ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

അജ്ഞതയാമൊരു കൂരിരുൾ പാതയിൽ
അക്ഷരദീപം തെളിച്ച ഗുരു
അജ്ഞതാദ്വീപിൽ രമിക്കുന്നയെന്നിലെ
ആ ക്ഷരമെന്നിൽ മറച്ചീടുന്നു.
ഈ ക്ഷിതിതന്നിലെൻ കണ്ണുതുറപ്പിച്ചു
അക്ഷയ ജ്ഞാനമുറപ്പിച്ചവൻ
ഭിക്ഷുകിയാമെന്റെ പാത്രം നിറച്ചവൻ
മോക്ഷത്തിലേയ്ക്കു പറന്നുയരാൻ.
തെളിയും വെളിവായ് വിളങ്ങി നിന്നീടാൻ
വിളവാം വിവരം കൊയ്തീടുവാൻ
ഇളതാം മാനസം പാകപ്പെടുത്തുവാൻ
തെളിയുന്നെന്നിൽ വെളിച്ചമിന്നും.
എന്നിലെയെന്നെ,കണ്ടറിഞ്ഞ ജ്യോതിസ്സെൻ
മിന്നും മനസാക്ഷിയായി തീർന്നു
അന്നമായാശയായ് ആനന്ദ ദീപ്തിയായ്
ആർദ്രത നൽകിയെന്നകതാരിൽ.
അതിരില്ലാമോഹമാ,മാ കാശംതോറും
പാറിപ്പറക്കുവാൻ കെൽപ്പേ കിയോൻ
കണ്ണുതുറപ്പിച്ചെന്നുൾക്കണ്ണു കാട്ടിയ
കാലത്തെ വെന്നും കതിരോനവൻ.
ഉണരാനുയരാൻ തന്നവനാവരം
വളരാൻ പാരിൽ പടർന്നീടുവാൻ
കരളുരുകി കരയാതിരിക്കുവാൻ
അരുളുനൽകി,യുയിരുമേകി.
താരാഗണങ്ങളെ ലക്ഷ്യമാക്കീടുവാൻ
താരകൾ പോലെ ജ്വലിച്ചീ ടുവാൻ
പ്രകാശരേണുവായ് പാരിലെ പതിതർ-
ക്കാകാശമാകുവാൻ മൊഴിഞ്ഞവൻ.
അരുമകൾക്കുള്ളിലറിവായ് നിറവായ്
ഊറുന്നയുറവപോലുയിരിൽ
പകലായ് നിലാവായ് പ്രകൃതി ശക്തിയായ്
പതിവായ് പുണ്യം വിളമ്പുന്നവൻ.

തോമസ് കാവാലം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *