ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഉരുകിത്തിളയ്ക്കുന്ന മരുഭൂമിയുടെ
നടുവിലായിരുന്നു അന്നൊരിക്കൽ
അവളെന്നെ ഉപേക്ഷിച്ചത്!
അവൾ പോയപിറകെ
മണൽക്കാറ്റെൻ്റെ
രക്തത്തിലേക്ക്
പടർന്നുകയറുകയും
എൻ്റെ നിശബ്ദതയ്ക്ക്
മുകളിലൊരു
പുതപ്പ് വിരിക്കുകയും
ചെയ്തിരുന്നു.
കരിമ്പുലിയുടൽത്തിളക്കമാർന്ന രാത്രികളിൽ
അവൾ പറഞ്ഞുകൂട്ടിയ
കഥകളെല്ലാം
ഗ്രഹിച്ചെടുക്കാനാവാത്ത
അപരിചിതമായൊരു
ഭാഷയിലേക്ക് വിവർത്തനം
ചെയ്യപ്പെട്ടു പോയിരുന്നു.
അകംനിറഞ്ഞ് പടർന്ന
പ്രണയത്തിന്റെ മധുരം
മുലക്കണ്ണുകളിലൂടെ
സ്രവിപ്പിച്ചിരുന്ന അവളുടെ
മാറിടങ്ങളിപ്പോൾ ശൂന്യമാണ്.
ചാരനിറമുള്ള കഴുകന്മാർ
ഉണങ്ങിയ ഇലകളും,
ചുള്ളികളും കൊണ്ട്
മെനഞ്ഞ ഒരു കൂടും,
പൊഴിച്ചിട്ട തൂവലുകളും,
കാഷ്ഠപ്പുറ്റുകളും മാത്രം
അവിടെ അവശേഷിക്കുന്നു!
ആകാശം ശാന്തമാണെന്നാണ്
അന്നവൾ പറഞ്ഞതെങ്കിലും
എൻ്റെ പാതയിലെ
കരിയിലകളിലെല്ലാം
മേഘക്കെട്ടുകളിലെ തീ
പടർന്നു പിടിച്ചിരിക്കുന്നു.
കറുത്ത ഉടയാടകളണിഞ്ഞ്
കൈയകലത്തിലവൾ
നടക്കുന്നുണ്ടെങ്കിലും
മറ്റൊരു ധ്രുവത്തിൽ
നിന്നുമവളുടെ
പാദപതനശബ്ദം
ഞാൻ കേൾക്കുന്നു.
കിടപ്പറയുടെ ഏകാന്തതയിൽ
കാമതൃഷ്ണകളുടെ തൂവലുകൾ പൊഴിയുമ്പോൾ
ഇടിമിന്നലുകളുടെ
കൈകാലുകളുള്ള
ഒരുവനുമായ് അവൾ
ഇണചേരുന്ന ദു:സ്വപ്നം
രാത്രികളിൽ എൻ്റെ
ഉറക്കത്തെയും,
പകലുകളിൽ എൻ്റെ
ഉണർച്ചയെയും
കീറിമുറിക്കുന്നു.
എന്നോടുരിയാടാതെ
അധരങ്ങളിലവൾ സൂക്ഷിച്ച പ്രണയശീലുകൾ
മറ്റൊരു ഭൂഖണ്ഡത്തിലെ
രതിസീൽക്കാരങ്ങളോടൊത്ത് നൃത്തമാടുമ്പോൾ
കാലുകൾ തറഞ്ഞുപോയ
തുരുത്തിൻ്റെ വേരുകളറ്റുപോകുന്നു.
പിന്നെയത് കീഴ്മേൽ മറിയുന്നു!
മരിക്കാത്ത പ്രണയം
നിലയ്ക്കാതെ മിടിക്കുന്ന ഹൃദയത്തോടൊപ്പം ഞാനും
ജലത്തിന്റെ അഗാധതകളിൽ
അടക്കം ചെയ്യപ്പെടുന്നു…

സെഹ്‌റാൻ

By ivayana