ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

സീനിയർ സിറ്റിസൻ ആദർശഭർത്താവിന് (ഇനിമേൽ ആഭ) ദൈവനാമംചൊല്ലി, എന്തെങ്കിലും വായിച്ചും എഴുതിയും ചിന്തിച്ചും, മൂളിപ്പാട്ടുകൾപാടി, ഇടക്കിടെ രണ്ട് സ്മാൾ അടിച്ച്, വീട്ടിന്നുള്ളിൽ ഒതുങ്ങിക്കൂടുന്നതാണ് എന്നുമിഷ്ടം. ഇടയ്ക്ക് മഴയും കാണണം. മിന്നലിടിനാദങ്ങൾ കൂട്ടിനുണ്ടെങ്കിൽ പെർഫെക്റ്റ്.
വാമഭാഗത്തിനാകട്ടെ (ഇനിമേൽ വാഭ – ആളും സീനിയർതന്നെ) നഗരങ്ങളിലൂടെയും ഹിൽ / ബീച്ച് റിസോർട്ടുകളിലൂടെയും ചുറ്റിയടിച്ച് ബാക്കിജീവിതം അടിച്ചുപൊളിക്കണമെന്നതാണ് പരമലക്ഷ്യം. ‘കാശെന്തിനാണ്? സുഖിക്കാനല്ലെ? പിള്ളാരെ കടന്നുപോകാൻ പറ. അവറ്റങ്ങളുടെ കാര്യം അവറ്റതന്നെ നോക്കിക്കോട്ടെ. നമ്മടെ കാര്യം നമ്മളല്ലേ നോക്കിയത്?’
‘അല്ലെൻറമ്മോ, നമ്മളല്ല നോക്കിയത്. എല്ലാം പടച്ചോൻറെ കൃപ’ എന്ന് പറയാൻതോന്നി. പക്ഷേ, നാവുപൊങ്ങിയില്ല. അനാവശ്യസംഭാഷണമരുത്. അസ്സലൊരമ്മയാണവൾ! ഭാരത് മാതാ കീ ജയ്!
മഹത്തായൊരു വിരോധാഭാസദാമ്പത്യം! അല്ലാതെന്തുപറയാൻ?
അങ്ങിനെയിരിക്കുമ്പോഴാണ് അയൽക്കാരൻ അണ്ണാച്ചി തായ് ലൻറ്റ് പോലെ ഖ്യാതിനേടിയ ഉഴിച്ചിൽ രാജ്യങ്ങളിലൂടെ സ്വന്തം സുഹൃത്തുക്കളോടൊപ്പം ഒരു ഇരുപതുദിവസസന്ദർശനത്തിന്ന് പോകാൻ പ്ലാനിടുന്നത്. പരിപാടിയിലെ മുഖ്യയിനങ്ങൾ സ്ട്രിക്റ്റ്ലികോൺഫിഡെൻഷ്യലാകയാൽ, തത്തുക്കപിത്തുക്കനടക്കുന്ന സൽസ്വഭാവവതിയായ സ്വന്തംവാഭയെ കൂടെക്കൊണ്ടുപോകുക അസാദ്ധ്യമാകകാരണം, കരുണാമയനായ ആ ആഭ അവരെ അവരുടെ ഒരിക്കലും ഭേദമാകാത്ത കാൽമുട്ടുവേദനക്ക് ചികിത്സക്കായി ചാവക്കാടുകടൽതീരത്തുള്ള ഒരു ഉഴിച്ചിൽസുഖചികിത്സാകേന്ദ്രത്തിൽ കൊണ്ടുപോയിപാർക്കുചെയ്യുന്നു. ‘ഒഴിഞ്ഞുകിട്ടി ഉപദ്രവം’ എന്ന ആശ്വാസത്തോടെ നിശ്വസിക്കുന്നു.
