരങ്ങളാൽ
ബാല്യകാലത്തിൻ കുഞ്ഞിക്കുറുമ്പുകൾ
കൗമാരത്തിലും നർത്തനമാടുന്നു
വർണ്ണ സ്വപ്നങ്ങൾ ചിറകു വിരിക്കുന്ന
ഭംഗിയേറിടും വാസന്ത രാവുകൾ
ഒന്നുമില്ലായ്മ കുത്തി നോവിച്ചിടീൽ
യഥാർഥ്യങ്ങളാൽ വർണ്ണമില്ലാതെയായ്
സ്നേഹമെന്നൊരു കൊച്ചുകൂടാരത്തിൽ
നൊമ്പരങ്ങളനേകമുണ്ടെങ്കിലും
സ്നേഹമാരിയായ് കൂടപ്പിറപ്പുകൾ
സാന്ത്വനമേകുമച്ഛനുമമ്മയും
യാവ്വനത്തിന്റെ ചിറകടിയൊച്ചകൾ
കാതിനിമ്പമായ് കേട്ടുതുടങ്ങിനാൻ
കാമിനിയുടെ കുപ്പായം തുന്നിയാ
കാലവും കാത്തു നിൽക്കുന്നടുത്തായി
നീലരാവിന്റെ ശോഭനിറച്ചിതാ
പ്രിയതമൻ ചേലോടെ വന്നണഞ്ഞീടുന്നു
കാലമെന്നോ കൊരുത്തോരാ ഹാരത്തിൻ
മുന്നിൽ നമ്രശീർഷയായ് നിൽക്കുന്നു
ഇരു വശങ്ങളിൽ ഒഴുകി വന്നൊറ്റയായ്
സ്നേഹ നദിയായി മാറവേ കൂട്ടിനായ്
നക്ഷത്രക്കണ്ണുള്ള രാജകുമാരിമാർ
എത്തിച്ചേർന്നപ്പോൾ ജീവിതം ധന്യമായി
പൊള്ളിടുന്നൊരാ ജീവിതയാഥാർഥ്യം
മുള്ളു കൊള്ളുന്ന പോലെയുണ്ടെങ്കിലും
തീക്കനലുകളനേകം ചവിട്ടി വന്നെത്തി
നിൽക്കുന്നു യാത്ര തൻ മധ്യത്തിൽ
പിന്നിട്ട വഴികളിലഗ്നിയായിരുന്നെങ്കിലും
മഞ്ഞിൻ കണങ്ങളിടയ്ക്ക് പെയ്തീടുന്നു
തരണം ചെയ്തുവന്നൊരു കഠിന യാത്ര
തൻ അനുഭവങ്ങൾ വെളിച്ചം നൽകീടുന്നു
ഇനിയുമേറെ സഞ്ചാര പാതകൾ
നീളെ നീണ്ടു കിടപ്പുണ്ട് മുന്നിലായ്
അടയാളങ്ങളീഭൂമിയിൽ ബാക്കിവച്ച
കലെ മറഞ്ഞിടും യവനിക പിന്നിലായ്
✍️

By ivayana