ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

എന്നേക്കാൾ ഇരുപത്തിയഞ്ച് വയസ്സിലധികം പ്രായവ്യത്യാസം അവനുണ്ടായിരുന്നു,
ഒരു കൂട്ടുകാരിയുടെ മകന്റെ കല്യാണ പന്തലിൽ വെച്ചാണ് ഞാനവനെ ആദ്യമായി കാണുന്നത്,
ആ കല്യാണത്തിനിടക്ക്
അവൻ എന്നെ പല തവണ നോക്കുന്നതു കണ്ടിട്ടായിരുന്നു ഞാനവനെയും ശ്രദ്ധിക്കാൻ തുടങ്ങിയത്,
” ഈ കൊച്ചു പയ്യനെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് ? “
എന്നതായിരുന്നു എന്റെ ആദ്യ ചിന്ത,
അതു കൊണ്ടു തന്നെ ആദ്യമൊന്നും ഞാനത് അത്ര കാര്യമാക്കിയില്ല,
എന്നാൽ സമയം ചെല്ലുന്തോറും ഒരു കൊച്ചു പയ്യന്റെ വെറും നോട്ടമല്ല അതെന്ന് എനിക്കു മനസ്സിലാവാൻ തുടങ്ങി,
എന്നിട്ടും ഞാനതിനു മറ്റ് അർത്ഥതലങ്ങളൊന്നും നൽകാൻ ശ്രമിച്ചില്ല പകരം ചിലപ്പോൾ എന്നെ അറിയാവുന്ന എനിക്ക് പെട്ടന്ന് ഒാർമ്മിച്ചെടുക്കാൻ കഴിയാത്ത ആരെങ്കിലുമായിരിക്കാം എന്നു ചിന്തിക്കാനാണു ഞാൻ ശ്രമിച്ചത് !
അങ്ങിനെയൊക്കെയാണെലും എന്റെ ഒാർമ്മയുടെ താളുകളിൽ എവിടെയെങ്കിലും അങ്ങിനെയൊരു മുഖമുണ്ടോ എന്നു ഞാൻ ചെറുതായി തിരഞ്ഞെങ്കിലും അങ്ങിനെ പരിചിതമുള്ളവരുടെ കൂട്ടത്തിലായി ആ മുഖം തെളിഞ്ഞതുമില്ലാ,
സത്യത്തിൽ ഒരാൾ നമ്മളെ നോക്കുമ്പോൾ ആ സമയം ഒരാവശ്യമില്ലാതെയും നമ്മുടെ മനസ്സാണ് അനാവശ്യമായി അവർ ആരാണെന്ന ചിന്തയിൽ കാടു കയറി സഞ്ചരിക്കാൻ തുടങ്ങുന്നത് !
ഇവിടെയും അതു തന്നെയാണ് സംഭവിച്ചത് !
സമയം കൂടുന്തോറും എന്തുദ്ദേശത്തിലായിരിക്കും അവൻ എന്നെ നോക്കുന്നത് എന്നറിയാനുള്ള ത്വര എന്നിലും കൂടുതലായി പൊട്ടിപുറപ്പെട്ടു,
എന്നാലത് എവിടെയും എത്തിയതുമില്ല,
ഭക്ഷണം കഴിക്കാനിരുന്നപ്പോഴും കൃത്യമായി അവൻ എന്റെ മുന്നിൽ തന്നെ വന്നിരുന്നു,
ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴും അവന്റെ നോട്ടം മുഴുവൻ എന്റെ നേരെ തന്നെയായിരുന്നു,
ആദ്യമെല്ലാം അവന്റെ നോട്ടത്തിൽ ചില നീരസങ്ങൾ തോന്നിയെങ്കിലും കുറച്ചു കഴിഞ്ഞതോടെ ഞാനും ചെറുതായി അതാസ്വദിക്കാൻ തുടങ്ങി,
അവനെന്തിങ്കിലും എന്നോടു പറയാൻ ശ്രമിക്കുന്നുണ്ടോ എന്നറിയാൻ ഞാൻ ഇടക്കിടെ അവനെ നോക്കിയെങ്കിലും അത്തരത്തിലൊന്നും തന്നെ അവന്റെ മുഖത്തു നിന്നും തിരിച്ചറിയാൻ എനിക്കു സാധിച്ചില്ല, എന്നാൽ കൃത്യമായി എന്നെ തന്നെ ലക്ഷ്യം വെക്കുന്നവയായിരുന്നു അവന്റെ ഒരോ നോട്ടവും !
ഒന്നുകിൽ പ്രേമം അതല്ലെങ്കിൽ കാമം !
മുന്നേയും പലരുടെയും ഇത്തരം നോട്ടങ്ങളിലൂടെ എനിക്കത് മനസ്സിലായിട്ടുണ്ട്,
എന്നാലിവിടെ അൻപതു വയസ്സു കഴിഞ്ഞ, കാഴ്ച്ചയിൽ തന്നെ പ്രായം വിളിച്ചറിയിക്കും വിധം മുടി മുഴുവൻ നരച്ച, പ്രായം അതിന്റെ നേർച്ചിത്രങ്ങൾ പലതും മുഖത്തും ശരീരഭാഗങ്ങളിലും വരക്കാൻ തുടങ്ങിയ എന്നെ പോലെ ഒരാളോട് അവനെ പോലെ ചെറുപ്പമായ ഒരാൾക്ക് അങ്ങിനെ തോന്നുമോ എന്ന സംശയം എന്നിലും ചെറിയ തോതിൽ ആശയക്കുഴപ്പം ഉണ്ടാക്കി,
പ്രേമമായിരിക്കാനുള്ള സാധ്യത തീരേ കുറവാണെന്ന് എനിക്കാദ്യമേ തോന്നി,
അങ്ങിനെയെങ്കിൽ പിന്നെ കാമം തന്നെയായിരിക്കാമോ എന്നായി സംശയം അപ്പോഴും അവന്റെയും എന്റെയും പ്രായം തമ്മിലുള്ള വ്യത്യാസം അതുറപ്പിക്കാനും എനിക്കു സാധിച്ചില്ല,
ഇത്തരം ചിന്തകളിലൂടെയൊക്കെ കടന്നു പോയെങ്കിലും ഭക്ഷണശേഷം കൈകഴുകാൻ പോയപ്പോൾ ഞാൻ അവിടെയുള്ള കണ്ണാടിയിൽ ഒന്നു നോക്കി, കണ്ണുകൾ കണ്ണാടിക്കു നേരെ വിടർന്നപ്പോൾ കുറച്ചു കൂടുതൽ തെളിച്ചത്തോടെ ഞാനെന്റെ മുഖം കണ്ടു, കണ്ണുകൾക്കു മാത്രമാണ് തിളക്കമുണ്ടായിരുന്നത് മറ്റെല്ലാം നിറം മങ്ങിയിരുന്നു,
എന്നാൽ ആ സമയം ഒരു മിഥ്യ പോലെ ഒരിക്കൽ എല്ലാ തിളക്കങ്ങളും കൈമുതലായുണ്ടായിരുന്ന എന്റെ പഴയ യുവത്വം തുളുമ്പുന്ന ഛായാച്ചിത്രം ആ കണ്ണാടിയിലൂടെ കടന്നു പോയി,
ആ സമയം വെറുതെയെങ്കിലും വീണ്ടും ഒരിക്കൽ കൂടി ആ പഴയ ഞാനാവാൻ എനിക്കു സാധിച്ചിരുന്നെങ്കിൽ എന്നെനിക്കു തോന്നി അവന്റെ നോട്ടങ്ങൾ എനിക്കു സമ്മാനിച്ച ആദ്യ സന്തോഷം അതായിരുന്നു,
അവിടെയും യാഥാർത്ഥ്യം ഉൾമനസ്സിനോടു ചേർന്ന് എഴുന്നേറ്റു നിന്നു കൊണ്ട് എന്നോടു ചോദിച്ചു,
പ്രായമായില്ലെ ?
ഇനിയെന്ത് പ്രേമം ?
എന്തു കാമം ?
അതോടെ ഞാൻ വീണ്ടും നിലവിലെ പഴയ വൈഷ്ണവി തന്നെയായി !
ഭക്ഷണശേഷം അവിടുന്ന് തിരിച്ചു പോകാനായി കല്യാണഹാളിനു പുറത്തു വന്നതും പുറത്ത് എന്റെ കാറിനു തൊട്ടടുത്തായി ഞാൻ വരുന്നതും നോക്കി അവനും നിൽക്കുന്നുണ്ടായിരുന്നു,
അവനെ അവിടെ കണ്ടതും എനിക്കു ചെറിയൊരു പേടി തോന്നി അവനെങ്ങാനും പരിസരബോധമില്ലാതെ കേറി വന്നു നേരിട്ട് എന്നോടെങ്ങാനും സംസാരിക്കുമോ എന്ന്,
എന്നാൽ എന്റെ നോട്ടം അവനിൽ പതിഞ്ഞതും കൈയ്യിൽ ചുരുട്ടി പിടിച്ചിരുന്ന ടിഷു പേപ്പർ കാറിന്റെ ഡോർ ഹാന്റിലിൽ തിരുകി വെച്ച് അവനവിടം വിട്ടു പോയി,
അവൻ പോയതും ഞാൻ കാറിനടുത്തേക്കു ചെന്നു അപ്പോഴും അതെടുക്കണോ വേണ്ടയോ എന്ന രണ്ടു മനസ്സായിരുന്നു,
എന്നിട്ടും എന്തോ ധൈര്യത്തിൽ അതെടുത്തു കൈയ്യിൽ പിടിച്ചാണ് കാറിൽ കയറിയത്, കാർ കുറച്ചു ദൂരം മുന്നോട്ടു കൊണ്ടു പോയി നിർത്തിയ ശേഷമാണ് ആ കടലാസ് നിവർത്തി നോക്കിയത് അതിലൊരു നമ്പർ മാത്രമാണുണ്ടായിരുന്നത് തുടർന്ന് വീടെത്തും വരെ അവിടെ നടന്നതെല്ലാം തന്നെയായിരുന്നു മനസ്സിൽ,
മാത്രമല്ല വീടെത്തുന്നതിനുള്ളിൽ നാലു പ്രാവശ്യമെങ്കിലും ഞാൻ പിന്നെയും പിന്നെയും കാറു നിർത്തി എന്റെ മുഖം കണ്ണാടി നോക്കിയിരുന്നു,
രാത്രിയും കാര്യങ്ങൾ ഏതാണ്ട് ഇതേ പോലെ തന്നെയായിരുന്നു,
ഒരക്ഷരം പോലും അവൻ പറഞ്ഞില്ലെങ്കിലും എന്റെ മനസ്സിൽ പല പല കാര്യങ്ങളും കയറിയിറങ്ങി പോയി കൊണ്ടേയിരുന്നു,
അതോടൊപ്പം ഉള്ളിലുള്ള എല്ലാ തരം സ്നേഹത്തിലേക്കും ഞാനത് കടത്തി വിട്ടു എന്നിട്ടും അവസാനം എന്റെ മനസ്സു ചെന്നു നിന്നത് ഞാൻ ഈ പ്രായത്തിൽ അങ്ങിനെയൊക്കെ ചിന്തിക്കാമോ എന്ന ചിന്തയിലാണ് !
നല്ലതു പലതും ചിന്തിക്കാനുണ്ടെങ്കിലും മനസ്സു കറങ്ങി തിരിഞ്ഞ് അവസാനം ആ ചിന്തയിൽ തന്നെ കൃത്യമായി ചെന്നു നിൽക്കുന്നതെന്താണെന്നും എനിക്കു മനസ്സിലായില്ല,
ഞാൻ ഇങ്ങനെ പലതും ചുമ്മാ സ്വയം ആലോജിച്ചു കൂട്ടുകയും പ്രായം കുറവുള്ള ഒരാളായി മാറാൻ സ്വയം ശ്രമിക്കുകയുമായിരുന്നു എന്നല്ലാതെ അവനെ വിളിക്കാനോ സംസാരിക്കാനോ ഒന്നും ആഗ്രഹിച്ചില്ല,
ദിവസങ്ങൾ പിന്നെയും കടന്നു പോയി,
ഒരു ദിവസം മാസാമാസമുള്ള ഹെൽത്ത് ചെക്കിങ്ങിന്റെ ഭാഗമായി ഡോക്ടർ ഐനിമ മാഡത്തിനെ കാണാൻ പോയപ്പോൾ ഡോക്ടർ എന്തോ അത്യാവശ്യമായി പുറത്തു പോയതാണെന്നും വരാൻ രണ്ടു മണിക്കൂറെങ്കിലും ആവും എന്നും അറിഞ്ഞതോടെ ഞാൻ തിരിച്ചിറങ്ങി,
കാറിൽ വന്നു കയറി ചാവി എടുക്കാനായി ബാഗിൽ കൈയ്യിട്ടതും ചാവിയോടൊപ്പം ബാഗിലുണ്ടായിരുന്ന ഒരു ടിഷ്യൂ പേപ്പറും കൂടി പുറത്തു വന്നു ആ ടിഷ്യൂ പേപ്പർ കണ്ടപ്പോൾ പെട്ടന്നവന്റെ ഒാർമ്മയാണു എന്നിലേക്കു കടന്നു വന്നത്,
അവൻ നമ്പറെഴുതി തന്ന ടിഷ്യൂ പേപ്പർ ഞാൻ അന്നേ കളഞ്ഞെങ്കിലും ഒരു കൗതുകത്തിന്റെ പുറത്ത് അതിന്റെ ഒരു ഫോട്ടോ ഞാൻ അന്നു മൊബൈലിൽ എടുത്തു വെച്ചിരുന്നു,
ആ സമയം പെട്ടന്നൊരു കൗതുകം ചുമ്മാ ആ നമ്പറിലേക്കൊന്നു വിളിച്ചാലോയെന്ന് ?