പക്ഷേ അവിടെത്തുടങ്ങുന്നു ഒറിജിനൽ ആഭതൻദുഃഖം! തീരാത്ത വൻകടൽ ദുഃഖം!
ആ സൽസ്വഭാവവതിക്ക് ചാവക്കാട്ട് മുണ്ടാണ്ടിരുന്ന് ഉഴിച്ചിൽ സുഖമേറ്റാൽ പോരെ? പോരല്ലോ. പെണ്ണല്ലെ, കൊറച്ചൊക്കെ കുശുമ്പുവേണ്ടെ? അതിനാൽ ഉടനടി മൊബൈലിൽ വിളിക്കുന്നു ഒറിജിനൽ വാഭയെ.
ചാവക്കാടാണത്രെ ഭൂവിലെ സ്വർഗ്ഗം. രതിമൂർച്ഛപോലെ സുഖമത്രെ അവിടത്തെ ഉഴിച്ചിൽ.
ഒറിജിനൽ ആഭക്ക് കഷ്ടകാലം തുടങ്ങുന്നു. ഒറിജിനൽ വാഭക്കും ഉടൻ അവിടെയെത്തണം. ഒരുമാസത്തിന് രണ്ടുലക്ഷം ചിലവുവരും.
ആഭയുടെ പ്രേരണക്കും പ്രതിഷേധങ്ങൾക്കും വഴങ്ങി വാഭ ഉഴിച്ചിൽകേന്ദ്രസന്ദർശനം മൂന്നുദിവസത്തിൻറെ സാമ്പിളായി ചുരുക്കുന്നു. ഇന്ത്യൻ രൂപ്പയാ മുപ്പതിനായിരം സ്വാഹാ. അതിൽ ഉഴിച്ചിൽ കാലഘട്ടത്തിൽ ഉഴിച്ചിലില്ലാതെ കൂട്ടിരിക്കുന്ന ഒരു ദരിദ്രവാസിയുടെ വാടകയും ഉപ്പുമെരിവുമില്ലാത്ത ഭക്ഷണവും ഉൾപ്പെടും. ആ ദരിദ്രവാസിയായി ആഭ ഉൾപ്പെടുത്തപ്പെടുന്നു, ചാവക്കാട്ട് വാഭയോടൊപ്പം സ്വയം ഡ്രൈവുചെയ്തുപോയി അവതരിക്കുന്നു.
പണ്ട് ബീഡിതെരച്ചുവിറ്റ് കാശുണ്ടാക്കി ഉഴിച്ചിൽചികിത്സയിലേക്ക് ഇരമ്പിക്കയറിയ ഒരു മുതലാളിയാണ് സുഖചികിത്സാകേന്ദ്രത്തിൻറെ പിതാവ്. ഒന്നിൽമീതെ ചികിത്സാകേന്ദ്രങ്ങളുണ്ട് അദ്ദേഹത്തിൻറെ പേരിൽ. രോഗിക്ക് ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാം.
വാഭ കായൽമദ്ധ്യേയുള്ള ഒരു ദ്വീപചികിത്സാകേന്ദ്രം വാശിയോടെ തിരഞ്ഞെടുക്കുന്നു. പരീക്ഷിത്ത് മഹാരാജാവിനെപ്പോലെ. ദ്വീപിലായാൽ ആഭയ്ക്കുശീലമുള്ള ഡെയ്ലി തണ്ണിയടി നടക്കില്ലല്ലോ എന്ന് ആശ്വസിക്കുന്നു. കായലിലിറങ്ങി നീന്തിക്കരപറ്റി ബെവ്രജസ്സിലെത്താനുള്ള കെൽപ്പൊന്നും എൺപതിനെതൊട്ടുനിൽക്കുന്ന ആഭക്കില്ലെന്നോർത്ത് സമാധാനിക്കുന്നു.
