ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

നിങ്ങളെന്തിനാണെന്റെ
വരികളെ കൊടും മഴയത്ത്
നിർത്തിയിരിക്കുന്നത് .
നീതിക്ക് വേണ്ടി പിടയ്ക്കുന്ന
ദാഹങ്ങളെ തീക്കടലിൽ മുക്കി
ഞെരിക്കുമ്പോഴൊക്കെയും
ഓടിയെത്തി കാവൽമാലാഖ
മാരാകുന്ന വാക്കുകളെ
നിങ്ങളെന്തിനാണിത്ര
ഭയക്കുന്നത് .
ചരിത്രപുരുഷന്മാർ
വിയർപ്പ് തുള്ളികൾ കൊണ്ട്
വരച്ച സുവർണ്ണചിത്രങ്ങളിൽ
കുടഞ്ഞ് വീണ
ചോരത്തുള്ളികൾ കഴുകി
തുടച്ച്
പുതുമഴ വരയ്ക്കാൻ
നിനയ്ക്കുമ്പോഴൊക്കെ
ഇടയ്ക്ക് കയറി വന്ന്
ഒന്നിച്ച് പെയ്ത
ആകാശത്തിന്റെ
ചിറകുകളരിയാൻ
നിങ്ങളെന്തിനാണ് വീണ്ടും
കൊലക്കത്തിയെടുക്കുന്നത് .
.
കണ്ണീർതൂവലുകൾ
പറന്ന് നടക്കുന്ന
ഭൂമിയുടെ മടക്കുകളിൽ
വിവേചനത്തിന്റെ തീച്ചുവടുകൾ
നമ്മളിലേക്കിറങ്ങി വരുമ്പോൾ
ചിന്തയുടെ ഭൂപടത്തിൽ വീണ്ടും
തീക്കനൽ ചിറകുകൾ
വാക്കുകളുടെ മഴതൂവൽ തുമ്പ്
പിടിക്കുന്നു .
പോരാട്ടവീര്യത്തിന്റെ
കനൽവഴികളിൽ കവിതയും
ജീവിതവും തിളച്ച് മറിയുമ്പോൾ
അസ്വസ്ഥതയുടെ
വെയിൽപൂക്കൾ ചിതറിവീണ
വഴികളിൽ അസമത്വത്തിന്റെ
നെഞ്ചിലേക്ക് വെടിയുതിർത്ത്
കലാപത്തിന്റെ
കൊടിയുയർത്തിപ്പിടിക്കുന്നു
വാക്കുകൾ .
സത്യത്തിന്റെ
തെളിനീരൊഴുക്കിൽ
വിഷം കുടഞ്ഞിട്ട കപടതയുടെ
മസ്തകം വെട്ടിപ്പൊളിച്ച്
വർത്തമാനകാലത്തിന്റെ ഉള്ളറ
പിളർന്ന് പിറവിയെടുക്കാൻ
കാത്തിരിക്കുന്നുണ്ട് പുതിയൊരു
പ്രവാചക ജന്മം………

ഷാജു. കെ. കടമേരി

By ivayana