അങ്ങിനെയാണ് അവനെ ആദ്യമായി വിളിക്കുന്നത്, രണ്ടാമത്തെ റിങ്ങിൽ തന്നെ ഫോൺ കണക്ക്റ്റായി, വെറും ഒരു ഹലോയിൽ തുടങ്ങിയ സംസാരം രണ്ടു മണിക്കൂർ നീണ്ടു പോയത് ഞാൻ പോലും അറിഞ്ഞില്ല,
ഡോക്ടറുടെ കാർ കടന്നു വരുന്നതു കണ്ടപ്പോഴാണ് ആ സംസാരം അവസാനിച്ചത് !
ആദ്യ സംസാരത്തിൽ നിന്നു തന്നെ ഇതു മുന്നോട്ടു പോയാൽ അവിഹിതമായി മാറുമെന്ന് എനിക്കുറപ്പായിരുന്നു,
കാരണം സംസാരം തുടങ്ങി ഇരുപതു മിനിട്ടോള്ളം കഴിഞ്ഞപ്പോൾ തന്നെ “എന്തിനാണ് നീ എനിക്കു നമ്പർ തന്നത് ” എന്ന എന്റെ ചോദ്യത്തിന് ആദ്യദർശനത്തിൽ അനുരാഗം തോന്നാമെങ്കിൽ “കാമവും” തോന്നിക്കൂടെ ? എന്ന മറു ചോദ്യമായിരുന്നു അവന്റെ ഉത്തരം !
ഒരു നിമിഷം അതൊരു ഷോക്കായി തോന്നിയെങ്കിലും അടുത്ത നിമിഷം തന്നെ മാറുകയും ചെയ്തു,
അങ്ങിനെ ഒരുത്തരം അവൻ തന്നിട്ടും പിന്നേയും ആ സംസാരം മുന്നോട്ടു പോയത് അതേ സമയം മറ്റൊരു ചിന്ത എന്റെ മനസ്സിലേക്കു കടന്നു വന്നതു കൊണ്ടാണ്,
തമ്മിൽ കാണുന്ന സമയം പലർക്കും ഇത്തരം കാര്യങ്ങളിൽ പരസ്പരം ഒരേ താൽപ്പര്യം തോന്നുകയും നോട്ടങ്ങളിലൂടെ അവരതു പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്
എന്നാൽ ഭയമോ പേടിയോ മൂലം പിന്നീടങ്ങോട്ട് ആ തോന്നലുകളെ കൂട്ടിയിണക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ ഒള്ള ഒരു ധൈര്യമില്ലാതെ മിക്കപ്പോഴും ആ താൽപ്പര്യങ്ങൾ എല്ലാം തുടങ്ങിയ ഇടത്തു തന്നെ വെറും പാഴ്നോട്ടങ്ങൾ മാത്രമായി അവസാനിക്കുമ്പോൾ,
അവൻ അവന്റെ താൽപ്പര്യം ഫോണിലൂടെയാണെങ്കിലും നേരിട്ടു പറയാൻ ധൈര്യം കാണിച്ചു എന്നതാണു !
മറ്റുള്ളവർ ഭയം കൊണ്ടു തുറന്നു പറയാൻ മടിക്കുന്നൊരു കാര്യം ചെയ്യാൻ ഒരാൾ ധൈര്യപ്പെടുമ്പോൾ അവരോടു തോന്നുന്നൊരു ഇഷ്ടമുണ്ടല്ലൊ ആ ഇഷ്ടം ഇവിടെ അവനെ തുണച്ചു എന്നു മാത്രം !
അവനങ്ങിനെ ഒക്കെ പറഞ്ഞെങ്കിലും ഞാനതത്ര കാര്യമാക്കിയില്ല അവിടെയും എന്നെ സംബന്ധിച്ച് അവന്റെ ഒാഫർ വേണമെങ്കിൽ എടുത്താൽ മതിയല്ലോ ?
