രചന : സുനിൽ പൂക്കോട് ✍
കുന്നുകളുടെ നാട്ടിൽ ..കാഞ്ഞിലേരിയിലെ അമ്മ വീട്ടിൽ ..ചോതാര കുന്നിന്റെ ചെരിവിലാണ് ജനിച്ചത് എന്നിട്ടും പൂർണമായ ആകാരത്തിൽ ഒരു കുന്ന് കാണാൻ കുഞ്ഞുനാളിൽ ഭാഗ്യമുണ്ടായിട്ടില്ല..
ഒരു കുന്നിനെ ശരിക്കും കാണണമെങ്കിൽ മറ്റൊരു കുന്നിന്റെ ഏറ്റവുംമുകളിലോട്ട് കയറണം അല്ലെങ്കിൽ കുന്നിന് ദൂരെയായി വിശാലമായ പാടം വേണം.. നിർഭാഗ്യത്തിന് കാഞ്ഞിലേരി തോട്ടിന്റെ ഇരുകരകളിലും ഉള്ളതോ മെലിഞ്ഞ് നീണ്ട നേന്ത്ര വാഴ തോട്ടം.. കുറച്ച് വെള്ളരിയും പയറും.. തെങ്ങും കവുങ്ങും നിറച്ച് കാഴ്ച മറച്ച കുന്നിൽ ചെരിവുകളും..
പണ്ട് പണ്ട് പോതിയോടത്തെ മുച്ചിലോട്ട് കാവിൽ നിന്ന് നോക്കിയാൽ ഒന്നര മൈൽ അപ്പുറത്തുള്ള കരേറ്റേ ടൗൺ വരെ കാണുമായിരുന്നു പോലും.. ഇന്നെല്ലാം കയ്യേറി കയ്യേറി കണ്ടം ചുരുങ്ങി,
അത്യാവശ്യത്തിന് ഭാവന നിറക്കാൻ പത്രങ്ങളിൽ വരുന്ന ചിത്രങ്ങളൾ മതിയെങ്കിലും അച്ചന്റെ നാട്ടിൽ പൂക്കോട്ടെ തൃക്കണ്ണാപുരത്ത് ആശ്വാസത്തിന് ഒരു കുന്നുണ്ട് ..കാരാളക്കുന്ന് ..കാരാള കിട്ടേട്ടന്റെ വീട്ടിന്റെ മുന്നിലെ വയലിൽ നിന്നും അതിനൊരു ദൂരകാഴ്ചയുണ്ട് ഉച്ചനേരത്ത് നീലപച്ചയിൽ നിന്ന് വൈകുന്നേരത്തോടെ പടിഞ്ഞാറെ സൂര്യൻ തട്ടി ചെമ്പനടിക്കുന്ന കാരാള ക്കുന്ന് അടുത്തോട്ട് ചെല്ലുന്തോറും വാഴ തോപ്പിലും തെങ്ങിൽ തോപ്പിലും മറഞ്ഞു പോകും
പൂക്കോട്ടും കാഞ്ഞിലേരിയും ആവേശത്തോടെ മാസത്തിൽ ഒരിക്കലെങ്കിലും പോക്ക് വരവ് നടത്തിപ്പോന കുഞ്ഞു നാളിൽ ബസ്സിലിരുന്ന് നിർമ്മലഗിരി യുടെ വിശാലതയിലേക്ക് തുറിച്ചു നോക്കും അവിടെയാണ് പ്രകൃതിക്ക് ഇത്തിരിയെങ്കിലും പരപ്പുള്ളത്
കിഴക്ക് കരിമ്പാറ പരപ്പിലെ കശുമാവിൻ കൂട്ടങ്ങൾക്ക് അപ്പുറം നീണ്ട് നിവർന്ന് നിർമലഗിരി കോളേജ് ബസിന്റെ കൂടെ ഇത്തിരി ദൂരം നീങ്ങി നീങ്ങി വരും.. പിന്നിൽ കൈതേരി ഭാഗത്തെ ചില മൊട്ടകുന്നുകൾ ഒരു തോനൽ പോലെ കാണാം
