രചന : വിനയൻ ✍
ഈറനണിഞ്ഞ മിഴിക്കരികിൽ
ഈ വഴി വരുമോ തിരുവോണം.
നെഞ്ചു തകർന്ന മലഞ്ചെരുവിൽ
പുഞ്ചിരി തരുമോ തിരുവോണം.
അമ്മയലിഞ്ഞയളങ്ങളിലെ
ഓർമ്മ കറുത്ത നിഴൽത്തടവിൽ
മണ്ണു മറച്ച കിനാവുകളിൽ
തെല്ലൊരു കുളിരാമോ … ഓണം.
എത്രയുയിർത്തളിരറ്റതിനാൽ
പൊട്ടിമുളച്ചവരേ നമ്മൾ.
അത്രയകപ്പൊരുളാലല്ലേ
ഞെട്ടി,യവർക്കായൊന്നിച്ചൂ.
കഷ്ടപുരാതനനഷ്ടങ്ങൾ
മണ്ണിലൊളിച്ചചരിത്രങ്ങൾ
ചില്ലുകുടങ്ങളിലില്ലെന്നാൽ
നെഞ്ചു തുരുന്നുതുടിക്കുന്നൂ.
കുത്തിമദിച്ച കടുംമഴയിൽ
കാണമുടഞ്ഞു കരഞ്ഞവരേ
തമ്മിലറിഞ്ഞവരാണിവരും
കണ്ണു നിറച്ചുനടപ്പിവരും
കാണാമുള്ളിലെ വിങ്ങലുകൾ
കാരൊളിവർണ്ണകരിന്തിരകൾ
കണ്ടുകലങ്ങിക്കരളലിവിൻ
കണ്ണീർച്ചുംബനമേകാമോ?
ഇന്നീയോണനിലാവിൽനി-
ന്നിത്തിരി വെട്ടമെടുക്കട്ടേ.
അച്ചിരിവെട്ടത്തിരുവോണം
പുഞ്ചിരിയാകട്ടെന്നെന്നും.
ഉള്ളതിലൊരു പങ്കേകിക്കൊ-
ണ്ടൊരുമയിലോണം കൊള്ളുക നാം.
ഉള്ളു പകുത്തു പതിഞ്ഞോണം
കൊള്ളുക , കൊള്ളുക സോദരരേ .