തത്സമയം ആഭ ചികിത്സാകേന്ദ്രത്തിൻറെ ലഘുലേഖ വായിച്ചുഞെട്ടി പരവശനായിരിക്കുകയായിരുന്നു. ലഘുലേഖയിലെ അതിക്രൂരമായ ഒരു നിബന്ധന കേന്ദ്രത്തിൽ മദ്യവസ്തുക്കൾക്ക് തീരെ പ്രവേശനമില്ല എന്നതാണ്. ഹെന്തുചെയ്യാം! ഹന്ത പാഹി മാം പരമേശ്വരാ! എന്ന് കഥകളിനടനമാടിപ്പാടുകയല്ലാതെ.
ചികിത്സാകേന്ദ്രത്തിലേക്കുള്ള വഴികാട്ടാൻ സഹായിയായിവന്ന ഒരു ദൈവദൂതനെ ആഭ തൻറെ വിഷമമറിയുക്കുന്നു. കാര്യം കഷ്ടമാണെങ്കിലും പരിഹാരമുണ്ടാക്കാമോമെന്ന് നോക്കട്ടെ എന്ന് കരുണാമയനായി സഹായി മൊഴിയുന്നു.
അദ്ദേഹം ചോദിക്കുന്നു: ‘ആകെ മൂന്നുദിവസത്തെ കാര്യമല്ലെ? ഒന്നു കൺട്രോൾ ചെയ്തതോടെ, മാഷെ? ഇങ്ങനെ വാശിപിടിക്കാൻ പാങ്ങുണ്ടോ?’
ആഭ: ‘നിങ്ങൾ കോങ്ങാട്ടുകാരനാണോ?’
‘അതെ, എങ്ങനെ മനസ്സിലായി?’
‘വള്ളുവനാടാ, ആ ‘പാങ്ങു’ പ്രയോഗംകൊണ്ടന്നെ’
‘ആളുകൊള്ളാല്ലോ. രസികൻ. അപ്പ സഹായിച്ചേപറ്റൂ. ബാഗിൽ ഭാര്യയുടെ എക്സ്ട്രാ സാരിവല്ലതും ഇരിപ്പുണ്ടോ?’
‘എന്തിനാ?’
‘കുപ്പിയെ സാരിചുറ്റി മണവാട്ടിയാക്കി അന്തപ്പുരത്തിൽ ആരുമറിയാതെ പ്രവേശിപ്പിക്കാൻ’
ആഭ ധൃതിയിൽ ബാഗിൽത്തപ്പുന്നു. കയ്യിൽക്കിട്ടിയ ഒരു ചുരിദാർകമീസിൻറെ കമീസ്ഭാഗം പൊക്കിയെടുത്തു പ്രദർശിപ്പിക്കുന്നു.
ഓ, അതൊക്കെ ധാരാളംമതിയെന്ന് കോങ്ങാടൻ മൊഴിയുന്നു. ശേഷം ആഭയെ ഉപദേശിക്കുന്നു.
‘ഇന്ന് ശനിയാഴ്ചയാണ്. നാളത്തെ ഞായറാഴ്ച്ച വീട്ടിലിരുന്ന് അടിച്ചുപൊളിക്കാനുദ്ദേശിക്കുന്ന സമാധാനപ്രിയരുടെ തിക്കുംതിരക്കുമായിരിക്കും ഇന്ന് ബെവ്രജസ് ഔട്ട്ലെറ്റുകളിൽ. അതോണ്ട് കാശ് കുറച്ചുകൂടുതലായാലും ഏതെങ്കിലും ബാറിൽക്കേറി അവരുടെവിലക്ക് കുപ്പിവാങ്ങുന്നതായിരിക്കും ഉത്തമം.’
‘അവരുടെ വിലകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതാവോ?’