വിദൂരതയിലെ നീല മാമലകളുടെ നേർക്കാഴ്ച ഭ്രാന്താവേശമായി കൊണ്ടു നടന്ന കുട്ടിക്കാലം.. അന്ന് ഞാൻ മൂനിൽ പഠിക്കുമ്പോൾ അഞ്ചിൽ പഠിക്കുന്ന ചേച്ചിയും കൂടെ കാഞ്ഞിലേരി അമ്മ വീട്ടിൽ പാർക്കാൻ പോയതാണ് …ചെന്നപാടെ ചേച്ചിയെ നിർബന്ധിച്ച് കൂടെക്കൂട്ടി വീട്ടിന്റെ പിന്നിലെ ചോതാര കുന്നിന്റെ നെറുകെ ലക്ഷ്യമാക്കി വലിഞ്ഞു കയറി…
ചെങ്കുത്തായ ചെരിവിൽ കരേറ്റയിലെ കാദറാപ്ലക്ക് പാട്ടം കൊടുത്ത കൈതക്കാടുകൾ കൈത മുള്ളുകൾ വകഞ്ഞു മാറ്റി പിന്നെയും മുകളിലോട്ട് പോയാൽ മെത്ത കണക്കെ കരിയിലകൾ പൊഴിച്ചിട്ട കാട്ടുമരങ്ങൾ,. ആന നിന്നതു പോലെ തോനിക്കുന്ന കൂറ്റൻ കരിമ്പാറ കല്ലുകൾ കരിയിലമേലെ കാല് തെന്നിയും കാട്ട് വള്ളിയിൽ തൂങ്ങിയാടിയതും… എന്തേ ഞാൻ മറന്നു…
ഇന്നാൾ ഒരിക്കൽ ഏച്ചി “.. എടാ സുനീ കുറേയായി ചോദിക്കാൻ വെച്ചതാ.. നിനക്ക് ഓർമ്മയുണ്ടോ.. പണ്ട് നീ മൂനിലോ ഞാൻ അഞ്ചിലോ അന്ന് നീ നിർബന്ധിച്ച് നമ്മൾ രണ്ടാളും കൂടി കാഞ്ഞിലേരിയേ കുന്ന് കയറിയത്.. നീയിങ്ങനെ ഓരോന്ന് ഓർമ്മിച്ചെടുത്ത് വർക്കാറുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്… കുന്നിന്റെ മേലേന്ന് താഴെ നോക്കുമ്പോൾ താഴെ വേറൊരു കുന്നിൻ ചെരുവിൽ വളഞ്ഞ് പോകുന്ന നേരിയ റോഡും അതിലെ പോകുന്ന കുഞ്ഞ് ബസും കണ്ടത് ഓർക്കുന്നോ… അങ്ങ് ദൂരെ ദൂരെ ആ കുന്നിനും അപ്പുറത്ത് വേറെയും കുറേ നീലമലകൾ കണ്ടത് ഓർമ്മയുണ്ടോ … കുന്നിറക്കത്തിൽ നീ കരിയിലയിൽ തെന്നി താഴോട്ട് ഊരിയൊലിച്ചു പോയത് ഓർക്കുന്നോ.. അവസാനം വീട്ടിൽ തിരിച്ചെത്താൻ വൈകിയ കാരണം വിട്ടുകാർ പേടിച്ച് നിലവിളിച്ചതും മേലേ കാട്ടിലേക്ക് എല്ലാരും പരതി വന്നതും ?…
അതുശരി അപ്പോ വിദൂരതയിലെ നീലമാമലകളോടുള്ള പേക്രാന്തം കുഞ്ഞു വയസ്സിലേ തുടങ്ങിയതാണല്ലേ ..കാലപ്പഴക്കത്തിൽ മറഞ്ഞുപോയ ആ ഓർമ്മയെ ഞാൻ പൊടി തട്ടിയെടുത്തു…ആ..അ.. ചെറുതായി ഓർമ്മയിൽ വന്നു. കണ്ണിറുക്കി ചിരിച്ചോണ്ട് സംന്തോഷിച്ച് ഏച്ചി..