ഡോക്ടറെ കാണേണ്ട ആവശ്യം കഴിഞ്ഞതും ഒരു സംശയനിവാരണം എന്ന രീതിയിൽ ഞാൻ ഡോക്ടർ മാഡത്തിനോടു ചോദിച്ചു
“എന്റെ പ്രായത്തിലുള്ള ഒരാൾക്ക് മറ്റൊരാളുമായി ഒരു രഹസ്യബന്ധമുണ്ടാവുന്നതിൽ തെറ്റുണ്ടോയെന്ന് ?
അതിനു ഡോക്ടറുടെ മറുപടി,
ഇപ്പോൾ ഇങ്ങനെ ഈ ഒരു ചോദ്യം ഉണ്ടാവാനുള്ള കാരണം തന്നെ ആ ചോദ്യം ഉന്നയിച്ച ആൾക്ക് അതിൽ താൽപ്പര്യം ഉണ്ടായതു കൊണ്ടാണ്,
താൽപ്പര്യമില്ലാത്ത ഒരു കാര്യത്തിന്റെ ഉത്തരം അറിയാൻ ആർക്കാണു താൽപ്പര്യം ?
ഡോക്ടറങ്ങിനെ പറഞ്ഞെങ്കിലും എന്റെ മുഖഭാവം കണ്ട് ഞാൻ ആ ഉത്തരം കൊണ്ടു മാത്രം തൃപ്തയല്ലായെന്നു മനസിലാക്കിയിട്ടാവണം ഡോക്ടർ മാഡം പിന്നെയും എന്നോടു പറഞ്ഞു,
ഈ കാര്യത്തിൽ അങ്ങിനെ തെറ്റും ശരിയും ഒന്നുമില്ല സാഹചര്യവും, സന്ദർഭവും, ആവശ്യങ്ങളും അനുസരിച്ച് നമ്മുടെ ശരികളിലൂടെ നമ്മൾ മുന്നോട്ടു പോകുക എന്നെയുള്ളൂ,
സാഹചര്യത്തിനനുസരിച്ച് നമ്മുടെ ശരിയും തെറ്റും മറ്റുള്ളവർക്ക് മറ്റൊരു തരത്തിൽ ആവും അനുഭവപെടുക,
നമ്മളെ കൊല്ലാൻ ഒരാൾ ശ്രമിക്കുകയും അയാളെ കൊന്നാൽ മാത്രമേ നമ്മൾ രക്ഷപ്പെടു എന്നൊരു ഘട്ടത്തിൽ നമ്മൾ അതു ചെയ്താൽ നമ്മൾക്കതു ശരിയാവുമ്പോൾ സമൂഹത്തിനതു തെറ്റായി മാറുന്നതു പോലെ !
ഒരാളുടെ ഹൃദയത്തിൽ ഇത്തരത്തിൽ ഒരാഗ്രഹം വീണു കഴിഞ്ഞാൽ അതായി തീരാതെ അതു നമ്മളെ പൂർണ്ണമായും വിട്ടു പോകില്ല,
നമ്മുടെ ആഗ്രഹങ്ങൾക്ക് എപ്പോഴും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുമെന്നതു ശരി തന്നെയാണ്,
ഒപ്പം ചില ആഗ്രഹങ്ങളും മനസ്സിനകത്തു അങ്ങിനെ തന്നെ കുടിയിരിക്കും എന്നാൽ ഇത്തരം ആഗ്രഹങ്ങളുടെ ഒരു പ്രത്യേകത അവ നമ്മളെ ശല്യപ്പെടുത്തുകയോ അങ്ങിനെ ഒരാഗ്രഹം ഉള്ളിലുണ്ടെന്ന് നമ്മളേ അറിയിക്കുകയോ ഒന്നും ചെയ്യുകയില്ല എന്നതാണ്,
എന്നാൽ ആ ആഗ്രഹവുമായി കൂട്ടിയിണക്കാൻ സാധിക്കുന്ന അവസരങ്ങൾ ഉണ്ടാവുമ്പോൾ അതിന്റെ ഏറ്റവും തീവ്രതയോടെ അതു പതിയേ പുറത്തുവരും,
സാഹചര്യം പൂർണ്ണമായും വിശ്വാസയോഗ്യമാണെങ്കിൽ അതായി തീരുന്നതിനും വിശ്വാസയോഗ്യമല്ലെങ്കിൽ അവ പിന്നെയും മടങ്ങി പോകും എന്നു മാത്രം !
