ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

എന്തീലോക മിത്രമാത്ര-
മധപ്പതിച്ചെന്നോർക്കേയെ-
ന്നന്തരംഗത്തിങ്കൽ ദുഃഖ-
മലയടിപ്പൂ!
എങ്ങുമേ കാൺമാനില്ലൊരു
തെല്ലുപോലും മനുഷ്യത്വം
മങ്ങിയ ചിത്രങ്ങളല്ലോ
കാൺമൂനാം നിത്യം!
സത്യ,ധർമാദികൾ പാടേ
നടമാടീടാനായ് പണ്ടി-
ങ്ങെത്ര മഹാരഥൻമാർ ജീ-
വത്യാഗം ചെയ്തു!
ആയവരെയൊക്കെയും നാം
വിസ്മരിച്ചു പൊടുന്നനെ,
കായബലം കൊണ്ടു സർവം
നേടുകയല്ലീ!
ഏതു മാർഗ്ഗത്തിലൂടെയും
ഖ്യാതിപൂണ്ടുയർന്നു മന്നി-
ലേതിനെയുമപഹസി-
ച്ചിടുന്നു പിന്നെ!
കരൾ നൊന്തിങ്ങെത്രകണ്ടു
പാടിയാലുമതു കേൾക്കാൻ
ധരതന്നിലാരോരുമി-
ല്ലെന്നതേ സത്യം!
ചിലരുണ്ടു കവിവേഷ-
ധാരികൾ ചുണ്ടനക്കാതെ,
കലികാലത്തിന്നൊഴുക്കി-
നൊപ്പം നീന്തുവോർ!
അവർക്കൊന്നേയറിയാവൂ,
പാദസേവയതു മാത്രം
പറഞ്ഞിട്ടിന്നെന്തു കാര്യം,
പരമ കഷ്ടം!
എവിടെന്തു ലഭിക്കുന്നി-
തവിടൊക്കെ കണ്ണുംനട്ടു
ഭുവിയിങ്കൽ മറ്റുചില-
രുണ്ടു കാട്ടാളർ!
മനുഷ്യനെത്തേടിയല്ലോ,
നടപ്പുഞാൻ നാളുകളായ്
മനുഷ്യനെക്കണ്ടില്ലെങ്ങു-
മൊരാളെപ്പോലും!
വയനാട്ടി,ലുരുൾ പൊട്ടി
യായിരങ്ങൾ മരിച്ചാലെ-
ന്തവയൊന്നുമിവർക്കൊരു
പ്രശ്നമേയല്ല!
അധികാരത്തിൻ്റെ പിന്നി-
ലൊട്ടിനിന്നു മട്ടിലയ്യോ-
യേതു നീചകർമ്മവുമി-
വറ്റകൾ ചെയ്‌വൂ !
നാടു,പാടേ മുടിഞ്ഞാലും
വേദനയില്ലാത്തോർക്കുണ്ടോ,
നേടുന്നതെപ്പറ്റിത്തെല്ലു
സഹതാപങ്ങൾ?
ആസനത്തിലാലുകുരു-
ത്താലുമതു തണലെന്നേ,
കൂസലൊട്ടുമില്ലാതിവർ
നിനച്ചിടുള്ളൂ!
എന്തിവിടെ നേടിയാലും
നേടിയതെങ്ങനെയെന്നു
സന്തതം സുസൂക്ഷ്മമൊന്നു
നിരീക്ഷിക്കുവിൻ
ഒക്കെയും കണ്ടുകാണാതെ,
കാലമിന്നു കണ്ണുപൊത്തി
നിൽക്കുമ്പൊഴു,മൊന്നോർപ്പു നാം
നമ്മളെ സ്വയം.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *