ന്യൂയോർക്ക്: 52 വർഷം പൂർത്തീകരിച്ച അമേരിക്കയിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് 2024 വർഷത്തെ ഓണാഘോഷവും ഓണ സദ്യയും 7-ആം തീയതി ശനിയാഴ്ച അതിവിപുലമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ശനിയാഴ്ച രാവിലെ കൃത്യം 11 മണിക്ക് എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കത്തോലിക്ക കത്തീഡ്രലിൻറെ (1500 DePaul St, Elmont, NY 11003) ഗ്രൗണ്ടിൽ നിന്നും താലപ്പൊലിയുടെയും ചെണ്ടമേളത്തിൻറെയും മാവേലിമന്നൻറെയും അകമ്പടിയോടെ ഘോഷയാത്രയായി പുതിയ വിശാലമായ ഓഡിറ്റോറിയത്തിൽ പ്രവേശിച്ചുകൊണ്ട് ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നതാണ്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ, പ്രശസ്ത സിനിമാ സംവിധായകൻ ബ്ലെസ്സി, പത്തനംതിട്ട ജില്ലാ യു.ഡി.എഫ്. ചെയർമാനും കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറുമായ അഡ്വ. വർഗ്ഗീസ് മാമ്മൻ എന്നിവർ മുഖ്യാതിഥികളായി ഓണാഘോഷത്തിലും ഓണ സദ്യയിലും പങ്കെടുക്കും.

ഇന്ന് നാട്ടിൽ നിന്നും എത്തിയ സംവിധായകൻ ബ്ലെസ്സിക്കും അഡ്വ. വർഗ്ഗീസ് മാമ്മനും കേരളാ സമാജം മുൻ പ്രസിഡൻറ് കുഞ്ഞു മാലിയിലും മറ്റ് മലയാളീ സുഹൃത്തുക്കളും ചേർന്ന് ജെ.എഫ്.കെ എയർപോർട്ടിൽ വമ്പിച്ച സ്വീകരണം നൽകി. ശനിയാഴ്ച രാവിലേ തന്നെ മുഖ്യാതിഥികളായി ഓണാഘോഷ വേദിയിൽ എത്തിച്ചേരുന്ന ബ്ലെസ്സിയും വർഗീസ് മാമ്മനും ഘോഷയാത്രയിൽ പങ്കെടുത്ത് വേദിയിൽ പ്രവേശിക്കും.

“ചെണ്ടമേളത്തിൻറെ അകമ്പടിയോടെ മാവേലിത്തമ്പുരാൻറെ എഴുന്നള്ളത്തും അതേത്തുടർന്ന് തിരുവാതിര കളിയും ഓണപ്പാട്ടുമായി ആഘോഷത്തിന് തുടക്കം കുറിക്കും. ചുരുങ്ങിയ സമയത്തെ പൊതു സമ്മേളനത്തിന് ശേഷം ഏകദേശം ഒരു മണിയോടെ പതിനെട്ടുകൂട്ടം വിഭവങ്ങളോടെ സ്വാദിഷ്ടമായ ഓണ സദ്യ നൽകുന്നതിനാണ് ആഗ്രഹിക്കുന്നത്. അതോടോപ്പം തന്നെ പ്രശസ്ത ഗായകൻ ശബരീനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും, റിയായും ടീമും അവതരിപ്പിക്കുന്ന മനോഹരമായ ഡാൻസുകളും അരങ്ങേറും.” സമാജം ബോർഡ് ചെയർമാൻ സണ്ണി പണിക്കരും സെക്രട്ടറി സജി എബ്രഹാമും ട്രഷറർ വിനോദ് കേയാർക്കെയും സംയുക്തമായി പറഞ്ഞു.

“ഓഡിറ്റോറിയത്തിനുള്ളിൽ അതി മനോഹരമായ കേരളാ സാരികളുടെ പ്രദർശനവും വിൽപ്പനയും നടത്തുന്നതിനുള്ള സ്റ്റാളും, എല്ലാവർക്കും ഫോട്ടോ എടുക്കുന്നതിനുള്ള ഫോട്ടോബൂത്തും ക്രമീകരിക്കുന്നുണ്ട്. സാരി വാങ്ങുന്നവർക്ക് സൗജന്യമായി റാഫിൾ ടിക്കറ്റ് നൽകുന്നതും പിന്നീട് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേർക്ക് ഓരോ സെറ്റ് കേരളാ സാരികൾ സമ്മാനമായി നൽകുന്നതുമാണ്. അതിമനോഹര സാരികൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നതിനും നറുക്കെടുപ്പിലൂടെ സമ്മാനമായി ഓരോ സാരികൾ കൂടി ലഭിക്കുന്നതിനുമുള്ള സുവർണ്ണാവസരം എല്ലാവരും പ്രയോജനപ്പെടുത്തണം. ഓണത്തിൻറെയും കേരളത്തിൻറെ പ്രകൃതി മനോഹാരിതയുടെയും പശ്ചാത്തലത്തിൽ കുടുംബസമേതവും ഒറ്റയ്ക്കും ഫോട്ടോ എടുക്കുന്നതിനുള്ള അവസരവും ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്നതാണ്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.” പ്രഡിഡൻറ് സിബി ഡേവിഡ് പ്രസ്താവിച്ചു.

By ivayana