‘ഡബ്ല്’
‘എന്തുകുന്തോം ആയ്ക്കോട്ടെ. എനിക്ക് കുപ്പിവേണം കോങ്ങാടാ’
മിനിറ്റുകൾക്കകം ഒരു ബാറിൽ കമാൻറോവേഗതയിൽ ഇരച്ചുകയറി ഒരു ഫുൾലിറ്റർ കുപ്പിക്കുട്ടിയെയും മാറത്തടുക്കിപ്പിടിച്ച് ഒരു അതിവേഗഅഗ്നിരക്ഷാപ്രവർത്തകനെപ്പോലെ സുസ്മേരവദനനായി തിരിച്ചോടി കാറിൽക്കയറിയിരുന്ന് കുപ്പിയെ കമീസുചുറ്റി മണവാട്ടിയാക്കിമാറ്റി ആഭയുടെ ബാഗിൽ തിരുകിവെക്കുന്നു കോങ്ങാടൻ. ബലേ ഭേഷ്.
കായൽതീരത്ത് കാർ പാർക്കുചെയ്ത് ചികിത്സാകേന്ദ്രത്തിൻറെ ബോട്ടിലേറി പരീക്ഷിത്തിൻറെ ദ്വീപിലെത്തുന്നു ആഭയും വാഭയും കോങ്ങാടനും.
സെറ്റപ്പുകൊള്ളാം. മലയാളിയുടെ ഭാഷയിൽപ്പറഞ്ഞാൽ ‘നല്ല അസ്സൽ ആമ്പിയൻസ്’.
റിസപ്ഷനിൽ ഒരു സുന്ദരി തട്ടമിട്ടിരിക്കുന്നു. സദാ ഗൌരവമുഖി. എന്നാലും മൈക്കണ്ണിയാൾ സുമുഖിതന്നെ. അവളൊന്നു ചിരിച്ചുകണ്ടെങ്കിൽ – ആഭ ആഗ്രഹിക്കുന്നു.
അവളുടെയും മറ്റുചികിത്സാപ്രവർത്തകരുടെയും കണ്ണിൽപ്പെടാതെ മണവാട്ടിയെ ആഭ റൂമിലെത്തിക്കുന്നു. ദാഹാർത്തപരവശനായി കമ്മീസൂരിവലിച്ചൂരിയെറിഞ്ഞ് ഒരു ‘അമ്മ’ സ്ത്രീപീഡകനെപ്പോലെ അവളെ ധ്വംസിക്കുന്നു. ഒരു നിമിഷത്തിൽ അവളുടെ കന്യാത്വം രണ്ടരലാർജ് സ്വാഹാ.
അതുക്കപ്പുറം ആഭ ഗർജ്ജിക്കുന്ന സിംഹമായി ചികിത്സാകേന്ദ്രപരിസരങ്ങളിൽ ഫുൾസ്റ്റീമിൽ ചുറ്റിയടിക്കുന്നു. ചോദ്യങ്ങൾ ചോദിക്കുന്നു. വിവരങ്ങൾ ശേഖരിക്കുന്നു. യോഗാവിഭാഗം,, ഉഴിച്ചിൽപ്പിഴിച്ചിൽ കൊത്തളങ്ങൾ, വിശ്രമമുറികൾ എന്നിവക്കുമുന്നിലൂടെ നടന്ന് അറിയാൻപാടാത്ത ഏതോഭാഷയിലുള്ള സൈൻബോർഡുകൾ അവക്കടിയിലുള്ള ഇംഗ്ലീഷ് വാക്കുകളുടെസഹായത്തോടെ വായിച്ച് കഷ്ടപ്പെട്ടുമനസ്സിലാക്കുന്നു, പിന്നെ പുറത്തെ പ്രകൃതിഭംഗിയും അസ്തമനാകാശചാരുതയും മൊത്തിക്കുടിച്ച് ഉള്ളിലേറിയ മണവാട്ടിയുടെ ലഹരി വർദ്ധിപ്പിക്കുന്നു.
വാഭയാകട്ടെ സുഖചികിത്സയിൽ മുഖ്യമായ ഉഴിച്ചിൽപ്രക്രിയകളിൽ തൽപ്പരയായി ഓടിനടന്ന് അതേപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നു. ഉഴിച്ചിൽവനിതകളുടെയും വിദഗ്ദസംഘങ്ങളുടെയും മൈത്രിയും ഉപദേശങ്ങളും നിർല്ലോഭം വാരിക്കൂട്ടുന്നു. ഒരു പബ്ലിക് റിലേഷൻസ് വിദഗ്ദയാണവൾ, പാവം കുട്ടി!
ചികിത്സാകേന്ദ്രത്തിൽ ആകെ രണ്ടുഭാഷകളിലാണ് എല്ലാ ബോർഡുകളും എന്ന് ആഭ മനസ്സിലാക്കുന്നു. റഷ്യൻ ആൻഡ് ഇംഗ്ലീഷ്. അവരുടെ മുഖ്യ ക്ലയൻറ്റീൽ റഷ്യക്കാരാണത്രെ. അവർ റഷ്യയിൽ ശീതകാലം തുടങ്ങിയോൽ മാത്രമെ ചികിത്സക്ക് വരികയുള്ളു. അതുവരെ അവിടെ തമിഴരുടെയും മറ്റ് ഇന്ത്യൻ അലവലാതികളുടെയും കളിയായിരിക്കും. മലയാളി ദരിദ്രവാസികളായി ആഭയെയും വാഭയെയുമൊഴിച്ച് വേറാരെയും അവിടെ കണ്ടുകിട്ടാനില്ല. മലയാളിക്ക് ഉഴിച്ചിലിൽ താൽപ്പര്യമില്ലേ ആവോ. അവർക്ക് നെല്ലിക്കാക്കൊത്തളംതന്നെ വേണ്ടിയിരിക്കും – ആഭ അഗാധമായി ചിന്തിക്കുന്നു.
തിരിച്ച് റൂമിലേക്ക് മടങ്ങുമ്പോഴും ആഭ ശ്രദ്ധിക്കുന്നു. റിസപ്ഷനിൽ ഒക്കാരുന്തിരുക്കും തട്ടക്കാരി അപ്പോഴും ഗൌരവനടികൈയായിത്തന്നെ മേവുന്നു. ആവൂ, ഇവളൊന്നുചിരിച്ചിരുന്നെങ്കിൽ. ഇത്രയും സൌന്ദര്യത്തിന്ന് ഒരിത്തിരി പുഞ്ചിരിയും ആവാല്ലോ. പിശുക്കുകാണിക്കൊല്ലെ തങ്കമേ.
റുമിലെത്തി മണവാട്ടിക്ക് ഒരു ‘സ്മാൾ’ മുത്തംപോട്ട്, അക്ഷമയായി തന്നെയും കാത്തിരിക്കുന്ന വാഭയോടൊപ്പം, ആഭ ഡൈനിംങ്ങ് ഹാളിലേക്കുനടക്കുന്നു. ഉപ്പുമെരിയുമില്ലാത്ത ഭക്ഷണം വിഴുങ്ങുന്നു. ഉള്ളിൽ വല്ലതും ആദ്യം ചെന്നാൽ പിന്നെ ഭക്ഷണത്തിനൊന്നും പ്രാധാന്യം കല്‍പിക്കാത്ത ഒരു ഭാഗ്യവാനാണ് ആഭ. എന്തെങ്കിലും വിഴുങ്ങണം. അത്രേന്നെ.
റൂമുകളിലും ബെഡ്ഡുകളിലും തോർത്തുകളിലും ഒരുയുഗം കഴുകിയാലും പോകാത്ത ആയുർവേദ എണ്ണകളുടെ മണം. ആഭക്ക് അതൊരു അസൌകര്യമാവുന്നില്ല. കാരണം ഉള്ളിലേറിയ മണവാട്ടിതന്നെ.