സ്നേഹം പോലെ തന്നെയാണ് കാമവും വളരെ കുറച്ചു മതി തൃപ്തിപ്പെടാനെന്നൊക്കെ പലരും വലിയ വായിൽ വിളിച്ചു പറയും പലർക്കും അങ്ങിനെയുള്ള തോന്നലുകളും ഉണ്ടാവും പക്ഷേ കിട്ടി തുടങ്ങുമ്പോൾ കിട്ടിയതൊന്നും പോരാതെ വരുന്നവരാണ് കൂടുതലും !
പിന്നെ ഈയൊരു പ്രായത്തിൽ നിർബന്ധമായും വേണമെന്നു തോന്നുന്ന ഏതൊരാഗ്രഹവും ഇത്രയും കാലത്തെ നിങ്ങളുടെ അനുഭവസമ്പത്തിന്റെയും ഒപ്പം നിങ്ങളുടെ നിലവിലെ എല്ലാ പരിമിതികളെയും ഉൾക്കൊണ്ടു കൊണ്ടും തന്നെ കടന്നു വരുന്നവയാണ്,
അതു ഉപയോഗപ്പെടുത്തണോ എന്നുള്ളത് നിങ്ങളുടെ ഇഷ്ടമാണ് എന്നു പറഞ്ഞു ഡോക്ടർ അതവസാനിപ്പിച്ചു,
വീട്ടിലെത്തിയും എന്റെയുള്ളിൽ അതേ ചിന്തകൾ തന്നെയായിരുന്നു,
ഭർത്താവിന്റെ മരണ ശേഷം കഴിഞ്ഞ പതിന്നൊന്നു വർഷമായി വിട്ടുപോയ കണ്ണികളെ പിന്നെയും കൂട്ടിച്ചേർക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നതു കൊണ്ടു തന്നെ ഇതു വേണമോ” എന്നൊരു ചിന്തയായിരുന്നു മനസ്സു നിറയേ,
എന്നാൽ എനിക്കു മനസിലായ ഒരു പ്രധാന കാര്യം ഈ കാര്യത്തിൽ നമ്മുടെ പ്രധാന ശത്രു അതിനെക്കുറിച്ചുള്ള നമ്മുടെ അറിവും അനുഭവവുമാണെന്നുള്ളതാണ് !
ആ അനുഭവം തന്നെയാണ് അതേ കാര്യങ്ങളെ കൂട്ടിയിണക്കാൻ നമ്മേ പിന്നെയും പ്രേരിപ്പിക്കുന്നതും !
അതു തന്നെ ഇവിടെയും സംഭവിച്ചു.
ആ രാത്രി ഒരുപാടു ആലോചനക്കു ശേഷം ഇനിയൊരിക്കലും ജീവിതത്തിൽ ചിലപ്പോൾ അങ്ങിനെ ഒരവസരം ഉണ്ടായില്ലെങ്കിലോ എന്നു കരുതി മരണത്തിനു മുന്നേ അവസാനമായി ഒരിക്കൽ കൂടി ആ ലഹരി നുണയാമെന്ന് ഞാനും തീരുമാനിച്ചു,
പിന്നീട് സംസാരത്തിലൂടെ അവനെ അറിയാൻ ശ്രമിച്ചു,
പകുതിയിലധികം പ്രായ വ്യത്യാസം ഉണ്ടായിരുന്നിട്ടും ഇങ്ങനെ ഒരു താൽപ്പര്യം തോന്നാനുള്ള കാരണം ചോദിച്ചപ്പോൾ അവൻ പറഞ്ഞു,
” പ്രായം കൊണ്ട് വികൃതരാവുന്നവരും കൗതുകമാകുന്നവരും ഉണ്ടെന്ന് ” !
എന്നിട്ടും തമാശയോടെ ഞാനവനോടു പറഞ്ഞു,
നിന്റെ കൂട്ടുകാർ ആരെങ്കിലും നമ്മളെ ഒന്നിച്ചു കണ്ടാൽ അവർ ചോദിക്കും ഈ കണ്ട വണ്ടികളത്രയും മുന്നിലുണ്ടായിട്ട് നാഷ്ണൽ പെർമിറ്റ് ലോറിയിലാണോ നീ ടൂർ പോകുന്നതെന്ന് ?
അതിനവൻ പറഞ്ഞു,
നെയ്യെത്ര കൂടിയാലും അപ്പം കേടാവില്ലാന്ന് അവർക്കറിയില്ലാല്ലോന്ന് “
ആ തമാശ എന്നെയും ഒരുപാട് ചിരിപ്പിച്ചു,
സംസാരത്തിനിടയിൽ ഒരു ദിവസം ,
” മുൻക്കാല ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ജീവിതത്തിൽ ഇനി കാര്യമായിട്ടൊന്നും ചെയ്യാനില്ലെന്ന് സ്വയം വിധിയെഴുതിയാൽ അതു ഈ ജീവിതത്തിന്റെ തന്നെ ഒരവസാനമായി എളുപ്പം മാറും “
എന്നവൻ പറഞ്ഞത് എന്റെ ശരീരത്തിന്റെ എല്ലാ തന്മാത്രകളിലും ഒരുപോലെ ആഴ്ന്നിറങ്ങി.
അതുപോലെ ” അയ്യേ വൃത്തികേട് ” എന്നു പലരും പരസ്യമായി പറയുന്ന പല കാര്യങ്ങളും രഹസ്യമായി പലരുടെയും ഇഷ്ട വിനോദങ്ങളാണ്, എന്നവൻ പറഞ്ഞതിലും ചില സത്യങ്ങളുണ്ടെന്നു എനിക്കും ബോധ്യമായ കാര്യമായിരുന്നു.
അങ്ങിനെ കുറച്ചു നാൾ അവനുമായി സംസാരിച്ച് ഒരു വിശ്വാസമൊക്കെ തോന്നിയ ശേഷമായിരുന്നു ഞാൻ അവനോടൊപ്പം പോകാൻ തീരുമാനിച്ചത് !
അങ്ങിനെ ഞങ്ങൾ നാട്ടിൽ നിന്നു കുറച്ചു ദൂരം മാറി നല്ലൊരു ഹോട്ടലിൽ തന്നെ മുറിയെടുത്തു,
അവിടം വരെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല
എന്നാൽ മുറിയിലെത്തി വാതിലടച്ചതും തീരുമാനിച്ചതിൽ നിന്നും ചില മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി,
പറഞ്ഞുറപ്പിച്ചിരുന്ന കാര്യങ്ങൾക്കു നേർ വിവരീതമായി ചിലതു സംഭവിക്കാൻ തുടങ്ങി,
കാര്യങ്ങൾ കൈയ്യെത്തും ദൂരത്തു എത്തിപ്പെട്ടെങ്കിലും ഉള്ളിൽ അതുവരെ ഉറങ്ങി കിടന്ന തെറ്റും ശരിയുമെല്ലാം എന്റെയുള്ളിൽ നിന്നും പുറത്തു വരാൻ തുടങ്ങി,
ഞാൻ മറ്റൊരാളുടടെ ഭാര്യയാണെന്നും ഒരമ്മയാണെന്നുമൊക്കെയുള്ള തിരിച്ചറിവിലും ബോധത്തിലും “ഇതൊന്നും ശരിയാവില്ല,
ഇങ്ങനൊന്നും വേണ്ട,
എനിക്കു ഉടൻ തിരിച്ചു പോണം” എന്നു ഞാനവനോടു പറഞ്ഞു,
പക്ഷേ അവനതു കേൾക്കാൻ തയ്യാറാവുകയോ മൈന്റു ചെയ്യുകയോ പോലും ചെയ്തില്ല,
ആ സമയം അവൻ എന്നെ എങ്ങിനെയെങ്കിലും അവന്റെ വരുതിയിലാക്കാനുള്ള ചിന്തയിലായിരുന്നു,
ഞാനാകെ അസ്വസ്ഥയായി,
അതൊന്നും വക വെക്കാതെ എന്നെ തൊടാനും പിടിക്കാനും ശ്രമിച്ച അവന്റെ കൈ നിഷ്ക്കരണം ഞാൻ തട്ടി മാറ്റി ഇതൊന്നും ശരിയാവില്ലാന്നും വേണ്ടായെന്നും ഞാൻ തീർത്തു പറഞ്ഞ് അവനെ പിടിച്ചു തള്ളി,
അതു കൊണ്ടൊന്നും അവൻ പിന്മാറാൻ തയ്യാറായില്ല, എന്റെ വാക്കുകളൊന്നും തന്നെ അവൻ ചെവി കൊണ്ടില്ല, അവനെന്നെ കടന്നു പിടിക്കുകയും ബലമായി കീഴ്പ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുമ്പോഴും ഞാൻ ചെറുത്തു നിൽക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു,
എന്നാൽ അവന്റെ കൈക്കരുത്തിനു മുന്നിൽ അധികനേരം പിടിച്ചു നിൽക്കാൻ എനിക്കായില്ല,
അവസാനം എന്നെ കീഴടക്കി കൊണ്ട് എന്റെ മേൽ അവന്റെ പരാക്രമം തന്നെ വിജയിച്ചു.
അതു കഴിഞ്ഞ് കുറച്ചു ദിവസത്തേക്ക് അവനൊന്നും ആവശ്യപ്പെട്ടില്ല എന്നാലൊരു മൂന്നു ആഴ്ച്ചക്കു ശേഷം അവൻ വീണ്ടും വിളിച്ച് പഴയ പോലെ ഒന്നു കൂടി തമ്മിൽ കണ്ടാലോ ? ” എന്നു ചോദിച്ചപ്പോൾ “മരണത്തിനു മുന്നേ ഒരിക്കൽ കൂടി മാത്രം “എന്ന എന്റെയുള്ളിലെ ചിന്തയെല്ലാം ഞാൻ മനപ്പൂർവ്വം മറന്നു കൊണ്ട് അവനാവശ്യപ്പെട്ട പ്രകാരം തമ്മിൽ കാണാമെന്നു അപ്പോൾ തന്നെ ഞാനും അവനോടു സമ്മതം പറഞ്ഞു,
കഴിഞ്ഞ ആറുമാസമായി ഇതിപ്പോ ഒരു തുടർക്കഥയായി തുടരുകയും ചെയ്യുന്നു,
അന്ന് എന്റെതായ എല്ലാ എതിർപ്പുകളെയും മറി കടന്ന് അവൻ എന്നോടങ്ങിനെയൊക്കെ ചെയ്തിട്ടും എന്തു കൊണ്ടു വീണ്ടും ഞാനവനുമായി ഇതിനു സമ്മതിച്ചു എന്നു ചോദിച്ചാൽ അതിനൊരുത്തരമേയുള്ളൂ,
” നമ്മളെ പൂർണ്ണമായ തോതിൽ നമ്മൾ ആരാണെന്നും, എന്താണെന്നും, എങ്ങിനെയുള്ളവരാണെന്നും സ്വയം തിരിച്ചറിയാനും മനസ്സിലാക്കാനും നമ്മൾക്ക് സാധിക്കുക എന്നത് ” !
അന്നവനുമായി ഹോട്ടൽ മുറിയിൽ ഒത്തു ചേരാൻ തീരുമാനിച്ചപ്പോൾ തന്നെ ഞാനവനോടു പറഞ്ഞിരുന്നു,
കാര്യത്തോടടുക്കുമ്പോൾ അന്നവിടെ ഹോട്ടൽ മുറിയിൽ സംഭവിച്ചതു പോലെ ഉള്ളിലുറങ്ങി കിടക്കുന്ന ഈ ചെയ്യുന്നതെല്ലാം തെറ്റാണോ ? അതുപോലെ ഞാൻ മറ്റൊരാളുടെ ഭാര്യയാണെന്നും മറ്റുമുള്ള പല പല ചിന്തകളും എന്റെയുള്ളിൽ നിന്നും പുറത്തു ചാടുമെന്നും,
ഞാൻ എന്താഗ്രഹിച്ചു നിന്റെ കൂടെ വന്നുവോ അതിനെയൊക്കെ മറന്നു കൊണ്ട് ഞാൻ തന്നെ നിന്നെ തടയാൻ ശ്രമിക്കുന്ന ഒരു പ്രവണത എന്നിൽ നിന്നു പുറത്തു വന്നേക്കാനുള്ള ഒരു സാധ്യതയുണ്ടെന്നും,
അങ്ങിനെ സംഭവിച്ചാൽ എന്റെ ഭാഗത്തു നിന്നുള്ള ഏതു തരം എതിർപ്പുകളെയും വകവെക്കാതെ നമ്മൾ എന്തിനു അവിടെ എത്തിപ്പെട്ടുവോ അതു നിർബന്ധമായും സംഭവിച്ചിരിക്കണമെന്നും ഞാനവനെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു !!
കാലാക്കാലങ്ങളായി
എന്തിലും ഏതിലും ഭയത്തോടെ മാത്രം എന്നെ പിന്തുടരുന്ന എന്റെ ഉൾപ്രേരണകൾ അവിടെയും എന്നെ നിയന്ത്രിക്കുമെന്നും പിന്നോട്ടു വലിക്കുമെന്നും എനിക്കുറപ്പായിരുന്നതു കൊണ്ട് ‘ഒരു മുഴം മുന്നേയെറിയുക’ എന്നൊക്കെ പറയും പോലെ കാര്യങ്ങളെ ഞാൻ വേറൊരു രീതിയിൽ ചിന്തിച്ചു എന്നു മാത്രം..!!!

പ്രതീഷ്

By ivayana