ക്ലാസ് ഏഴിൽ എത്തിയപ്പോഴാണ് ആ വേനലവധി മുഴുവൻ ഞാൻ കാഞ്ഞിലേരിയിൽ ചിലവഴിച്ചത്, ഉരുവച്ചാലിന് ഇപ്പുറെത്തെ വയലിന്റെ കരയിലുണ്ട് അമ്മമ്മയ്ക്ക് പതിനാല് സെന്റ് നേന്ത്രവാഴ തോട്ടം, വേനലിൽ ആഴ്ചയിൽ രണ്ട് നേരമെങ്കിലും ആവശ്യം വെള്ളമൊഴിക്കണം, ഇല്ലെങ്കിൽ വാഴയുടെ പീസ് പോകും ..തോടിന്റെ അക്കരെയുള്ള റോഡും കടന്ന് കുന്ന് കയറി ഇറങ്ങി വാഴതോട്ടത്തിലെത്താൻ അമ്മമ്മയ്ക് അര മണിക്കൂറിന്റെ ഒരു ഷോർട്കട്ടുണ്ട്.. ആരുടെയൊക്കെയോ വീട്ട് പറമ്പിലൂടെ വളഞ്ഞു പുളഞ്ഞും കോണി കയറിയും കുന്ന് കയറ്റം … ചൂരൽ വട്ടിയിൽ കത്ത്യാളും കൂടവുമേന്തി മുന്നേ നടക്കുന്ന അമ്മമ്മയുടെ പിറകേ പരവശനായ ഞാൻ .. കുന്നിന്റെ മേൽ പരപ്പിലെത്തിയതും പൊടുന്നനേ മുന്നിലെത്തിയ അതിശയകരമായ ആ കാഴ്ച്ചയിൽ…”അമ്മമ്മോ… അമ്മമ്മേ… അതെന്താ”…
ഇന്നേവരെ സങ്കൽപത്തിൽ ഇല്ലാത്ത തരം ഒരു രൂപത്തിൽ ..അധികമല്ലാത്ത ദൂരത്തിൽ ഭീമാകരനായ കരിങ്കൽ പാറക്കുന്ന്.. ” അതാണ് മോനേ ശേപുരത്തെ പാലാച്ചിപാറ ( ശിവപുരത്തെ പാല്കാച്ചിപാറ)… ” ശിവഭഗവാന് വേണ്ടി പാർവതീദേവി കാച്ചിയ പാല് കൊടുക്കാൻ അടുപ്പ് കൂട്ടിയ പാലാച്ചിപാറ.. അമ്മമ്മയിലെ കളങ്കമില്ലാത്ത ഭക്ത …” നീ കണ്ടോ അതിന്റെ അരികിലെല്ലാം പതച്ചപാല് ഒലിച്ചിറങ്ങിയതിന്റെ കല”…ഇത്രയും അതിമനോഹര ദൃശ്യം അടുത്തുണ്ടായിട്ടും എന്ത് കൊണ്ട് ഞാനിരുവരെ അറിഞ്ഞില്ല
നാട്ടിലെ സർവ്വ കുന്നുകളെയും പോലെ പാലാച്ചി പാറക്കും നിർഭാഗ്യവശാൽ നല്ല വ്യൂ പോയന്റ് ഇല്ലാതെ പോയി ..
ഇന്ന് രൂപത്തിൽ അറിയാതെ താഴെ വയൽ കയ്യേറി പണിത മണിമന്ദിരങ്ങൾ കിടയിലെ തെങ്ങിൻ തോപ്പുകൾക്ക് ഇടയിലൂടെയോ മലംചെരിവിലെ റബ്ബർ മരങ്ങൾക്ക് ഇടയിലൂടെയോ ആരെങ്കിലും പാലാച്ചി പാറയെ ഒരു നോക്ക് കണ്ടാലായി..
ഓർമ്മകളിൽ !