അടുത്ത രണ്ടുദിവസങ്ങളിലൂടെ ഒരുലിറ്റർ മണവാട്ടിക്കുപ്പി മുയുമനും സ്വാഹാ. ചികിത്സയും അങ്ങിനെതന്നെ. പിറ്റേന്ന് രാവിലെ നേരത്തേതന്നെ സ്ഥലം കാലിയാക്കണം. ദ്വീപിൽനിന്നും പുറത്ത് കരയിലെത്തിയാൽ കാത്തുനിൽക്കുന്ന ബെവ്രജസ് ഔട്ട് ലെറ്റുകളെയും ബാറുകളെയും ഓർത്ത് ആഭ കോരിത്തരിക്കുന്നു.
വാഭക്കാട്ടെ വീട്ടിലേക്കുതിരിക്കുന്നതിന്നുമുമ്പ് ഗുരൂവായുരപ്പനെ തൊഴണമത്രെ. ആഭക്കും എതിരഭിപ്രായമൊന്നുമില്ല. ഗുരുവായുരിലും ബാറുകളുണ്ടല്ലോ.. നോ പ്രോബ്ലം മാൻ
ചിരിക്കാനറിയാത്ത ഗൌരവനടികൈ റിസപ്ഷനിസ്റ്റിനെ സമീപിച്ച് ബില്ലുസെറ്റിൽചെയ്ത് ആഭ തിരിഞ്ഞുനോക്കുമ്പോഴതാ ചികിത്സാകേന്ദ്രത്തിലെ മുഖ്യലേഡീഡോക്ടറും അവരുടെ ഭർത്താവുമായി സരസമയൊരു സംഭാഷണത്തിലേർപ്പെട്ടുനിൽക്കുകയാണ് പബ്ലിക് റിലേഷനിസ്റ്റ് വാഭ.
ആഭയെച്ചൂണ്ടിക്കാട്ടി വാഭമൊഴിഞ്ഞു
‘മൈ ഹസ്ബൻറ്, മിസ്റ്റർ മേനൻ. ഹീ ഈസ് എ പോയറ്റ്. ബോത്ത് ഇൻ ഇംഗ്ലീഷ് ആൻഡ് മൽയാളം’
ഡോക്ടർ വാപൊളിച്ചുനിൽക്കുന്നു.
‘അപ്പോൾ ഇവിടത്തെ പ്രകൃതിഭംഗിയെല്ലാം ആസ്വദിച്ച് വല്ലതുമൊക്കെ എഴുതിയിട്ടുണ്ടാവണം അല്ലെ?’
ആഭ ക്ഷണത്തിൽ മറുപടികൊടുത്ത് ഡാക്കിട്ടറെ ഞെട്ടിക്കുന്നു:
‘ആദ്യം ഇവിടൊരു ബാർ തുറക്കൂ. മുഖ്യക്ലയൻറ്റീൽ റഷ്യക്കാരാകയാൽ വൊഡ്കമാത്രം സെർവുചെയ്താൽ പോതും. അതിന്നുശേഷം എന്നെ ക്ഷണിക്കൂ. എഴുതിക്കാണിച്ചുതരാം. എത്രവേണമെങ്കിലും.’
പിറകിൽനിന്നൊരു പൊട്ടിച്ചിരി. തട്ടത്തിലെ തത്തമ്മ വീണുവീണുചിരിക്കുന്നു. തട്ടം ഊർന്നുവീണുപോയതറിയാതെ. ഒരസാമാന്യസൌന്ദര്യവിസ്ഫോടനം.
മൂന്നുദിവസത്തെ ആഭയുടെ ബോറടിക്ക് അവസാനമൊരു ദൈവസമ്മാനം.
ഇനി ഗുരുവായൂരപ്പാ രക്ഷിക്കണേ!

രാജേന്ദ്രൻ നായർ

By ivayana